മത്ര കേബിൾ കാർ പദ്ധതിക്ക് തുടക്കം; സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങി മത്ര ടെലിഫെറിക്
text_fieldsമസ്‌കത്ത്: ഒമാനിലെ വിനോദസഞ്ചാര മേഖലയിൽ പുതിയ ആകർഷണമായി മത്ര കേബിൾ കാർ (മത്ര ടെലിഫെറിക്) സർവീസിന്റെ സോഫ്റ്റ് ലോഞ്ച് പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രവർത്തന സമയവും ടിക്കറ്റ് നിരക്കുകളും അധികൃതർ പുറത്തുവിട്ടു. മത്രയുടെ പ്രകൃതിഭംഗിയും കടൽക്കാഴ്ചകളും ആകാശത്തുനിന്ന് ആസ്വദിക്കാൻ അവസരമൊരുക്കുന്നതാണ് കേബിൾ കാർ പദ്ധതി.ഞായർ മുതൽ ബുധൻ വരെ ഉച്ചക്ക് ഒരു മണി മുതൽ രാത്രി എട്ടു വരെയും വ്യാഴം മുതൽ ശനി വരെ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി പത്തു വരെയുമാണ് സർവീസ്. അവസാന ടിക്കറ്റ് വിതരണവും ബോർഡിങ്ങും യഥാക്രമം വൈകിട്ട് ഏഴിനും രാത്രി ഒമ്പതിനും അവസാനിക്കും.
ഒമാനി പൗരന്മാർക്കും താമസക്കാർക്കും 12 വയസ്സിന് മുകളിലുള്ളവർക്ക് 8.4 റിയാലും രണ്ടു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് 4.2 റിയാലുമാണ് ടിക്കറ്റ് നിരക്ക്. രണ്ടു വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കും. വിനോദസഞ്ചാരികൾക്ക് മുതിർന്നവർക്ക് 10.8 റിയാലും കുട്ടികൾക്ക് 5.4 റിയാലുമാണ് നിരക്ക്. വി.ഐ.പി കാബിനിൽ രണ്ടു വയസ്സിന് മുകളിലുള്ളവർക്ക് 30 റിയാലാണ് ടിക്കറ്റ് നിരക്ക്.ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയും സ്റ്റേഷനിലെ കിയോസ്കുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മത്രയിലെ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഉണർവേകുന്നതാണ് പുതിയ പദ്ധതി.


