സ്വർണത്തിൽ എങ്ങനെ നിക്ഷേപിക്കണം?
text_fieldsഇന്ത്യക്കാർക്ക്, പൊതുവെ കേരളീയർക്ക് സ്വർണത്തോടുള്ള ഭ്രമം പൊതുവെ അറിയപ്പെടുന്നതാണ്. വിശേഷ സന്ദർഭങ്ങളിലും വിവാഹം പോലുള്ള ചടങ്ങുകൾക്കും സമ്മാനം കൊടുക്കാനും മറ്റുമായി സ്വർണം ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അക്ഷയ ത്രിതീയ ദിവസങ്ങളിൽ സ്വർണക്കടകളിലെ തിരക്ക് ഇതിന് ഉദാഹരണമാണ്. കഴിഞ്ഞവർഷം ഇന്ത്യയിൽ നിയമപരമായി ഇറക്കുമതി ചെയ്തത് 800 ടൺ സ്വർണമാണ്.
ഇപ്പോൾ സ്വർണം ഒരു നിക്ഷേപമായി കാണുന്നവർ ധാരാളമാണ്. ബാങ്കുകൾ 7-8 ശതമാനം ആദായം തരുമ്പോൾ സ്വർണം 20 ശതമാനത്തിൽ അധികം വാർഷികമായി ആദായം തരുന്നതായി കാണുന്നു. സ്വർണത്തിന്റെ ലഭ്യതക്കുറവ്, അന്താരാഷ്ട്ര തലത്തിലുള്ള ആവശ്യകത, വിലക്കയറ്റത്തെ ചെറുക്കാനുള്ള സ്വർണത്തിന്റെ കഴിവ്, സുരക്ഷിതമായ നിക്ഷേപം എന്നിങ്ങനെ നിരവധി കാരണങ്ങളാൽ ആളുകൾ ഇപ്പോൾ സ്വർണനിക്ഷേപത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.
എന്തുകൊണ്ട് ഡിജിറ്റൽ സ്വർണം തെരഞ്ഞെടുക്കണം?
സ്വർണം കോയിൻ ആയോ ആഭരങ്ങളായോ ഒക്കെ വാങ്ങുമ്പോൾ അതിന്റെ പരിശുദ്ധി, പണിക്കുറവ്, സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും ചെലവുകളും, തേയ്മാനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. അതിന്റെ പരിഹാരമാണ് ഡിജിറ്റൽ സ്വർണം അഥവാ ഇ-ഗോൾഡ്. ഇവിടെ നേരത്തെ പറഞ്ഞപോലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. ഡിജിറ്റൽ സ്വർണത്തിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള പ്രധാനപ്പെട്ട മൂന്ന് രീതികളെപ്പറ്റി പറയാം.
1. മ്യൂച്വൽ ഫണ്ടുകളുടെ ഗോൾഡ് സേവിങ്സ് സ്കീംസ്
ഇന്ത്യയിൽ മിക്കവാറും എല്ലാ മ്യൂച്വൽ ഫണ്ടുകൾക്കും ഗോൾഡ് സേവിങ്സ് സ്കീം ഉണ്ട്. ഇതിൽ നിക്ഷേപിക്കുന്ന തുക മ്യൂച്വൽ ഫണ്ടിന്റെ മാനേജർ സ്വർണത്തിലും അതുപോലെതന്നെ സ്വർണ ഖനികളുടെ ഓഹരികളിലും മുന്തിയ പങ്കും ഇൻവെസ്റ്റ് ചെയ്യുന്നു. ഇത് ഏകദേശം സ്വർണത്തിന്റെ വിലയോളം വരും. ഇതിന്റെ നെറ്റ് അസറ്റ് വാല്യൂ (എൻ.എ.വി). ചെറിയ തുക പോലും നിക്ഷേപിക്കാം എന്നുള്ളത് ഒരു പ്രത്യേകതയാണ്. എല്ലാ ആഴ്ചയിലോ മാസത്തിലോ ഒരു നിശ്ചിത തുക ഇൻവെസ്റ്റ് ചെയ്യാം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) ആണ് ഏറ്റവും ഉത്തമം. നിങ്ങൾക്ക് ഡീമാറ്റ് അക്കൗണ്ട് വേണമെന്നില്ല.
2. ഗോൾഡ് ഇ.ടി.എഫ്
എല്ലാ പ്രധാനപ്പെട്ട മ്യൂച്വൽ ഫണ്ടുകൾക്കും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ് (ഇ.ടി.എഫ്) എന്ന സ്കീം ഉണ്ട്. ഇത് വാങ്ങാൻ നിങ്ങൾക്കൊരു ഡീമാറ്റ് (DEMAT) അക്കൗണ്ട് വേണം. ഇലക്ട്രോണിക് ഫോമിൽ വാങ്ങുന്ന സെക്യൂരിറ്റി സൂക്ഷിക്കുന്നത് ഈ അക്കൗണ്ടിലാണ്. ഇന്ന് ഓഹരി നിക്ഷേപം ഇല്ലാത്തവർ ഉണ്ടാകില്ല. അവർക്കെല്ലാം ഡീമാറ്റ് അക്കൗണ്ട് ഉണ്ടാകും. സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഓൺലൈനായി ഗോൾഡ് ഇ.ടി.എഫ് വാങ്ങാം. ഇ.ടി.എഫിന്റെ വില മിക്കവാറുംതന്നെ സ്വർണത്തിന്റെ വിലയോട് വളരെ സാമ്യമായിരിക്കും. ഇ.ടി.എഫിലുള്ള സ്വർണത്തിന്റെ മൂല്യം 24 കാരറ്റ് സ്വർണമായി തന്നെ അംഗീകൃത വാൾട്ടിൽ ഭദ്രമായി സൂക്ഷിച്ചിരിക്കും. നിങ്ങൾക്ക് യഥേഷ്ടം വിൽക്കാനും വാങ്ങാനും സാധിക്കും. താതമേന്യ ചെറിയ ഒരു ചാർജ് ഉണ്ടാകും.
3. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ
മേൽ വിവരിച്ച രണ്ട് രീതികളിലും നിങ്ങൾക്ക് നിക്ഷേപം വിൽക്കുമ്പോൾ സ്വർണം കിട്ടില്ല. അതിന് തത്തുല്യമായ തുകയാണ് ലഭിക്കുക. ഇനി സ്വർണമായിത്തന്നെ വേണമെങ്കിൽ ഇൗ സൗകര്യം തരുന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൂടി വാങ്ങണം. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള പ്ലാറ്റ്ഫോം കേന്ദ്ര സർക്കാറിന്റെ ഉടമസ്ഥതയിലുള്ള എം.എം.ടി.സി (MMTC) എന്ന സ്ഥാപനവും ഒരു സ്വീഡിഷ് ബുള്ളിയൻ വ്യാപാരികളായ പി.എ.എം.പി(PAMP)എന്ന കമ്പനിയും തമ്മിലുള്ള ഒരു സംയുക്തസംരംഭ സ്ഥാപനമായ എം.എം.ടി.സി-പി.എ.എം.പി ആണ്. ഇതിൽ സ്വർണം വാങ്ങാൻ ഡീമാറ്റ് അക്കൗണ്ട് വേണ്ട. അവരുടെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് സ്വർണം വാങ്ങാം. ഓരോ തവണയും നിങ്ങൾ വാങ്ങുന്നത് ഗ്രാമിൽ ആയിരിക്കും.
എത്ര ചെറിയ തുകക്കും ഇങ്ങനെ സ്വർണം വാങ്ങാം. കുറേശ്ശ ഇതിൽ വാങ്ങുന്ന സ്വർണം ഒരു അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ അര കിലോയോ അതിനുമുകളിലോ വരാം. ഇങ്ങനെ സമ്പാദിച്ച സ്വർണം കുട്ടികളുടെ വിവാഹവും മറ്റും വരുമ്പോൾ തിരികെ എടുക്കാം. സ്വർണ ബിസ്കറ്റുകൾ ആയോ ആഭരണമായോ രൂപയായോ അല്ലെങ്കിൽ ഇതെല്ലാം ചേർത്തോ വാങ്ങാം. ആഭരണത്തിന് പണിക്കൂലി, ഡെലിവറി ചാർജ് ഇവ കൊടുക്കേണ്ടി വരും.
ഇന്ത്യയിൽ പല സ്വർണവ്യാപാരികളും അതുപോലെതന്നെ നിരവധി ഫിന്റെക്ക് സ്ഥാപനങ്ങളും ഈ സൗകര്യം ചെയ്യുണ്ട്. ഡിജി ഗോൾഡ്, ഫോൺപൈ തുടങ്ങി പല പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ സ്വർണത്തിൽ നിക്ഷേപിക്കാം. ഗൂഗിൾ പേയുടെ ലോക്കർ വഴി എം.എം.ടി.സി-പി.എ.എം.പിന്റെ സ്വർണം വാങ്ങാം. 24 കാരറ്റ് സ്വർണമാണ് നിങ്ങൾ വാങ്ങുന്നത്. അതായത് 99.99 പരിശുദ്ധി. അതുകൊണ്ടുതന്നെ വാങ്ങുമ്പോഴും വിൽക്കുമ്പോഴും വില കൂടുതൽ ആയിരിക്കും.
എപ്പോൾ സ്വർണം വാങ്ങണം
കഴിഞ്ഞ ഡിസംബർ മാസത്തിൽ ഒമാനിൽ ഒരു ഗ്രാം സ്വർണത്തിന് 28 റിയാൽ ആയിരുന്നു വില. എന്നാൽ ഇപ്പോൾ അത് 40 റിയാൽ കഴിഞ്ഞു. സ്വർണത്തിന്റെ വിലയിൽ ആഗോളതലത്തിൽതന്നെ പല കാരണങ്ങൾ കൊണ്ടും പെട്ടെന്ന് കയറ്റിറക്കം ഉണ്ടാകുന്നു. അതുകൊണ്ട് ചെറിയ അളവിൽ ഡിജിറ്റൽ ആയി സ്വർണം വാങ്ങിക്കൊണ്ടേയിരിക്കുകയാണ് ഉത്തമം. പറ്റുമെങ്കിൽ എല്ലാ ആഴ്ചയിലും.
ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വില ആവറേജ് ചെയ്തു കിട്ടുന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഏറ്റവും ഫലപ്രദമാണിവിടെ. ചെറിയ തുക മതി ഇങ്ങനെ സ്വർണം വാങ്ങാൻ. 100 രൂപ നിക്ഷേപിക്കാൻ ഉണ്ടെങ്കിൽ അഞ്ച് മുതൽ 10 രൂപ ഇങ്ങനെ ഇ-ഗോൾഡിൽ നിക്ഷേപിക്കുക. രണ്ടക്ക വരുമാനം തീർച്ച എന്നിരുന്നാലും മറ്റേതു നിക്ഷേപത്തെപോലെയും മാർക്കറ്റിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ സ്വർണത്തിന്റെ വിലയെയും ബാധിക്കും.
(തുടരും)
(ലേഖകൻ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ്)