രൂപയുടെ വിലത്തകർച്ചയും ആർ.ബി.ഐ പലിശനിരക്ക് കുറച്ചതും പ്രവാസികൾ എങ്ങനെ പ്രയോജനപ്പെടുത്തണം?
text_fields‘മാസം തോറും അടക്കേണ്ട നിശ്ചിത തുകയിൽ കൂടുതൽ അടക്കാൻ പാടില്ല എന്നൊരു ധാരണ പലർക്കും ഉണ്ട്. ഇത് തികച്ചും തെറ്റാണ്. ഇ.എം.ഐ നോക്കാതെ, നിങ്ങളുടെ കൈയിലുള്ള പരമാവധി തുക ലോൺ അക്കൗണ്ടിലേക്ക് അടക്കുക. എത്ര തവണ വേണമെങ്കിലും ഇത് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പലിശ ഭാരം കുറഞ്ഞുവരുകയും നിങ്ങൾ അധികം അടക്കുന്ന തുക വായ്പയുടെ പ്രിൻസിപ്പൽ തുകയിൽനിന്ന് കുറയുകയും ചെയ്യുന്നു’.
ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ രൂപ ഒരു അമേരിക്കൻ ഡോളറിന് 90 ന് മുകളിൽ വ്യാപാരം നടക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഈ വർഷം അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ 4.7 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മറ്റ് ഏഷ്യൻ കറൻസികളെ അപേക്ഷിച്ച് കൂടുതലാണ്. ദേശീയയും അന്തർദേശീയവുമായ നിരവധി കാരണങ്ങൾ ഈ വിലക്കുറവിന് കാരണമായിട്ടുണ്ട്. എന്തൊക്കെയായാലും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും ആശ്വാസം പകരുന്ന ഒരു സംഗതി തന്നെ ആണ്. കാരണം ഒമാനിൽ ഇൗ വർഷം ആദ്യം ഒരു ഒമാനി റിയാലിന് 222 രൂപ ആയിരുന്നത് ഇന്ന് 234 ന് മുകളിൽ ആണ്. അതായത് ഒരു 300 റിയാൽ അയക്കുന്ന ഒരു പ്രവാസിക്ക് 3600 രൂപ അധികം കിട്ടുന്നു എന്നർഥം.
നേരത്തെ കടബാധ്യതകൾ തീർക്കുക
ഒരു ഇടത്തരം പ്രവാസിയെ സംബന്ധിച്ചിടത്തോളം നാട്ടിൽ ഭവനവായ്പ ഉൾപ്പെടെയുള്ള ധാരാളം കടബാധ്യതകൾ ഉണ്ടാകും. ഇവിടത്തെ ജോലി സ്ഥിരത കണക്കിലെടുത്ത്, പ്രവാസികൾ എത്രയും പെട്ടെന്ന് കടബാധ്യതകൾ തീർത്ത് അവരുടെ വസ്തുവിന്റെ പ്രമാണം ബാങ്കിൽ നിന്നോ അല്ലെങ്കിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ തിരികെ എടുക്കണം. അധികം ലഭിക്കുന്ന തുക, മറ്റ് ആവശ്യങ്ങൾക്ക് ചെലവാക്കാതെ നിങ്ങളുടെ ബാധ്യതകൾ തീർക്കാൻ ശ്രമിക്കുക. ഇത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും നിർബന്ധമായും ചെയ്യുക.
ലോൺ അടവിനെപ്പറ്റിയുള്ള തെറ്റിദ്ധാരണ
ഉയർന്നവിദ്യാഭ്യാസം ഉള്ള ആൾക്കാരിൽ ഉൾപ്പെടെ ലോൺ തിരിച്ചടവിനെപ്പറ്റി തെറ്റിദ്ധാരണയുള്ള കാര്യം എനിക്ക് നേരിട്ട് അറിയാം. പ്രത്യേകിച്ചും ഇ.എം.ഐയെപ്പറ്റി. ലോൺ എടുക്കുമ്പോൾ അന്നത്തെ പലിശ നിരക്ക് കണക്കാക്കിയാണ് ഇ.എം.ഐ നിശ്ചയിക്കുന്നത്. സാധാരണഗതിയിൽ ഇതിന് മാറ്റം വരാറില്ല. എന്നാൽ പലിശ നിരക്കുകളിൽ മാറ്റം വരുമ്പോൾ ഈ മാസം തോറും അടക്കേണ്ട തുകക്ക് വ്യതാസം വരും. അത് ബാങ്കുകൾ പലപ്പോഴും ലോണെടുത്തയാളെ അറിയിക്കാറുണ്ട്. മാസം തോറും അടക്കേണ്ട നിശ്ചിത തുകയിൽ കൂടുതൽ അടക്കാൻ പാടില്ല എന്നൊരു ധാരണ പലർക്കും ഉണ്ട്. ഇത് തികച്ചും തെറ്റാണ്. ഇ.എം.ഐ നോക്കാതെ, നിങ്ങളുടെ കൈയിലുള്ള പരമാവധി തുക ലോൺ അക്കൗണ്ടിലേക്ക് അടക്കുക. എത്ര തവണ വേണമെങ്കിലും ഇത് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പലിശ ഭാരം കുറഞ്ഞുവരുകയും നിങ്ങൾ അധികം അടക്കുന്ന തുക വായ്പയുടെ പ്രിൻസിപ്പൽ തുകയിൽനിന്ന് കുറയുകയും ചെയ്യുന്നു. ഉദാഹരണമായി നിങ്ങൾ 10,000 രൂപ അടക്കുമ്പോൾ 9000 രൂപ പലിശക്കും 1000 രൂപ മുതലിലേക്കും പോകുന്നു എന്ന് കരുതുക. നിങ്ങൾ 15000 അടക്കുമ്പോൾ 9000 പലിശക്കും ബാക്കി 6000 മുതലിലേക്കും പോകുന്നു. അപ്പോൾ നിങ്ങളുടെ പലിശഭാരം കുറയുകയും നിങ്ങൾ അടക്കുന്ന തുക കൂടുതൽ മുതലിൽ കുറവ് ചെയ്യുന്നു. അതുകൊണ്ടുതന്നെ ലോൺ നേരത്തെ അടച്ചു തീർക്കാനും കഴിയുന്നു. ബാങ്കുകൾ നിങ്ങളുടെ വായ്പക്ക് ദിവസനിരക്കിൽ ആണ് പലിശ കണക്കുകൂട്ടുന്നത് എന്നുള്ള കാര്യം മനസ്സിലാക്കുക.
