ഇൻകാസ് സൂർ ജീവ കാരുണ്യ അവാർഡ് മുഹമ്മദ് അമീൻ സേട്ടിന്
text_fieldsസൂർ: ഇൻകാസ് സൂർ റീജിയണൽ കമ്മിറ്റി ജീവ കാരുണ്യ പ്രവർത്തകനുള്ള അവാർഡിന് സീ പ്രൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ മുഹമ്മദ് അമീൻ സേട്ട് അർഹനായി. 35 വർഷത്തോളമായി ഒമാനിലെ സീ ഫുഡ് മേഖലയിൽ ബിസിനസ് നടത്തുന്ന അമീൻ സേട്ട് കൊച്ചി സ്വദേശിയാണ്. ബിസിനസ് മേഖലയിൽ രാജ്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കഴിഞ്ഞ വർഷം ജനുവരിയിൽ ഒമാൻ സർക്കാർ അദ്ദേഹത്തിന് പൗരത്വം നൽകി ആദരിച്ചിരുന്നു. 2021ൽ ഒമാൻ സർക്കാർ ആദ്യമായി പത്ത് വർഷത്തെ ഇൻവെസ്റ്റർ വിസ നൽകിയ പത്ത് വിദേശ സംരംഭകരിലും അദ്ദേഹം ഉൾപ്പെട്ടിരുന്നു. കേരളത്തിൽ പള്ളിപ്പുറത്തും അരൂരും മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തുന്നുണ്ട്.
ഷഹീൻ ചുഴലിക്കാറ്റ്ഒമാനിലെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിയപ്പോൾ ദുരന്ത മുഖത്തേക്ക് ഭക്ഷ്യ വസ്തുക്കളും മറ്റുമായും നിരവധി ട്രക്കുകൾ അയക്കുകയും കോവിഡ് കാലത്തു ദുരിതമനുഭവിക്കുന്നവർക്കായി സൂറിലെ സന്നദ്ധ സംഘടനകൾ വഴി സഹായം എത്തിക്കുന്നതിലും മുൻപന്തിയിൽ ഉണ്ടായിരുന്നു. കേരളത്തിൽ പ്രളയം ബാധിച്ച അവസരത്തിലും കോവിഡ് വ്യാപന വേളയിലും പരിധിയില്ലാത്ത സഹായങ്ങളാണ് അദ്ദേഹത്തിലൂടെ കേരളത്തിയത്. 69 ലക്ഷം രൂപ വിലയുള്ള ഓക്സിജൻ പ്ലാന്റ്റ് മാനന്തവാടി സർക്കാർ ആശുപത്രിക്ക് നൽകിയത് അന്ന് വലിയ വാർത്തയായിരുന്നു. കൊച്ചിയിൽമാതാവ് സുലേഖ മൂസയുടെ പേരിൽ വൃക്ക രോഗികൾക്കായി സൗജന്യ ഡയാലിസിസ് കേന്ദ്രവും ഫിസിയോ തെറാപ്പി സെൻറ്ററും 2023 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
കൊൽക്കത്തയിലെ ഒരു ഗ്രാമം മുഴുവനായി ദത്തെടുത്തു വിദ്യാഭ്യാസം , ആരോഗ്യം, പാർപ്പിട സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചെയ്തു പോരുന്നു.
മത്സ്യ സംസ്കരണം, ഫിഷ് മീൽ ഫിഷ് ഓയിൽ നിർമാണം, ഫിഷിങ് ബോട്ട് നിർമാണ, കാർട്ടൻ നിർമാണ മേഖല എന്നിവയോടൊപ്പം ആഫ്രിക്കയിലും യൂറോപ്പിലും , അമേരിക്കയിലുമായി പുതിയ സംരംഭങ്ങൾ തുടങ്ങിയ അമീൻ സേട്ട് ഈ അവാർഡിന് എതിരഭിപ്രായം ഇല്ലാതെയാണ് തെഞ്ഞെടുക്കപ്പെട്ടതെന്ന് ഇൻകാസ് സൂർ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ അന്തിക്കാട് അറിയിച്ചു. ഒക്ടോബർ 24ന് വൈകീട്ട് ഏഴ് മണിക്ക് സൂർ ക്ലബ്ബിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും