ബാങ്ക് നിക്ഷേപങ്ങളെപ്പറ്റി ഇതൊക്കെ അറിയാമോ ?
text_fieldsഇക്കഴിഞ്ഞ ലക്കത്തിൽ വിവിധ തരം ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും അതിന്റെ പ്രത്യേകതകളെപ്പറ്റിയും വിശദീകരിച്ചിരുന്നു. സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളിലാണ് പ്രവാസികൾക്ക് പരാതികൾ അധികവും. നമ്മൾ വിചാരിച്ചാൽ ഇത്തരം പരാതികൾ ഒരു പരിധിവരെ ഒഴിവാക്കാനാവുമെന്നതിൽ സംശയം വേണ്ട. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
1 മിനിമം ബാലൻസ് ചാർജുകൾ
പ്രവാസികൾക്ക് ഏറ്റവും കൂടുതൽ പരാതി ഉള്ള ഒരു സംഗതിയാണിത് . എന്താണ് പരിഹാരമെന്ന് പരിശോധിക്കാം.
സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആലോചിക്കുമ്പോൾ ആദ്യമായി ഒരു ബാങ്കിനെ തെരഞ്ഞെടുക്കണം. ഒരു സാധാരണ പ്രവാസിയെ സംബന്ധിച്ചിടത്തോളം ഒരു പുതുതലമുറ ബാങ്കിന്റെ ആവശ്യം ഇല്ല എന്നതാണ് എന്റെ അഭിപ്രായം. ഒരു പൊതുമേഖലയിലെ ബാങ്കോ അല്ലെങ്കിൽ പഴയ തലമുറ സ്വകാര്യ ബാങ്കോ മതിയാകും.
ഇത്തരം ബാങ്കുകളിൽ മിനിമം ബാലൻസ് (MAB) തീരെ കുറവായിരിക്കും അല്ലെങ്കിൽ ഒട്ടും തന്നെ ഉണ്ടാകില്ല. രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കുകൾ ഈ അടുത്തയിടെ മിനിമം ചാർജുകൾ ഒഴിവാക്കിയതായി കണ്ടു. എന്നാൽ പുതുതലമുറ ബാങ്കുകൾ നല്ല ഒരു തുക മിനിമം ബാലൻസ് ആയി ആവശ്യപ്പെടുന്നുണ്ട്. RBI മിനിമം ബാലൻസ് നിഷ്കർഷിക്കുന്നില്ല.
എന്നാൽ പല ബാങ്കുകളും അക്കൗണ്ടിൽ മിനിമം തുക സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. വിവിധ കാരണങ്ങൾ കൊണ്ടാണ് ബാങ്കുകൾ മിനിമം ബാലൻസ് നിഷ്കർഷിക്കുന്നത്. മെട്രോ, അർബൻ, റൂറൽ എന്നീ സ്ഥലങ്ങളിൽ ഈ തുക വ്യത്യാസപ്പെടും. മാസം തോറുമോ ത്രൈമാസികമായോ പിഴ അക്കൗണ്ടിൽനിന്ന് കുറവ് ചെയ്യും. പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം കോടിക്കണക്കിന് തുകയാണ് ഇത്തരത്തിൽ ബാങ്കുകൾ ഇടപാടുകാരിൽനിന്ന് ഈടാക്കുന്നത്. ഇക്കാര്യത്തിൽ ജാഗരൂഗരായിരിക്കുക എന്നതാണ് പരിഹാരം.
ഡെബിറ്റ് കാർഡുകൾ / എ.ടി.എം ഉപയോഗിക്കൽ
സേവിങ്സ് ബാങ്ക് ഓപൺ ചെയ്യുമ്പോൾ ഒരു എ.ടി.എം കം ഡെബിറ്റ് കാർഡ് കൊടുക്കും. സാധാരണ ഡെബിറ്റ് കാർഡുകൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കാറില്ല. എന്നാൽ ചില പ്രത്യേക സൗകര്യങ്ങൾ, അതായത് എയർപോർട്ട് ലോഞ്ച് സൗകര്യങ്ങൾ പോലെ ഉള്ള കാർഡുകൾക്ക് വാർഷിക ചാർജുകൾ ഉണ്ട്. ഇത് ഓരോ ബാങ്കും വ്യത്യസ്ത കാർഡുകൾക്കു വ്യത്യസ്ത വാർഷിക ഫീസ് ആയിരിക്കും. അതുകൊണ്ട് ഇത്തരം കാർഡുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. ഡെബിറ്റ് കാർഡുകൾ എ.ടി.എമ്മിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ചാർജുകൾ വരും. സാധാരണ കാർഡുകൾ ആയാലും എ.ടി.എം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ഒരു ബാങ്കിന്റെ എ.ടി.എം മറ്റൊരു ബാങ്കിന്റെ എ.ടി.എമ്മിൽ ഉപയോഗിക്കുമ്പോൾ ചില നിബന്ധനകൾ ഉണ്ട്.
