ജീവിത സായാഹ്നത്തിൽ കൈത്താങ്ങാകാൻ ഇതാ ഒരു പദ്ധതി
text_fieldsഭാരത സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ആവിഷ്ക്കരിച്ചു നടപ്പാക്കിയിരിക്കുന്ന പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഭാരത സർക്കാർ ഒരു മിനിമം പെൻഷൻ ഉറപ്പു നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ പദ്ധതിയിൽ ചേരാനുള്ള പ്രായം 18-40 വയസ്സിനും ഇടക്കുള്ളവരാണ്. ഇപ്പോൾ ആദായനികുതി ദായകർക്കു അംഗങ്ങൾ ആകാൻ കഴിയുകയില്ല. ഈ വ്യവസ്ഥകൾക്ക് വിധേയമായി പ്രവാസികൾക്കും അംഗങ്ങൾ ആകാം .
പ്രത്യേകതകൾ
മിനിമം പെൻഷൻ ഉറപ്പു നൽകുന്നു എന്നതാണ് ഇതിന്റെ സവിശേഷത. മാസ മിനിമം പെൻഷൻ 1000, 2000, 3000, 4000, 5000 എന്നീ അഞ്ചു വിഭാഗങ്ങൾ ആണ് ഉള്ളത്. തെരഞ്ഞെടുക്കുന്ന പെൻഷൻ അനുസരിച്ചു അടക്കേണ്ട തുക വ്യത്യാസം വരും. ഉദാഹണരമായി 18 വയസ്സിൽ ചേരുന്ന ആൾ മാസ പെൻഷൻ 3000, 4000, 5000 എന്നീ തുകക്ക് യഥാക്രമം വരി സംഖ്യ മാസം 126, 168, 210 രൂപ എന്ന നിരക്കിൽ അടക്കണം. 40 വയം ആണെങ്കിൽ ഇത് 873, 1164, 1454 എന്ന ക്രമത്തിൽ ആയിരിക്കും. ഇത് ത്രൈമാസമായും, അർധവാർഷികമായും അടക്കാവുന്നതും ആണ് . മിനിമം ഗ്യാരന്റീഡ് പെൻഷൻ ആണ് മുകളിൽ പറഞ്ഞിരിക്കുന്നത് . ഇതിൽ കൂടുതൽ കിട്ടാനുള്ള സാധ്യതയും ഉണ്ട്. കുറവാണെങ്കിൽ ബാക്കി തുക ഭാരതസർക്കാർ തരും.
ആനുകൂല്യം
അംഗം 60 വയസ് ആകുമ്പോൾ തിരഞ്ഞെടുത്ത പെൻഷൻ കിട്ടി തുടങ്ങും. ആജീവനാന്ത പെൻഷൻ ആണ്. അംഗം മരണപ്പെടുമ്പോൾ, ഭാര്യ, ഭർത്താവ് മേൽപറഞ്ഞ തുക കിട്ടും. രണ്ടുപേരും മരണപ്പെടുമ്പോൾ അവകാശിക്കു ഒന്നും, രുണ്ടും, മൂന്നും ,നാലും ,അഞ്ചും വിഭാഗങ്ങളിൽ യഥാക്രമം 1.7 ലക്ഷം 3.4ലക്ഷം 5.1 ലക്ഷം 6.8 ലക്ഷം 8.5 ലക്ഷം എന്നിങ്ങനെ തുക ലഭിക്കുന്നു. ഇത്രയധികം ആനുകൂല്യം കിട്ടുന്ന പദ്ധതി വേറെ ഉണ്ടോ എന്ന് സംശയമാണ്.
