മാലിന്യ നിക്ഷേപ പെട്ടികൾ മൂടിവെക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി
text_fieldsമസ്കത്ത്: മാലിന്യ പെട്ടികളിൽ മാലിന്യം നിക്ഷേപിച്ച ശേഷം അവ കൃത്യമായി മൂടിവെക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. മൂടിയില്ലാത്ത മാലിന്യ പെട്ടികൾ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുമെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മാലിന്യ പെട്ടികളുടെ മൂടികൾ അടച്ചു സൂക്ഷിക്കുന്നത് വഴി പരിസര ശുചിത്വം നിലനിർത്താനും പൊതുജനാരോഗ്യം സംരക്ഷിക്കാനും റസിഡൻഷ്യൽ മേഖലകളുടെ ഭംഗി നിലനിർത്താനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത് ഓരോ പൗരനും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ലളിതമായ മുൻകരുതലാണ്. മാലിന്യ പെട്ടികൾ തുറന്നിടുന്നത് ഈച്ചകളും കൊതുകുകളും പെരുകാൻ കാരണമാകും. കൂടാതെ, കടുത്ത ദുർഗന്ധവും പരത്തുകയും എലി ശല്യം വർധിക്കാനിടയാക്കുകയും ചെയ്യും. വിവിധ പകർച്ചവ്യാധികളും അബുബാധകൾക്കും ഇടയാക്കുമെന്നും മുനിസിപ്പാലിറ്റി ഉണർത്തി.


