പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യക്ക് ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം
text_fieldsമസ്കത്ത്: ആവേശകരമായ ഫൈനലിൽ പാകിസ്താനെ കീഴടക്കിയ ഇന്ത്യ ജൂനിയർ ഹോക്കി ഏഷ്യ കപ്പ് നിലനിർത്തി. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ് കൾചറല്‍ കോംപ്ലക്സില്‍ നടന്ന കലാശക്കളിയിൽ പാകിസ്താനെ 2-1ന് മറികടന്നാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. അംഗദ് ബിർ സിങ്, ഹുണ്ടാൽ എന്നിവരാണ് ഇന്ത്യക്കുവേണ്ടി ഗോൾ നേടിയത്.
ഫൈനലിന്‍റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തിൽ കൊണ്ടും കൊടുത്തുമാണ് ഇരു ടീമുകളും ആദ്യ മിനിറ്റുകളിൽ മുന്നേറിയത്. ഇതിനിടെ ആക്രമണം ശക്തമാക്കിയ ഇന്ത്യ 13ാം മിനിറ്റിൽ അംഗദ് ബിർ സിങ്ങിലൂടെ മുന്നിലെത്തി. ഇതോടെ പാകിസ്താൻ ഉണർന്നു കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഏഴു മിനിറ്റിനുശേഷം രണ്ടാമതും വലകുലുക്കി ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. ഹുണ്ടാലിന്‍റെ വകയായിരുന്നു ഗോൾ.
എന്നാൽ, രണ്ടാം പകുതിയിൽ മൂർച്ചയുള്ള ആക്രമണവുമായി കളംനിറഞ്ഞുകളിക്കുന്ന പാകിസ്താനെയാണ് കണ്ടത്. 38ാം മിനിറ്റിൽ അലി ബഷാരതിന്‍റെ ഗോളിലൂടെ മത്സരത്തിൽ പതിയെ ആധിപത്യമുറപ്പിച്ചു. സമനിലക്കായി പാക്താരങ്ങൾ അവസാന നിമിഷംവരെ കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾമാത്രം നേടാനായില്ല. മത്സരം കാണാൻ മലയാളികളടക്കമുള്ള നിരവധി പ്രവാസി ഇന്ത്യക്കാർ എത്തിയിരുന്നു.