ഒമാനി കുന്തിരിക്കത്തിന് ഭൗമ സൂചിക പദവി
text_fieldsമസ്കത്ത്: ഒമാനി കുന്തിരിക്കത്തിന് ഭൗമ സൂചിക പദവി ലഭിച്ചു. ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയിൽ (വിപോ) ഇതു സംബന്ധിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഭൗമ സൂചിക പദവി, ഒമാന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുകയും ആഗോള വിപണിയിൽ കുന്തിരിക്കത്തിന് വിശ്വാസ്യത നൽകുകയും ആഗോള വിപണിയിൽ ഒമാനി കുന്തിരിക്കത്തിന്റെ തനിമയും ഗുണമേന്മയും നിയമപരമായി ഉറപ്പാക്കുകയും ചെയ്യും. . വ്യാജ ഉൽപന്നങ്ങൾ ‘ഒമാനി കുന്തിരിക്കം’ എന്ന പേരിൽ വിൽക്കുന്നത് തടയാനും ഒമാനിലെ തനത് ഉൽപാദകർക്ക് മെച്ചപ്പെട്ട വിപണി മൂല്യം ലഭിക്കാനും ഈ പദവി സഹായിക്കും. ലിസ്ബൺ കരാർ പ്രകാരം, അൻപതിലധികം രാജ്യങ്ങളിൽ ഒമാനി കുന്തിരിക്കത്തിന് നിയമപരമായ സുരക്ഷ ലഭിക്കും. പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടിയെടുക്കാൻ ഒമാന് കഴിയും. കുന്തിരിക്കം ഉപയോഗിച്ചുള്ള പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, മരുന്നുകൾ എന്നിവയുടെ നിർമ്മാണ മേഖലകളിൽ പുതിയ നിക്ഷേപങ്ങൾ വരാൻ ഇത് സഹായിക്കും. കൂടാതെ, ‘കുന്തിരിക്കത്തിന്റെ നാട്’ എന്ന നിലയിൽ ഒമാന്റെ ടൂറിസം മേഖലക്കും ഇത് ഗുണം ചെയ്യും. കുന്തിരിക്കം വിളവെടുക്കുന്നതിനുള്ള പരമ്പരാഗത രീതികളും അറിവുകളും സംരക്ഷിക്കാനും വരും തലമുറകളിലേക്ക് കൈമാറാനും ഈ ആഗോള അംഗീകാരം പ്രചോദനമാകും.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിലവാരമുള്ളതായി ഒമാനി കുന്തിരിക്കം (Omani Frankincense) കണക്കാക്കപ്പെടുന്നു. തെക്കൻ ഒമാനിലെ ദോഫാർ മേഖലയിൽ കാണപ്പെടുന്ന ബോസ്വെല്ലിയ സാക്ര എന്ന മരങ്ങളിൽ നിന്നാണ് ഇത് ശേഖരിക്കുന്നത്. ഗുണനിലവാരവും ഉത്ഭവസ്ഥലവും അനുസരിച്ച് ഒമാനി കുന്തിരിക്കത്തെ പ്രധാനമായും ഹൊജാരി, നജ്ദി, ഷസ്റി, ഷാബി എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുന്തിരിക്കമായി അറിയപ്പെടുന്നവയാണ് ഹൊജാരി. മനോഹരമായ പച്ചകലർന്ന വെളുത്ത നിറവും സിട്രസ് ഗന്ധവും ഇതിന്റെ പ്രത്യേകതയാണ്. ദോഫാർ മലനിരകൾക്ക് പിന്നിലെ പീഠഭൂമികളിൽ നിന്ന് ലഭിക്കുന്ന രണ്ടാമത്തെ മികച്ചയിനമാണ് നജ്ദി. ഇതിന് ഇളം മഞ്ഞ നിറമാണുള്ളത്. പടിഞ്ഞാറൻ ദോഫാറിൽ നിന്ന് ലഭിക്കുന്ന ഷസ്റി ഇനം നിറം കുറഞ്ഞതും സാധാരണ നിലവാരത്തിലുള്ളതുമാണ്. തീരപ്രദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഷാബി ഇനത്തിന് കടുത്ത നിറമാണുള്ളത്. ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങളുള്ളവയാണ് ഒമാനി കുന്തിരിക്കം. കുന്തിരിക്കത്തിൽ അടങ്ങിയിരിക്കുന്ന ബോസ്വെല്ലിക് ആസിഡുകൾ സന്ധിവാതം, ആസ്ത്മ തുടങ്ങിയ അസുഖങ്ങൾ കുറക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകളെ തടയാനും ഇവക്ക് കഴിവുണ്ട്. ചർമ്മത്തിലെ ചുളിവുകൾ കുറക്കാനും മുറിവുകൾ വേഗത്തിൽ ഉണങ്ങാനും കുന്തിരിക്കം ഉപയോഗിച്ചുള്ള എണ്ണകൾ സഹായിക്കുന്നു. ഇതിനെക്കാളുപരി, സവിശേഷമായ ഗന്ധമാണ് ഇവയുടെ പ്രത്യേകത. ഇതിന്റെ വിശിഷ്ട സുഗന്ധം സദസ്സുകളിലും മറ്റും പ്രിയങ്കരമാണ്.
ഒമാനി വീടുകളിൽ അതിഥികളെ സ്വീകരിക്കുന്നതിന്റെയും ശുചിത്വത്തിന്റെയും അടയാളമായി ഇപ്പോഴും കുന്തിരിക്കം പുകക്കാറുണ്ട്. മാനസിക സമ്മർദ്ദം കുറക്കാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കുന്നതിനാൽ ധ്യാനത്തിനും ആത്മീയ ചടങ്ങുകൾക്കും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. പുരാതന കാലം മുതൽ ഈജിപ്ത്, ചൈന, റോം തുടങ്ങിയ രാജ്യങ്ങളുമായി ഒമാൻ കുന്തിരിക്ക വ്യാപാരം നടത്തിയിരുന്നു.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ദോഫാറിലെ കുന്തിരിക്കം വിളയുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.