മെട്രോ സെന്ററുകളിൽ ഒരു മാസം മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ ഉപയോഗിച്ചാൽ ഓരോ പ്രാവശ്യവും 23 രൂപ ചാർജ് കൊടുക്കേണ്ടി വരും. അതേ ബാങ്കിന്റെ തന്നെ എ.ടി.എം ആയാലും മാസത്തിൽ അഞ്ചുതവണയിൽ കൂടിയാൽ ചാർജ് വരും. അതുപോലെതന്നെ എ.ടി.എം ഉപയോഗിക്കുമ്പോൾ അക്കൗണ്ടിൽ തുക ഇല്ലെങ്കിലും ചാർജ് വരും. ഇക്കാര്യങ്ങൾ അതാതു ബാങ്കിൽ നിന്നും മനസ്സിലാക്കേണ്ടതാണ്.
ഇതിനുള്ള പരിഹാരം കഴിവതും കാഷ് ഇടപാടുകൾ ഒഴിവാക്കുക എന്നതാണ്. ഡിജിറ്റൽ ഇടപാടിലേക്ക് മാറുക. ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ജിപേ, ഫോൺ പേ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചോ ഇടപാടുകൾ നടത്തുക.
ചെക്ക് ബുക്കുകൾ
പൊതുവെ 10 മുതൽ 25 ലീഫ് വരെ ഉള്ള ചെക്ക് ബുക്കിന് ചാർജുകൾ എടുക്കാറില്ല. എന്നാൽ അധികമായാൽ ഓരോ ലീഫിനും തുക ഈടാക്കും. അതുകൊണ്ട് കഴിയുന്നതും ചെക്ക് ഒഴിവാക്കി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുക.
എസ്.ബി അക്കൗണ്ടുകളിലെ വരുമാനം
സേവിങ്സ് ബാങ്കുകളിൽ ഉള്ള തുകക്ക് ബാങ്കുകൾ ഒരു ചെറിയ ആദായം നൽകുന്നുണ്ട്. ദിവസബാലൻസ് നോക്കിയാണ് ഇത് കണക്കുകൂട്ടുന്നത്. പല ബാങ്കുകളും സ്ലാബ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി കൊടുക്കാറുണ്ട്. വലിയ തുകക്ക് സ്ഥിരനിക്ഷേപത്തിന്റെ നിരക്ക് കൊടുക്കുന്ന ബാങ്കുകളും ഉണ്ട്. ഇക്കാര്യവും ശ്രദ്ധിക്കുക.
കെ.വൈ.സി അപ്ഡേഷന്റെ പ്രാധാന്യം
പ്രവാസികൾ വളരെ ശ്രദ്ധിക്കേണ്ട ഒരു സംഗതിയാണ് പീരിയോഡിക്കൽ കെ.വൈ.സി അപ്ഡേഷൻ. ഇതിനുവേണ്ടി നിങ്ങളുടെ പാസ്പോർട്ട് കോപ്പി, വിസ അല്ലെങ്കിൽ റെസിഡന്റ് കാർഡ്, അഡ്രസ് പ്രൂഫ് തുടങ്ങി ലളിതമായ രേഖകൾ ബാങ്കിൽ കൊടുത്ത് രണ്ടുവർഷത്തിൽ ഒരിക്കൽ പുതുക്കണം. ഇല്ലെങ്കിൽ ഓൺലൈൻ ബാങ്കിങ് ഇടപാടുകൾ, എസ്.എം.എസ് ഇവക്ക് തടസ്സം നേരിടും.
നിങ്ങളുടെ എസ്.ബി അക്കൗണ്ടിൽ ഇടപാടുകൾ നടത്താതിരുന്നാൽ രണ്ടു വർഷം കഴിയുമ്പോൾ അത് ഇന്നൊപ്പറേറ്റീവ് അക്കൗണ്ട് ആയി മറ്റും. 10 വർഷം തുടർച്ചയായി ഇടപാട് ഇല്ലെങ്കിൽ അക്കൗണ്ടിലെ തുക സർക്കാറിലേക്ക് മാറ്റും. ഇക്കാര്യങ്ങൾ കൂടി അറിയുക.
എല്ലാ അക്കൗണ്ടുകളെയും സംബന്ധിച്ച് പൊതുവായ കാര്യങ്ങൾ, നോമിനേഷൻ നിയമങ്ങൾ, ബാങ്കുകളുമായുള്ള പരാതികളുടെ പരിഹാരം, ഡിജിറ്റൽ ഫ്രാഡ് പ്രിവെൻഷൻ എന്നിവ അടുത്ത ലക്കത്തിൽ പ്രതിപാദിക്കാം.
(തുടരും)
(ലേഖകൻ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ്)


