ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല; ഒമാൻ പൗരന്മാരുടെ മോചനത്തിന് നീക്കം
text_fieldsമസ്കത്ത്: ഉപരോധത്താൽ വലയുന്ന ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട കപ്പൽ വ്യൂഹമായ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയിൽ അറസ്റ്റിലായ ഒമാൻ പൗരൻമാരുടെ മോചനത്തിന് നടപടികൾ ഊർജിതമാക്കി അധികൃതർ. ഫ്ലോട്ടില്ലയിൽ പങ്കെടുത്ത ഒമാനി പൗരനെ അറസ്റ്റ് ചെയ്തതിൽ ഒമാനി ലോയേഴ്സ് അസോസിയേഷൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. അവരെയും പങ്കെടുത്ത എല്ലാവരെയും ഉടൻ മോചിപ്പിക്കണമെന്നും പ്രസക്തമായ അന്താരാഷ്ട്ര കൺവെൻഷനുകൾക്കും ഉടമ്പടികൾക്കും അനുസൃതമായി അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.ഗസ്സ മുനമ്പിലെ സിവിലിയന്മാർക്കെതിരായ ആക്രമണങ്ങളും നിയമലംഘനങ്ങളും, ഫലസ്തീൻ ജനത നേരിടുന്ന തുടർച്ചയായ ഉപരോധവും ആക്രമണവും സംബന്ധിച്ച സംഭവവികാസങ്ങൾ പിന്തുടരുകയാണെന്നും അസോസിയേഷൻ അറിയിച്ചു.
‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’ക്ക് നേരെയുണ്ടായ ആക്രമണത്തിലും ഇസ്രായേൽ അധികാരികൾ അതിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിലും ഒമാൻ മനുഷ്യാവകാശ കമീഷനും ആശങ്ക പ്രകടിപ്പിച്ചു(ഒ.എച്ച്.ആർ.സി). ഇത് ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷന്റെ ലംഘനമാണ്.ഉപരോധം നീക്കുന്നതിനും മുനമ്പിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരുടെ നിരന്തരമായ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ഉത്തമ ശ്രമമാണ്. തുടർച്ചയായ ഇസ്രായേലി ആക്രമണങ്ങൾ മൗലികാവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിലെ വ്യവസ്ഥകളുടെയും ലംഘനമാണ്. തടവുകാരെ പൂർണമായി മോചിപ്പിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനും സൗകര്യമൊരുക്കണം. ഫ്ലോട്ടില്ലയിൽ പങ്കെടുക്കുന്ന ഒമാനി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ സ്വദേശത്തേക്ക് മടങ്ങുന്നതിനും സുൽത്താനേറ്റിലെ ഔദ്യോഗിക അധികാരികൾ നടത്തുന്ന ശ്രമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഒ.എച്ച്.ആർ.സി പറഞ്ഞു.
അറബ് നെറ്റ്വർക്ക് ഓഫ് നാഷനൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷനുകളുമായി കമീഷൻ ഏകീകൃത നിലപാട് ഏകോപിപ്പിക്കുന്നത് തുടരുന്നു. ഏകപക്ഷീയമായ തടങ്കലിൽവെക്കലിനുള്ള യു.എൻ വർക്കിങ് ഗ്രൂപ്, മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമ്മീഷണറുടെ ഓഫിസ് എന്നിവയുൾപ്പെടെ പ്രസക്തമായ യുഎൻ സംവിധാനങ്ങളെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് മനുഷ്യവകാശ കമീഷൻ പറഞ്ഞു.അതേസമയം, ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ പങ്കെടുക്കുന്ന ഒമാനി പൗരന്മാരുടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ മടക്കയാത്ര സുഗമമാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പൗരന്മാരുടെ സുരക്ഷയും അവരുടെ സുരക്ഷിതമായ മടക്കവും ഉറപ്പാക്കാൻ മന്ത്രാലയം പങ്കാളികളിലൂടെയും നെറ്റ്വർക്കുകളിലൂടെയും പ്രവർത്തിക്കുന്നു.അതേസമയം, കപ്പലിലെ എല്ലാ പങ്കാളികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അവർ ഒരു അപകടത്തിനും വിധേയരാകരുതെന്നും ആവശ്യപ്പെടുന്നു.നിയമപരവും മാനുഷികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും, അധിനിവേശ സേനയുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്താനും, മാനുഷിക സഹായം തടസ്സമില്ലാതെ ഗസ്സ മുനമ്പിൽ എത്താൻ അനുവദിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ഒമാൻ ആഹ്വാനം ചെയ്തു.