മത്ര കോര്‍ണിഷിന് മനോഹാരിത പകർന്ന് കളകളാരവം
text_fieldsമത്ര കോര്‍ണിഷിലെ ദേശാടനക്കിളികൾ
മത്ര: കോര്‍ണിഷിലെ അതിമനോഹരമായ പ്രഭാത കാഴ്ചകള്‍ക്ക് മകുടം ചാര്‍ത്തി ദേശാടപ്പക്ഷികളുടെ കളകളാരവം കൂടിയെത്തി. ശൈത്യകാലം വന്നണഞ്ഞാലുള്ള മത്ര കോര്‍ണിഷിലെ ഈ കാഴ്ചകള്‍ക്ക് ഏഴഴകാണ്. വിദൂരങ്ങള്‍ താണ്ടി കൂട്ടത്തോടെ എത്തിച്ചേരുന്ന ദേശാടനപക്ഷികളുടെ സംഗമ കേന്ദ്രമാണിപ്പോള്‍ മത്ര കോര്‍ണിഷ്. രാവിലെ തന്നെ കോര്‍ണിഷിലെ കാഴ്ചകള്‍ കണ്ട് ആസ്വദിക്കാനും പടം പിടിക്കാനും നിരവധി ആളുകളാണ് എത്തിച്ചേരുന്നത്.
ചൂടൊഴിഞ്ഞ് കുളിര്മയുള്ള അന്തരീക്ഷം വന്നാല്‍ വിദേശ സഞ്ചാരികളാലും ദേശാടന പക്ഷികളാലും കോര്‍ണീഷിന് വര്ണശഭള മേളമാണ്. കിലോ മീറ്ററുകളോളം നീണ്ടു കിടക്കുന്ന കോര്‍ണിഷിലെ കടലോരങ്ങളിലെ കാഴ്ചകള്‍കണ്ട് വിദേശികളും ഈ സമയങ്ങളില്‍ നടന്നു നീങ്ങും.
ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തിച്ചേരുന്ന കപ്പലുകളില്‍ വന്നിറങ്ങുന്ന സഞ്ചാരികള്‍ ഈ മനോഹര കാഴ്ചകള്‍ ആസ്വദിച്ച് ലോകം മുഴക്കെ ഒമാന്റെ സൗന്ദര്യ പ്രചാരകരുമാവും. മത്ര ടൂറിസം സൂഖിലെ കച്ചവടക്കാരും ഈ സമയങ്ങളില്‍ സന്തോഷത്തിലാണ്. ടൂറിസം സീസണ് പതിവിന് വിപരീതമായി പതുക്കെയാണ് സജീവമാകുന്നത്. മേഖലയിൽ നിലനില്‍ക്കുന്ന യുദ്ധരാന്തരീക്ഷം കാരണം കപ്പലുകള്‍ പഴയ പോലെ നങ്കൂരമിടുന്നില്ല.