ആഴക്കടലിന്റെ സൗന്ദര്യം സന്ദർശകർക്ക് പകർന്ന് മുസന്ദം
text_fieldsമുസന്ദം മേഖലയുടെ ആകാശക്കാഴ്ച
ഖസബ്: മുസന്ദമിൽ ആഴക്കടലിലെ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ അവസരമൊരുക്കി മുസന്ദം ഡിസ്കവറി ഡൈവിങ് സെന്റർ. ഈ മേഖലയിലെ സ്വദേശി സംരംഭമായ കേന്ദ്രത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലെ സൗന്ദര്യം അനുഭവിക്കാൻ നിരവധി സഞ്ചാരികളാണെത്തുന്നത്.
മത്സ്യബന്ധന മേഖലയിലൂടെയാണ് കടലുമായുള്ള തന്റെ യാത്ര ആരംഭിച്ചതെന്ന് ഡൈവിങ് സെന്ററിന്റെ ഉടമയായ ബദർ മുഹമ്മദ് അൽ ഷെഹി ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു. നീലക്കടലിന്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന നിധികൾ കണ്ടെത്താനുള്ള ആകാംക്ഷയാണ് പിന്നീട് അദ്ദേഹത്തെ ഡൈവിങ്ങിലേക്കെത്തിച്ചത്. ഖസബ് വിലായത്തിലെ ജർമൻ കമ്പനിയുമായി ബന്ധമുള്ള ഒരു കേന്ദ്രത്തിൽ ജോലി ചെയ്ത് ഡൈവിങ്ങിലെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കിയ അദ്ദേഹം, പ്രഫഷനൽ അസോസിയേഷൻ ഓഫ് ഡൈവിങ് ഇൻസ്ട്രക്ടേഴ്സ് (പി.എ.ഡി.ഐ) നൽകുന്ന ഇൻസ്ട്രക്ടർ ലൈസൻസ് നേടി 2015ൽ സ്വന്തം കേന്ദ്രം സ്ഥാപിക്കുകയായിരുന്നു.
ഇരുവശവും ഉയർന്ന മലനിരകൾക്കിടയിലെ ഉൾക്കടൽ പ്രദേശം നിറഞ്ഞ ഭൂപ്രകൃതിയും സമൃദ്ധമായ സമുദ്രജീവജാല വൈവിധ്യവുമാണ് മുസന്ദം ഗവർണറേറ്റിനെ പ്രത്യേകമാക്കുന്നതെന്ന് അൽ ഷെഹി പറഞ്ഞു. മലനിരകളും കടലും ചേർന്ന സവിശേഷമായ പരിസ്ഥിതി അപൂർവ സമുദ്രജീവികൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുന്നു. നിലവിൽ 30ലധികം ഡൈവിങ് കേന്ദ്രങ്ങളിലേക്ക് ദിവസേന യാത്രകൾ, പരിശീലന കോഴ്സുകൾ, ലൈസൻസ് ഇല്ലാത്തവർക്കുള്ള ‘ഡിസ്കവർ സ്കൂബ ഡൈവിങ്’ പരിപാടികൾ, സ്നോർക്കലിങ് യാത്രകൾ എന്നിവയും സെന്റർ ഒരുക്കുന്നുണ്ട്. മുസന്ദം ഗവർണറേറ്റ് സമുദ്രജീവികൾക്ക് സുരക്ഷിത സങ്കേതമാണെന്ന് അദ്ദേഹം പറഞ്ഞു. കടൽതീര ശുചീകരണ കാമ്പയിനുകളും പവിഴപ്പുറ്റ് വളർത്തൽ പദ്ധതികളുമായി ‘മുസന്ദം ഡൈവിങ് ടീം’ എന്ന സംഘം സന്നദ്ധ പ്രവർത്തനം നടത്തിവരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമുദ്രകായിക പ്രദർശനമായ ജർമനിയിലെ ബൂട്ട് ഡ്യൂസൽഡോർഫ് ബോട്ട് ആൻഡ് വാട്ടർ സ്പോർട്സ് ഷോയിൽ പങ്കെടുക്കുന്ന ആദ്യ ഒമാൻ കമ്പനി കൂടിയാണ് ഈ കേന്ദ്രം.
മുസന്ദമിൽ ആഴക്കടലിലെ കാഴ്ചകൾ ആസ്വദിക്കുന്ന സഞ്ചാരികൾ
മുസന്ദം ഗവർണറുടെ ഓഫിസുമായി സഹകരിച്ച് മുസന്ദം ഇന്റർനാഷനൽ ഡൈവിങ് ഫെസ്റ്റിവൽ ആദ്യ പതിപ്പും വിജയകരമായി സംഘടിപ്പിച്ചു. പുതിയ പദ്ധതികൾ പഠനഘട്ടത്തിലാണെന്നും അന്താരാഷ്ട്ര ഡൈവിങ് ഭൂപടത്തിൽ ആഗോള തലത്തിൽ മുൻനിര കേന്ദ്രമായി മുസന്ദം മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


