ഖരീഫ്: ‘ഹെൽത്ത് പാർക്ക്’ ശ്രദ്ധയാകർഷിക്കുന്നു
text_fieldsസലാലയിലെ ‘ഹെൽത്ത് പാർക്ക്’
മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി സലാല പബ്ലിക് പാർക്കിനുള്ളിൽ ഒരുക്കിയ ‘ഹെൽത്ത് പാർക്ക്’ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും എല്ലാ പ്രായത്തിലുമുള്ള സന്ദർശകരുടെ പ്രതീക്ഷകൾ നിറവേറ്റുകയും ചെയ്യുന്ന സമഗ്രമായ കായികവിനോദ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. പരിപാടി സെപ്റ്റംബർ 20 വരെ നീളും. ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ നടത്തത്തിനും ജോഗിങ്ങിനുമായി പ്രത്യേക ട്രാക്കും ടെന്നിസ്, വോളിബാൾ, ബാസ്കറ്റ്ബാൾ എന്നിവക്കുള്ള കോർട്ടുകളും ഉണ്ട്. ആധുനികസൗകര്യങ്ങളോടെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന കായികപ്രവർത്തനങ്ങൾ പാർക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് സംരംഭത്തിന്റെ ഉൾക്കൊള്ളലിനെയും സമൂഹ ഇടപെടൽ വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.
കുടുംബസൗഹൃദപരവും വിനോദപരവുമായ അന്തരീക്ഷത്തിൽ സംഘടിപ്പിക്കുന്ന ആഴ്ചതോറുമുള്ള പരിപാടികൾക്കും പാർക്ക് ആതിഥേയത്വം വഹിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് നാല് മുതൽ ആറുവരെയാണ് കുട്ടികളുടെ മത്സരങ്ങൾ. അതേസമയം മുതിർന്നവരുടെ മത്സരങ്ങൾ ശനിയാഴ്ചകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ശാരീരികപ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, സംവേദനാത്മകവും ഉത്തേജകവുമായ അന്തരീക്ഷത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ‘ഹെൽത്ത് പാർക്ക്’ പരിപാടിയുടെ ലക്ഷ്യങ്ങൾ.