ഒമാനും യു.എ.ഇക്കും ഇടയിൽ ഇന്റർമോഡൽ ട്രെയിൻ
text_fieldsഒമാനും യു.എ.ഇക്കും ഇടയിൽ ഇന്റർമോഡൽ ട്രെയിൻ സർവിസുകൾ ഒരുക്കുന്നതിനായി
അസ്യാദ് ലോജിസ്റ്റിക്സുമായി ഹഫീത് റെയിൽ കരാർ ഒപ്പുവെക്കുന്നു
മസ്കത്ത്: ഒമാനും യുനൈറ്റഡ് അറബ് എമിറേറ്റ്സിനും ഇടയിൽ ഇന്റർമോഡൽ ട്രെയിൻ സർവിസുകൾ ഒരുക്കുന്നതിനായി അസ്യാദ് ഗ്രൂപ്പിന്റെ ഭാഗമായ അസ്യാദ് ലോജിസ്റ്റിക്സുമായി ഹഫീത് റെയിൽ കരാർ ഒപ്പുവെച്ചു. ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന പ്രത്യേക തരം റെയിൽ ഗതാഗത സംവിധാനമാണ് ഇന്റർമോഡൽ ട്രെയിൻ. വിവിധ ഗതാഗത മാർഗങ്ങൾ (റെയിൽ, റോഡ്, കടൽ) സംയോജിപ്പിച്ച് ചരക്കുകൾ കാര്യക്ഷമമായും ചെലവ് കുറഞ്ഞ രീതിയിലും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നു. റെയിൽ, മൊബിലിറ്റി, ലോജിസ്റ്റിക്സ് എന്നിവക്കുള്ള ലോകത്തിലെ മുൻനിര പ്ലാറ്റ്ഫോമുകളിലൊന്നായ ഗ്ലോബൽ റെയിൽ 2025ൽ ആണ് കരാറിലെത്തിയത്. റെയിൽ ഗതാഗതം മുതൽ തുറമുഖ പ്രവർത്തനങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, ഏകീകരണം, ചരക്ക് ഗതാഗതത്തിന്റെ അവസാന ഘട്ടമായ മൈൽ ഡെലിവറി എന്നിവ കരാറിൽ ഉൾപ്പെടും.
ആസ്യാദ് ലോജിസ്റ്റിക്സുമായി അടുത്ത പങ്കാളിത്തം സ്ഥാപിക്കുന്നതിലൂടെ വിതരണ ശൃംഖലയുടെ ഓരോ ഘട്ടവും കാര്യക്ഷമവും സുസ്ഥിരവുമായ സേവനത്തിലേക്ക് സംയോജിപ്പിക്കപ്പെടുന്നുവെന്ന് ഹഫീത് റെയിൽ ഉറപ്പാക്കും. ഈ കരാർ വ്യാപാരത്തിനുള്ള പുതിയ അവസരങ്ങൾ തുറക്കുകയും കണ്ടെയ്നർ പ്രവാഹങ്ങൾക്ക് വിശ്വസനീയമായ ശേഷി ഉറപ്പാക്കുകയും പ്രാദേശിക ലോജിസ്റ്റിക്സിലെ കാര്യക്ഷമതക്കും സുസ്ഥിരതക്കും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യും.
ഹഫീത് റെയിലുമായുള്ള പങ്കാളിത്തത്തിലൂടെ, ഒമാൻ-യു.എ.ഇ റെയിൽ ഇടനാഴിയിലുടനീളം ഞങ്ങളുടെ കഴിവുകൾ ശക്തിപ്പെടുത്തുകയാണെന്ന് അസ്യാദ് ലോജിസ്റ്റിക്സ് ഡയറക്ടർ ജുമ അൽ മസ്കരി പറഞ്ഞു. ഞങ്ങളുടെ ക്ലയന്റുകൾക്ക് തടസ്സമില്ലാത്തതും പൂർണമായും സംയോജിതവുമായ പരിഹാരങ്ങൾ നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൂടുതൽ കാര്യക്ഷമത കൈവരിക്കുന്നതിനും ഒമാന്റെ വിഷൻ 2040ന്റെ അഭിലാഷങ്ങളെ പിന്തുണക്കുന്നതിനുമായി യഥാർഥത്തിൽ ഒരു എൻഡ്-ടു-എൻഡ് കണ്ടെയ്നർ യാത്ര ഉറപ്പാക്കുന്നതാണ് ഈ കരാറെന്നും അൽ മസ്കരി പറഞ്ഞു.
