ഓണത്തിന് പ്രവാസികൾക്ക് കോളടിക്കും ! ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് വീണ്ടുമുയർന്നു
text_fieldsമസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗൾഫ് നാടുകളിലെ പ്രവാസികൾക്ക് നേട്ടം. ഒമാനി റിയാലിന് പുറമെ, യു.എ.ഇ ദിർഹം, സൗദി റിയാൽ, ബഹ്റൈൻ ദീനാർ, കുവൈത്ത് ദീനാർ, ഖത്തർ റിയാൽ എന്നിവയുടെയും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി. അന്താരാഷ്ട്ര മാർക്കറ്റിൽ ഡോളറിനെ ആശ്രയിച്ചാണ് ഗൾഫ് കറൻസികൾ നിലനിൽക്കുന്നത് എന്നതിനാൽ ഡോളറിനുണ്ടാവുന്ന നേട്ടം ഗൾഫ് കറൻസികളുടെ വിനിമയത്തെയും ഗുണകരമായി ബാധിക്കും. ഒരു ഒമാനി റിയാലിന് 250.60 രൂപയാണ് ബുധനാഴ്ച ഒമാനിലെ എക്സ്ചേഞ്ചുകൾ നൽകുന്ന ഏകീകൃത നിരക്ക്. ബാങ്കുകളുടെയും മറ്റും സർവിസ് ചാർജുകളും മറ്റും ഈ തുകയിൽ നേരിയ മാറ്റം വരുത്തിയേക്കാം. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് ഓണക്കാലം കണക്കാക്കി നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഗുണകരമാവും. കഴിഞ്ഞ മേയ് 20ന് 251 രൂപക്ക് മുകളിൽ വിനിമയ നിരക്കുയർന്നിരുന്നു.
ഹുർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകളുടെ യാത്രാ പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബുധനാഴ്ച കുതിച്ചു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 96.57 ലെത്തി. ഇന്ത്യൻ ഓഹരി വിപണിയിൽനിന്നുള്ള നിക്ഷേപകരുടെ പിന്മാറ്റവും കുടിയായതോടെയാണ് രൂപയുടെ മൂല്യം താഴ്ന്നത്. ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോഴേ രൂപ സമ്മർദത്തിലായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് അമേരിക്കൻ ഡോളർ 94ന് മുകളിലേക്കുയർന്നു.
ഈ വർഷം ഇതുവരെ 7.50 ശതമാനത്തോളം മൂല്യശോഷണമാണ് രൂപക്ക് സംഭവിച്ചത്. രൂപയുടെ മൂല്യമിടിയുന്നത് ഇന്ത്യയിൽ വിലക്കയറ്റത്തിന് വഴിവെക്കും. പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഫോറക്സ് മാർക്കറ്റിൽ ഭാരതീയ റിസർവ് ബാങ്കിന്റെ ഇടപെടൽ ശക്തമാവുന്നില്ലെന്നതും കണക്കിലെടുത്താൽ, രൂപയുടെ ചാഞ്ചാട്ടം തുടരുമെന്ന് സാമ്പത്തിക വിദഗ്ദനായ അഡ്വ. മധുസൂദനനൻ അഭിപ്രായപ്പെട്ടു.


