അവധിക്കാലത്തിന് വിട; പഠനം ആസ്വാദ്യകരമാവട്ടെ
text_fieldsവേനലവധിക്ക് ശേഷം ഒമാനിലെ സ്കൂളുകൾ തുറക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ആഗോളലോകത്ത് മത്സരിക്കുന്നതിന് ആർജവമുള്ള ധാർമികതയിൽ വേരൂന്നിയ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കുകയാണ്. വളരെ വേഗം ചലിക്കുന്ന ലോകം അസ്ഥിരവും അനിശ്ചിതവും സങ്കീർണവും ആയതിനാൽ അതിനെ മറികടക്കാൻ കഴിയുന്ന കൂടുതൽ ഫലപ്രദവും സുതാര്യവുമായ വിദ്യാഭ്യാസസമ്പ്രദായമാണ് നമുക്ക് ഉപകാരപ്പെടുക. പുതിയ തലമുറ അഥവാ ആൽഫ ജനറേഷൻ കുട്ടികളെ ലോകത്തോട് കിടപിടിക്കുന്നവരാക്കിമാറ്റാൻ അധ്യാപന-പഠന പ്രക്രിയകളിൽ മാറ്റം ആവശ്യമാണ്. അധ്യാപനം മഹത്തായ കലയും ശാസ്ത്രവുമാണ്. യോഗ്യതകളെക്കാൾ പ്രധാനം അതിലുള്ള ഗുണനിലവാരമാണ്. ആൽഫ ജനറേഷനിലുള്ള കുട്ടികളെ അവരുടെ ശാരീരിക-മാനസിക-വൈജ്ഞാനിക നിലവാരവും പ്രത്യേകതകളും മനസ്സിലാക്കി വേണം അധ്യാപനം നടത്താൻ. പഠനപ്രക്രിയ പൂർണമാകണമെങ്കിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളുടെ ജീവിതത്തിൽ ഉപയോഗപ്രദമാകണം.
കണ്ടും കേട്ടും പഠിക്കുന്നതിനെക്കാൾ മനസ്സിൽ തങ്ങിനിൽക്കുന്നത് അനുഭവങ്ങളിലൂടെ പഠിക്കുമ്പോഴാണ്. അത്തരം അനുഭവങ്ങൾ ക്ലാസ്മുറികളിലോ അതിനുപുറത്തോ ഉണ്ടാക്കിയെടുക്കുന്നതിൽ അധ്യാപകർ ജാഗ്രത കാണിക്കണം. വിദ്യാർഥികൾക്ക് മാത്രമല്ല അനുഭവങ്ങൾ ഉണ്ടാകേണ്ടത്. അധ്യാപകരും തങ്ങളുടെ അനുഭവങ്ങൾ ഉപയോഗപ്പെടുത്തി സ്വയം മാറ്റങ്ങൾ വരുത്താൻ ശ്രമിക്കണം. ആൽഫ ജനറേഷൻ കുട്ടികളുടെ പഠനസങ്കൽപങ്ങളും അവരുടെ ലോകത്തോടുള്ള കാഴ്ചപ്പാടുകളും ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള കഴിവുകളുമൊക്കെ മനസ്സിലാക്കുകയും അവരിൽ ഒരാളായി മാറുകയും ചെയ്യേണ്ടതുണ്ട്. ഭീഷണിപ്പെടുത്തി പഠിപ്പിക്കുന്ന രീതി ഒരുതരത്തിലും ഗുണകരമല്ല. ഇന്നത്തെ സാഹചര്യത്തിൽ അതിന് കഴിയുകയുമില്ല. അതുകൊണ്ട് കുട്ടികളിലേക്കിറങ്ങി അവരുടെ അനുഭവങ്ങളും നമ്മുടെ അനുഭവസമ്പത്തും പ്രയോജനപ്പെടുത്തിയുള്ള പഠനപ്രക്രിയയേ ഉപയോഗപ്പെടൂ.
വർഷങ്ങൾക്ക് മുമ്പുള്ള പാരന്റിങ് ആണ് ഇന്നും ശരിയെന്ന ചിന്താഗതി വിഡ്ഢിത്തമാണ്. കുട്ടികളല്ല മാറിയത് അവരുടെ സാഹചര്യങ്ങളാണ്. അന്ന് സമൂഹമാധ്യമങ്ങളില്ല. ഇന്ന് കുട്ടികളുടെ കൈവെള്ളയിലാണ് ലോകം. അന്നത്തെ ‘അനുസരണ’ എന്ന് നമ്മളിന്ന് പറയുന്നത് വിവരമില്ലായ്മയാണ്. പുതിയ സാഹചര്യങ്ങളും പരിതഃസ്ഥിതിയുമെല്ലാം കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. പല രക്ഷിതാക്കളും അതിന് ശ്രമിക്കുന്നില്ല. ഒട്ടുമിക്ക കാര്യങ്ങളിൽനിന്നും കുട്ടികളെ ഒളിച്ചും മറച്ചും വളർത്തുകയാണ്. നമുക്ക് ചുറ്റും സംഭവിക്കുന്നതെല്ലാം, നന്മയും തിന്മയുമെല്ലാം അവരറിയണം. ചർച്ച ചെയ്യണം. കുടുംബങ്ങളിൽ തുറന്ന ചർച്ചകളുണ്ടാകണം. കുട്ടികളെ കുട്ടികളായി മാത്രം സമീപിക്കാതെ കൂട്ടുകാരായി കാണണം. അതിനുള്ള സാഹചര്യം വീട്ടകത്തുണ്ടാക്കണം. അവരുടെ വിശ്വാസ്യത നേടണം. ഒന്നോ രണ്ടോ ദിവസം കൊണ്ട് ആർജിക്കാവുന്നതല്ല കുട്ടികളിലെ വിശ്വാസം. ചെറുപ്പം മുതൽ അവരെ കേൾക്കാനും ശ്രദ്ധിക്കാനും നാം സമയം കണ്ടെത്തേണ്ടതുണ്ട്. കുഞ്ഞുകാര്യങ്ങൾക്ക് വളരെ പ്രാധാന്യം നൽകണം. കാലക്രമേണ വലുതാകുമ്പോൾ വലിയ കാര്യങ്ങളും അവർ രക്ഷിതാക്കളോട് ചർച്ച ചെയ്യും.