ഒരുമയുടെ മാധുര്യവുമായി മത്ര ബലദിയ പാര്‍ക്ക് സമൂഹ നോമ്പുതുറ
text_fieldsമത്ര ബലദിയ പാര്‍ക്കിലെ സമൂഹ നോമ്പുതുറ
മത്ര: കൂട്ടായ്മയുടെയും ഒരുമയുടെയും മധുരം വിളമ്പി മത്ര ബലദിയ പാര്‍ക്കിലെ നോമ്പുതുറ സജീവം.ജനകീയ കൂട്ടായ്മയില്‍ വര്‍ഷങ്ങളോളം മുടങ്ങാതെ നടന്നു വന്നിരുന്ന മത്ര ബലദിയ പാര്‍ക്കിലെ സമൂഹ നോമ്പുതുറ കോവിഡാനന്തരം നിലച്ചു പോയിരുന്നു.മത്ര ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും സംരംഭകരുടെയും കൂട്ടായ്മയില്‍ തുടക്കം കുറിച്ച ഇഫ്താറില്‍ ദിവസവും നൂറുക്കണക്കിന് പേരാണ് സംബന്ധിച്ചിരുന്നത്.പതിനഞ്ചു വര്‍ഷക്കാലം റമദാന് മാസം എല്ലാദിവസവും മുടങ്ങാതെ നടന്നിരുന്ന ഇഫ്താര്‍ കോവിഡിന് ശേഷം നടത്താനാളില്ലാതെ നിലച്ചിരിക്കുകയായിരുന്നു.
ഏതാനും വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ മത്ര കെ.എം.സി.സി മുന്‍കൈ എടുത്ത് വ്യാപരികളുടെയും സഹകാരികളുടെയും പങ്കാളിത്തത്തോടെ കൂടുതൽ വിപുലമായ രീതിയില്‍ ഇഫ്താര്‍ സംഗമം പുനഃസംഘടിപ്പിക്കുകയായിരുന്നു. മലയാളി കൂട്ടായ്മയുടെ സംഘാടക മികവ് തെളിയിക്കും വിധമാണ് ഇഫ്താര്‍ വിരുന്ന് നടക്കുന്നത്.
വിവിധ ദേശക്കാരായ നൂറുക്കണക്കിന് പേർ ദിവസവും സംഗമിച്ച് വൃതവിരാമം കുറിക്കുന്നത് കുളിർമയേകുന്ന കാഴ്ചയാണ്.മലയാളികളേക്കാള്‍ മറ്റു ദേശങ്ങളിലുള്ളവരാണ് കൂടുതലായും ഇഫ്താര്‍ ഉപയോഗപ്പെടുത്തി വരുന്നത്.മലയാളികളുടെ ഇത് പോലുള്ള സംരംഭങ്ങളെ പ്രശംസിച്ചും അംഗീകരിച്ചും സംതൃപ്തി പ്രകടിപ്പിച്ചാണ് ആളുകള്‍ പിരിഞ്ഞു
പോകുന്നത്. ചെറിയ വരുമാനക്കാരായ തൊഴിലാളികള്‍ക്കും താമസ സ്ഥലങ്ങളില്‍ പാചകത്തിന് സൗകര്യമില്ലാത്തവര്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ സൗകര്യപ്രദവും അനുഗ്രഹവുമാകുന്നു എന്ന നിലയില്‍ മത്ര ബലദിയ പാര്‍ക്കിങ്ങിലെ വിപുലമായ രീതിയില്‍ നടന്നുവരുന്ന ഈ ഇഫ്താര്‍ ഏറെ ശ്രദ്ധേയമാവുകയാണ്.
ഫ്രൂട്സും, ലബനും, ബിരിയാണിയും അടങ്ങുന്ന നോമ്പുതുറ വിഭവങ്ങള്‍, എത്തിച്ചേരുന്ന എല്ലാവര്ക്കും തികയത്തക്ക രീതിയില്‍ ഒരുക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കുന്നുണ്ട്. നോമ്പ് കഴിയുന്നത് വരെ കുറ്റമറ്റ രീതില്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ സന്നദ്ധരാണെന്ന് മത്ര കെ.എംസി.സി.പ്രസിഡന്റ് സാദിഖ് ആഡൂര് പറഞ്ഞു.