ആർ.ബി.ഐ പലിശനിരക്കിൽ മാറ്റം വരുത്തിയത് എങ്ങനെ ബാധിക്കും?
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആർ.ബി.ഐ പലിശനിരക്കിൽ 0.25 ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. ഇത് ഭവനവായ്പ, വാഹനവായ്പ തുടങ്ങിയ വായ്പകളുടെ തിരിച്ചടവ് ഭാരം കുറക്കും. കുറഞ്ഞ മാസഅടവ് ബാങ്കുകൾ അറിയിക്കും. നേരത്തെ പറഞ്ഞതുപോലെ, കുറഞ്ഞ തിരിച്ചടവ് സ്വീകരിക്കാതെ പഴയതുപോലെയുള്ള തുകയോ അല്ലെങ്കിൽ അതിൽ കൂടുതലോ മാസം തോറും അടക്കുക. പക്ഷെ ഇങ്ങനെയുള്ള കുറവ് നിങ്ങൾക്ക് കിട്ടി എന്നത് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കണം. ഇന്ന് മിക്കവാറും എല്ലാവർക്കും ഓൺലൈൻ ബാങ്കിങ് സൗകര്യം ഉണ്ടല്ലോ. അതുകൊണ്ട് നിങ്ങൾക്ക് ഇത് പരിശോധിക്കാൻ എളുപ്പമാണ്.
നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും?
സ്വാഭാവികമായി ഈ നിരക്ക് കുറച്ചത് നിക്ഷേപങ്ങൾക്കും ബാധകമാകും. നിക്ഷേപങ്ങളുടെ നിരക്കുകൾ കുറയും. എന്നാൽ നിലവിലുള്ള നിക്ഷേപങ്ങളെ ഇത് ബാധിക്കില്ല. പക്ഷെ നിലവിലുള്ള നിക്ഷേപങ്ങൾ കാലാവധി എത്തി പുതുക്കുമ്പോൾ പുതിയ കുറഞ്ഞ നിരക്കുകൾ ആയിരിക്കും ബാധകമാവുക. ഇത് നിക്ഷേപത്തിന്റെ വരുമാനത്തെ ആശ്രയിച്ചുജീവിക്കുന്ന സാധാരണക്കാർക്കും വിരമിച്ചവർക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാകും എന്നത് ഒരു വസ്തുതയാണ്. വരുംകാലങ്ങളിൽ പലിശനിരക്ക് കുറക്കാൻ സാധ്യത കുറവായതുകൊണ്ട് നിക്ഷേപങ്ങൾ പുതുക്കുമ്പോൾ ദീർഘ കാലാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.
വിദേശ കറൻസികളിൽ (എഫ്.സി.എൻ.ആർ) നിക്ഷേപം നടത്തിയിട്ടുള്ള പ്രവാസികൾ കോളടിച്ചു. കാരണം ഒരു അമേരിക്കൻ ഡോളറിനു 80-84 ലോ അതിനു താഴെയുള്ള നിരക്കിൽ ഇട്ടവർക്കു മുതലിനും പലിശക്കും ഇപ്പോൾ ഇന്ത്യൻ രൂപ ആയി മാറ്റിയാൽ 90 രൂപക്ക് മുകളിൽ കിട്ടും. ഇത്തരം നിക്ഷേപങ്ങളെപ്പറ്റി 16ാം ലക്കത്തിൽ വിശദമായി പ്രതിപാദിച്ചിരുന്നു.
(തുടരും)
(ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടീവ് അഡ്വൈസറാണ് ലേഖകൻ)


