ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നു...
text_fieldsമസ്കത്ത്: വേനലവധിക്കുശേഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ഈ ആഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾ തിരിച്ചെത്തിത്തുടങ്ങി. ഇന്ത്യൻ സ്കൂൾ ഗൂബ്ര കഴിഞ്ഞദിവസം മുതൽ പ്രവർത്തനം തുടങ്ങി. മസ്കത്ത് ഇന്ത്യൻ സ്കൂൾ തിങ്കളാഴ്ചയും ഇന്ത്യൻ സ്കൂൾ ദാസൈത്ത് ചൊവ്വാഴ്ചയും തുറക്കും. മറ്റ് ഇന്ത്യൻ സ്കൂളുകളും അടുത്ത ആഴ്ചയോടെ പൂർണമായി പ്രവർത്തിക്കാൻ തുടങ്ങും.
അതേസമയം, ചൂട് കാര്യമായി കുറഞ്ഞിട്ടില്ല. ഇപ്പോൾ പലയിടത്തും 40 ഡിഗ്രി സെൽഷ്യസിൽ കൂടിയ താപനിലയാണ് അനുഭവപ്പെടുന്നത്. അടുത്തമാസത്തോടെ ചൂട് കുറയുമെന്നാണ് പ്രതീക്ഷ. എങ്കിലും 36-40നും ഇടക്കുള്ള താപനിലയാണ് അടുത്ത മാസാദ്യം അനുഭവപ്പെടുക. കനത്ത ചൂട് വിദ്യാർഥികളെ ബാധിക്കാനും സാധ്യതയുണ്ട്. കനത്ത ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് പല ഇന്ത്യൻ സ്കൂളുകളും വേനലവധിക്ക് മുമ്പ് പ്രവർത്തനസമയങ്ങളിൽ ക്രമീകരണങ്ങൾ വരുത്തിയിരുന്നു.
സ്കൂൾ തുറന്നതിന് ശേഷമുള്ള ആദ്യത്തെ പരിപാടി ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷമായിരിക്കും. എല്ലാ ഇന്ത്യൻ സ്കൂളുകളിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഏറെ പൊലിമയേടെ സംഘടിപ്പിക്കാറുണ്ട്. സ്കൂൾ തുറക്കുന്നതോടെതന്നെ ഇന്ത്യൻ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിക്കും. സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം നടത്തുന്ന സാംസ്കാരിക കലാപരിപാടികളുടെ പരിശീലനവും മറ്റും ഇന്ത്യൻ സ്കൂളുകളിൽ വരും ദിവസങ്ങളിൽ നടക്കും.
വേനലവധി അവസാനത്തോടടുത്ത് നാട്ടിൽ പോയ കുടുംബങ്ങളും തിരിച്ചെത്തിയതോടെ സൂഖുകളിലും സൂപ്പർ മാർക്കറ്റുകളിലും തിരക്കേറിത്തുടങ്ങി. അവധി ആഘോഷിക്കാൻ മറ്റ് രാജ്യങ്ങളിൽ പോയവരും തിരിച്ചെത്തിയിരുന്നു. സ്കൂൾ വേനലവധിക്കാലത്ത് കുടുംബങ്ങൾ നാട്ടിൽ പോവുന്നതിനാൽ ജൂൺ, ജൂലൈ മാസങ്ങൾ വ്യാപാരികൾക്ക് പൊതുവെ വരണ്ട കാലമാണ്.
കുടുംബങ്ങൾ എത്തുമ്പോഴാണ് വ്യാപാരമേഖലക്ക് ഉണർവ് അനുഭവപ്പെടുന്നത്. കുട്ടികളും കുടുംബങ്ങളും വർധിക്കുന്നതോടെ മാളുകൾക്കും പാർക്കുകൾക്കും കൂടുതൽ ജീവൻവെക്കും.
സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി വ്യപാരസ്ഥാപനങ്ങളിൽ ബാക് ടു സ്കൂൾ ഓഫറുകൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളടക്കം എല്ലാ ഓഫറിൽ എത്തിയിട്ടുണ്ട്. ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങളിലെല്ലാം ഇപ്പോൾ പഠനോപകരണങ്ങളുടെ വിൽപനയും പൊടിപൊടിക്കുന്നുണ്ട്. ക്ലാസ് കയറ്റം നേരത്തേ നടന്നിട്ടുണ്ടെങ്കിലും പൂർണ രീതിയിൽ ക്ലാസുകൾ ആരംഭിക്കുന്നത് ഇനിയുള്ള ദിവസങ്ങളിലായിരിക്കും. ഇത് മുന്നിൽകണ്ടാണ് വ്യാപാരസ്ഥാപനങ്ങൾ പഠനോപകരണങ്ങൾക്കും മറ്റും ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്കുളുകൾ തുറക്കുന്നതോടെ റോഡുകളിലും തിരക്ക് വർധിക്കും. സ്കൂൾ ബസുകളും കുട്ടികളെ സ്കൂളുകളിലെത്തിക്കുന്ന രക്ഷിതാക്കളുടെ വാഹനങ്ങളും റോഡിലെത്തുന്നതാണ് തിരക്ക് വർധിക്കാൻ കാരണം. രാവിലെയും ഉച്ചക്കുമാണ് തിരക്ക് കൂടുതലുണ്ടാവുക. ഇതിന്റെ ഭാഗമായി ഗതാഗതക്കുരുക്കും അടുത്താഴ്ച ദൃശ്യമാകും.