എങ്ങനെ അംഗമാകാം
മേൽപറഞ്ഞ പ്രായ പരിധിയിൽ ഉള്ളവർ നാട്ടിലെ ബാങ്കിൽ അല്ലെങ്കിൽ പോസ്റ്റ് ഓഫിസിൽ ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് വേണം. വളരെ ലളിതമായി അക്കൗണ്ട് തുടങ്ങാം. ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫിസുകളിലും തിരഞ്ഞെടുത്ത ബാങ്കുകളിലും ഇതിനുള്ള സൗകര്യം ഉണ്ട്. ഓൺലൈൻ സൗകര്യവും
(https://enps.nps-proteantech.in/eNPS/ApySubRegistration.html) അതേപോലെ മൊബൈൽ ആപ്ലിക്കേഷൻ വഴിയും അംഗങ്ങൾ ആകാം. തിരിച്ചറിയലിനു ആധാർ കാർഡ്, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ ആവശ്യമാണ്. നിങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്നും നിങ്ങൾ അധികാരപ്പെടുത്തിയതുപോലെ മാസം /ത്രൈമാസം /അർധവാഷികം എന്നിങ്ങനെ ഓട്ടോമാറ്റിക് ആയി വരിസംഖ്യ ഈടാക്കും. അക്കൗണ്ടിൽ പണം കരുതണം എന്ന് മാത്രം. താമസിച്ചു അടക്കുന്നതിന് പിഴ അടക്കണം.
അക്കൗണ്ട് തുടങ്ങുന്ന മുറക്ക് നിങ്ങൾക്കൊരു പെൻഷൻ റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ തരും. നിങ്ങൾ അടച്ച തുകയും മറ്റു വിവരങ്ങളും ഓൺലൈൻ ആയി അല്ലെങ്കിൽ മൊബൈൽ അപ്ലിക്കേഷൻ വഴി കാണാൻ/ഡൗൺലോഡ് ചെയ്യാൻ പറ്റും . ഇലക്ട്രോണിക് പ്രാൺ കാർഡ് നിങ്ങൾക്ക് ഡിജി ലോക്കറിൽ സൂക്ഷിക്കാം.
പെൻഷൻ തുക നേരത്തെ തിരഞ്ഞെടുത്തത് കൂട്ടാനും കുറക്കാനും ഉള്ള സംവിധാനം ഉണ്ട്. കൂടുമ്പോൾ അധിക തുക പ്രായം അനുസരിച്ചു കൂടും. ബാക്കി അടക്കുകയും വേണം. പദ്ധതി വേണ്ടെന്നു വച്ചാൽ അടച്ച തുക തിരികെ തരും. PFRDA പി.എഫ്.ആർ.ഡി.എ അംഗീകരിച്ച പെൻഷൻ ഫണ്ടുകൾ ആണ് നിങ്ങളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്നത്. താരതമ്യേന ചെറിയ ചാർജുകൾ അവർ ഈടാക്കുന്നുണ്ട് .
സമൂഹത്തിന്റെ താഴെ തട്ടിൽ ഉള്ളവരെ ഉദ്ദേശിച്ചുള്ള ഒരു സാമൂഹ്യ സുരക്ഷ പദ്ധതി ആണിത്. അതുകൊണ്ടുതന്നെ ആദായ നികുതി കൊടുക്കുന്നവർക്ക് ഈ പദ്ധതിയിൽ ചേരാൻ പറ്റില്ല എന്നൊരു ന്യൂനതയുണ്ട്. ചെറിയ പ്രായത്തിൽ ചേരുമ്പോൾ തുച്ഛമായ തുകയാണ് വരി സംഖ്യ അടക്കുന്നത്. മുകളിൽ പറഞ്ഞത് മിനിമം പെൻഷൻ ആണ്. കൂടുതൽ കിട്ടാൻ സാധ്യതയുണ്ട്. ചെറിയ ഒരു തുകയെങ്കിലും വാർധക്യ കാലത്തു നിങ്ങൾക്കും അതിനു ശേഷം നിങ്ങളുടെ പങ്കാളിക്കും കിട്ടുമെന്നതുകൊണ്ടും, രണ്ടുപേരുടെയും കാല ശേഷം തരക്കേടില്ലാത്ത ഒരു തുക (നിലവിൽ 8.5 ലക്ഷo വരെ ) നിങ്ങളുടെ അവകാശിക്കു കിട്ടുന്നതുകൊണ്ടു നിങ്ങളെ അവർ നോക്കിക്കോളും എന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ബാങ്കിനെയോ അല്ലെങ്കിൽ PFRDA വെബ്സൈറ്റോ സന്ദർശിക്കുക.
(തുടരും )
(ലേഖകൻ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ് )