ബൗഷർ ക്ലബ് സ്റ്റേഡിയം എത്ര നനച്ചിട്ടാലും ഇന്ന് പൊടിപാറും; സോക്കർ കാർണിവലിന് ഇന്ന് കിക്കോഫ്
text_fieldsസി.കെ. വിനീത്, പെപെ, ഡെയിൻ ഡേവിസ്
മസ്കത്ത്: മസ്കത്തിലെ കലാകായിക പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഗൾഫ് മാധ്യമം’ സോക്കർകാർണിവലിന്റെ രണ്ടാമത് പതിപ്പിന് വ്യാഴാഴ്ച ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ തുടക്കമാകും.
രണ്ട് ദിവസങ്ങളിലായി ഫുട്ബാളും വിനോദ പരിപാടികളും സയോജിപ്പിച്ച് നടക്കുന്ന കാർണിവലിന്റെ ഒരുക്കങ്ങൾ പൂർത്തതിയായതായി സംഘാടകർ അറിയിച്ചു.
മസ്കത്ത് ഇന്നേവരെ കണ്ടിട്ടില്ലാത്ത സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ യുനൈറ്റഡ് കേരള എഫ്.സി, സോക്കർ ഫാൻസ് എഫ്.സി, മഞ്ഞപ്പട എഫ്.സി, ഡൈനാമോസ് എഫ്.സി, മർജാൻ ഫോൺസ് (ഫിഫ മൊബേല എഫ്.സി), മസ്കത്ത് ഹമ്മേഴ്സ് എഫ്.സി, ടോപ്ടെൻ ബർക്ക എഫ്.സി, ൈസനോ എഫ്.സി സീബ്, റിയലക്സ് എഫ്.സി, യുനൈറ്റഡ് കാർഗോ എഫ്.സി, നെസ്റ്റോ എഫ്.സി, പ്രേസോൺ എഫ്.സി( കുമിൻ കാറ്ററിങ്), എൻ.ടി.എസ് എഫ്.സി, ഗ്ലോബൽ എഫ്.സി എന്നീ ടീമുകളാണ് മാറ്റുരക്കുക.
ആദ്യദിനം രാത്രി പത്ത് മണിക്കാണ് മത്സരങ്ങൾ തുടങ്ങുക. ഗ്രൂപ് സ്റ്റേജ് മത്സരങ്ങളാണ് ഈ ദിവസം നടക്കുക. ക്വാർട്ടർ മുതൽ ഫൈനൽ വരെയുള്ള മത്സരം വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ തുടങ്ങും. വിജയികൾക്ക് 600റിയാലും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 250റിയാലും റണേഴ്സ് ട്രോഫിയും നൽകും. മൂന്നാം സ്ഥാനകാർക്ക് 100 റിയാലും ഫസ്റ്റ് റണറപ്പ് ട്രോഫിയും കൈമാറും. കൂടാതെ മികച്ച കളിക്കാർക്കും മറ്റും പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിക്കും. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷനുമായി (കെ. എം.എഫ്.എ) സഹകരിച്ചാണ് ഫുട്ബാൾ കാർണിവൽ നടത്തുന്നത്. പ്രവേശനം സൗജന്യമാണ്.
‘സോക്കർ കാർണിവൽ’ലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത്, മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ പെപെ എന്ന ആന്റണി വർഗീസ്, കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഡെയിൻ ഡേവിസ് എന്നിവരാണ് എത്തുന്നത്
വെള്ളിയാഴ്ചയാണ് കുട്ടികൾക്കും സ്ത്രീകൾക്കും ആസ്വദിക്കാവുന്ന പരിപാടികൾ ഒരുക്കിയിട്ടുള്ളത്. സന്ദർശകർക്കായി രുചി വൈവിധ്യങ്ങളുടെ ലോകമാന് ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ തുറന്നിട്ടിരിക്കുന്നത്. മലബാർ വിഭവങ്ങൾക്കൊപ്പം കേരളത്തിന്റെ തനത് വിഭവങ്ങൾക്കായി പ്രത്യേക ഇടങ്ങളുമുണ്ടാകും. ഒപ്പം രാജ്യത്തെ പ്രമുഖ റസ്റ്റാറന്റുകൾ ഒരുക്കുന്ന ലൈവ് കൗണ്ടറിൽ നിന്നും കാണികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങാനും കഴിയും.
ഭക്ഷണ പ്രേമികളുടെ മനം കവരുന്ന തരത്തിലുള്ള ഇനങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, വിവിധ തരം ചോക്ലേറ്റുകൾ, ഫാൻസി ഐറ്റംസുകൾ, മിഠായികൾ, മെഹന്തി എന്നിവയും കാർണിവലിന്റെ ആകർഷകമായുണ്ടാകും.
കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദ പരിപാടികളും മത്സരങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ വിജയികളാകുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളും നേടാനാകും.
കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്റിങ്, ഷൂട്ടൗട്ട്, മറ്റു മത്സരങ്ങളും നടക്കും. സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളാക്കിയുള്ള വിവിധങ്ങളായ കലാപ്രകടനങ്ങളും നടക്കും.നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് , ബദർ അൽ സമ, ലുലു എക്സ്ചേഞ്ച് എന്നിവരാണ് സോക്കർ കാർണിവലിന്റെ മുഖ്യ പ്രായോജകർ. . ഇന്റലിജന്റ് ഇവന്റ് ആണ് ഇവന്റ് കോഓഡിനേഷൻ നിർവഹിക്കുന്നത്.
ആവേശം പകരാൻ ഇത്തവണയും റാഷിദ്
മസ്കത്ത്: ഗൾഫ് മാധ്യമം സോക്കർ കാർണിവലിൽ ആവേശം പകരാൻ ഇത്തവണയും മലപ്പുറം സ്വദേശിയായ റാഷിദ് കോട്ടക്കൽ എത്തും. കഴിഞ്ഞ വർഷത്തെ റാഷിന്റെ അനൗൺസ്മെന്റുകൾ കളിക്കാരെയും പ്രവാസികളെയും മലബാറിലെ സെവൻസ് കളിമുറ്റങ്ങളലേക്ക് വീണ്ടും കൂട്ടികൊണ്ടുപോകുന്നതായിരുന്നു.
മലപ്പുറത്തെ സെവൻസ് മൈതാനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഈ ചെറുപ്പക്കാരൻ. കുട്ടിക്കാലംതൊട്ടേ അനൗൺസ്മെന്റിന് താൽപര്യമുണ്ടായിരുന്ന ഇദ്ദേഹം പത്താം ക്ലാസ് മുതലാണ് ഈ രംഗത്ത് എത്തിയത്. 17 വർഷമായി പരസ്യ-അനൗൺസ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന റാഷിദിന് വിദേശത്തേക്കുള്ള ആദ്യ യാത്ര കൂടിയായിരുന്നു കഴിഞ്ഞ വർഷത്തേത്.
റാഷിദ് കോട്ടക്കൽ
ഫുട്ബാളിനെ നെഞ്ചേറ്റുന്ന ഒരുപാട് പ്രവാസികൾ ഒമാനിൽ ഉണ്ടെന്ന് അറിഞ്ഞത് സന്തോഷം നൽകുന്ന കാര്യമായിരുന്നുവെന്നും ഈ വർഷം കൂടുതൽ മികവോടെ നടത്തുന്ന പരിപാടികളിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുലൈമാൻ-ഇയാത്തുമ്മ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തവനാണ് റാഷിദ്.