ഹഫീത് റെയിലിന്റെ പരിവർത്തനത്തിൽ ഈ കരാർ നിർണായക ചുവടുവെപ്പാണ് അടയാളപ്പെടുത്തുന്നതെന്ന് സി.ഇ.ഒ അഹമ്മദ് അൽ മുസാവ അൽ ഹാഷെമി പറഞ്ഞു. അസ്യാദുമായും പ്രാദേശിക തുറമുഖ ഓപറേറ്റർമാരുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ, കണ്ടെയ്നറുകൾ റെയിലിൽനിന്ന് അന്തിമ ഡെലിവറിക്ക് തടസ്സമില്ലാതെ നീങ്ങുന്നത് ഉറപ്പാക്കുന്ന ഇന്റർമോഡൽ ആവാസവ്യവസ്ഥ ഞങ്ങൾ നിർമിക്കുകയാണ്. വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക, അതിർത്തി കടന്നുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സാമ്പത്തിക വളർച്ചക്കായി പ്രവർത്തിക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഒമാന്റെ തുറമുഖ നഗരമായ സുഹാറിനെയും യു.എ.ഇ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിക്കുന്ന ‘ഹഫീത് റെയിൽവേ’ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. സുഹാർ തുറമുഖംവഴി 3800ൽ അധികം റെയിലുകൾ എത്തിച്ചതോടെ റെയിൽവേ ലിങ്കിനായുള്ള ട്രാക്ക്-ലേയിങ് ആരംഭിച്ചിട്ടുണ്ട്. 25 മീറ്റർ നീളവും മൊത്തം 5,700 മെട്രിക് ടൺ ഭാരവുമുള്ള 3,800-ലധികം ഇ-260-ഗ്രേഡ് ട്രാക്കുകളാാണ് എത്തിച്ചിട്ടുള്ളത്. സ്പെയിനിലെ ഗിജോണിലുള്ള ആർസെലർ മിത്തലിന്റെ സൗകര്യത്തിൽ നിർമിച്ചവയാണ് ഇവ. ഹെവി ചരക്ക്, യാത്ര പ്രവർത്തനങ്ങൾക്കായി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് റെയിലുകൾ നിർമാണം പൂർത്തിയാക്കിയത്. ഈടുനിൽക്കുന്നതിനായി ഈ ട്രാക്കുകൾ 32.4 ടൺ വരെ ഭാരമുള്ള ആക്സിൽ ലോഡുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപന. ഇത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സാഹചര്യങ്ങളിൽ ദീർഘകാല വിശ്വാസ്യത ഉറപ്പാക്കുന്നു. ഉയർന്ന കരുത്തുള്ള ക്ലിപ്പുകളും ബോൾട്ടുകളും ഉൾക്കൊള്ളുന്ന നൂതന ഫാസ്റ്റണിങ് സംവിധാനങ്ങളുമുണ്ട്. ഒമാന്റെ ഭാഗത്തെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്. റെയില്‍ ശൃംഖലയുടെ നിര്‍മാണം ആരംഭിക്കാന്‍ ഇരു രാഷ്ട്രങ്ങളുടെയും കമ്പനികള്‍ തമ്മില്‍ ഷെയര്‍ഹോള്‍ഡര്‍ ഉടമ്പടി ഒപ്പുവെച്ചിരുന്നു.
പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. പാലത്തിന് ചിലത് 34 മീറ്റർ ഉയരമുണ്ടാകും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥ സാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായി തയാറാക്കിയതാണ് റെയിൽവേ ശൃംഖല.


