Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഞ്ഞുമലകളെ പ്രണയിച്ച...

മഞ്ഞുമലകളെ പ്രണയിച്ച നാദിറ

text_fields
bookmark_border
മഞ്ഞുമലകളെ പ്രണയിച്ച നാദിറ
cancel

മസ്കത്ത്: കൊടുമുടികളോട് പ്രണയം തോന്നി, മഞ്ഞിന്റെ തണുപ്പിലേക്ക് സ്വന്തം സ്വപ്നങ്ങളെ പറിച്ച് നട്ട ഒമാന്റെ പ്രിയപ്പെട്ട പർവതാരോഹക നാദിറ അൽ ഹാർത്തിയുടെ വിയോഗം ഒമാൻ ജനതയെ കണ്ണീരിലാഴ്ത്തുകയാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിതയായ നാദിറ, 2019-ലായിരുന്നു ആ സുവർണ നേട്ടം കൈവരിച്ചത്.

പാകിസ്താനിലെ ബ്രോഡ് പീക്ക് മലനിരകളിലുണ്ടായ അതിശക്തമായ മഞ്ഞുമലയിടിച്ചിലിലാണ് നാദിറ അൽ ഹാർത്തി ഉൾപ്പെടെയുള്ള പത്തു പർവ്വതാരോഹകർ പെട്ടത്. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30-ഓടെയാണ് അപകടം. സമുദ്രനിരപ്പിൽ നിന്ന് 8,047 മീറ്റർ ഉയരമുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 12-ആമത്തെ കൊടുമുടിയാണ് ബ്രോഡ് പീക്ക്. ബ്രോഡ് പീക്കിൽ ക്യാമ്പ് മൂന്നിന് തൊട്ടുതാഴെ 6,600 മീറ്റർ ഉയരത്തിൽ വെച്ച് പർവതാരോഹക സംഘത്തിനുമേൽ രണ്ട് തവണ മഞ്ഞിൻ പാളികൾ പതിക്കുകയായിരുന്നു.

എവറസ്റ്റിൽ പാറിയ ഒമാനി പതാക

ലോകത്തിന്റെ നെറുകയിലേക്ക് ഒമാന്റെ ദേശീയ പതാകയുമായി നടന്നു കയറിയ നാദിറ അൽ ഹാർത്തിയുടെത് ആത്മവിശ്വാസത്തിന്റെ പേരായിരുന്നു. വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട അവർ ഒമാനിലെയും അറബ് ലോകത്തെയും ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് സ്വപ്നം കാണാനുള്ള ഊർജം പകർന്നു നൽകി. ബിരുദാനന്തര ബിരുദധാരിയായ നാദിറ, ഒമാൻ സുൽത്താനേറ്റിലെ ഔദ്യോഗിക പദവിയിലിരിക്കെയാണ് തന്റെ ജീവിതം മാറ്റിമറിച്ച ആ തീരുമാനമെടുക്കുന്നത്. സാഹസികതയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അവരെ പർവതാരോഹണ രംഗത്തേക്ക് എത്തിച്ചത്.

ഒമാനിൽ നിന്ന് ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഖാലിദ് അൽ സിയാബിയെ കണ്ടുമുട്ടിയത് നാദിറയുടെ ജീവിതത്തിലെ വഴിത്തിരിവായി. അദ്ദേഹം അവരുടെ പരിശീലകനും വഴികാട്ടിയുമായി മാറി. രണ്ടു വർഷത്തോളം നീണ്ട കഠിനമായ ശാരീരിക-മാനസിക പരിശീലനങ്ങൾക്കൊടുവിലാണ് നാദിറ എവറസ്റ്റ് ദൗത്യത്തിന് പുറപ്പെടുന്നത്. 42 കിലോമീറ്റർ മസ്കത്ത് മാരത്തൺ, ജബൽ അഖ്ദറിലെ കഠിനമായ 90 കിലോമീറ്റർ അൾട്രാ മാരത്തൺ എന്നിവ പൂർത്തിയാക്കി അവർ തന്റെ കായികക്ഷമത തെളിയിച്ചു.

ഒടുവിൽ 2019 മെയ് 23-ന് മൈനസ് 30 ഡിഗ്രി തണുപ്പിനെ അവഗണിച്ച് എവറസ്റ്റിന്റെ ഉച്ചിയിൽ (8,848 മീറ്റർ) ഒമാന്റെ പതാക പാറിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഒമാനി വനിതയായി നാദിറ ചരിത്രത്തിലിടംനേടി. കനേഡിയൻ സംവിധായകൻ ഏലിയ സൈക്കലി ഇവരുടെ ഈ യാത്രയെ ആസ്പദമാക്കി ‘ഡ്രീം ഓഫ് എവറസ്റ്റ്’ എന്ന ഡോക്യുമെന്ററിയും നിർമിച്ചു. ആ നേട്ടം കൈവരിക്കുമ്പോൾ നാദിറക്ക് അന്ന് 41 വയസ്സ്.

എവറസ്റ്റ് നേട്ടത്തിന് പിന്നാലെ നാദിറയുടെ അഭിമുഖം ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ‘‘ഒമാന്റെ ദേശീയ പതാക നെഞ്ചിൽ ചേർത്ത് എവറസ്റ്റിന് മുകളിൽ അഭിമാനത്തോടെ നിൽക്കുന്ന സമയത്ത് ഒരായിരം സമ്മിശ്ര വികാരങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് ആ അവിസ്മരണീയ മുഹൂർത്തത്തെക്കുറിച്ച് നാദിറ ഓർത്തെടുത്തിരുന്നു. നമ്മുടെ സ്വപ്നത്തിനായി തീർത്തും പ്രയാസകരമായ ഒരു ലക്ഷ്യം തന്നെ മുന്നിൽ വെക്കണമെന്നാണ് നാദിറക്ക് യുവതലമുറയോട് പറയാനുണ്ടായിരുന്നത്. അത്തരം വെല്ലുവിളികൾ ഏറ്റെടുക്കുന്നത് വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനും ജീവിതത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നതിനും സഹായിക്കുമെന്ന് അവർ എപ്പോഴും ഓർമിപ്പിച്ചു.

ബ്രോഡ് പീക്കിലെ നിശ്ശബ്ദതയിലേക്ക്...

എവറസ്റ്റിന് ശേഷം ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ 14 സൂപ്പർ കൊടുമുടികളും കീഴടക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് നാദിറ ചുവടുവെച്ചത്. ഇതിന്റെ ഭാഗമായി കെ2, മനാസ്ലു എന്നീ കൊടുമുടികൾ അവർ വിജയകരമായി കീഴടക്കി. ഒടുവിൽ, ലോകത്തിലെ ഏറ്റവും കഠിനമായ പർവതാരോഹണ പാതകളിലൊന്നായ ബ്രോഡ് പീക്കിലേക്ക് (8,047 മീറ്റർ) അവർ യാത്ര തിരിച്ചു.

എന്നാൽ, ക്യാമ്പ് മൂന്നിന് തൊട്ടുതാഴെ 6,600 മീറ്റർ ഉയരത്തിൽ വെച്ച് മഞ്ഞുമലയിടിച്ചിലിൽ ആ യാത്ര പാതി മുറിഞ്ഞു. തനിക്കേറ്റവും പ്രിയപ്പെട്ട മഞ്ഞിൻ മലനിരകളിൽ തന്നെയായിരുന്നു നാദിറയുടെ ജീവിതത്തിന്റെ അവസാനശ്വസവും. മരണമില്ലാത്ത ഓർമകളിലേക്ക് നടന്നുകയറിയ ഒമാന്റെ ധീരപുത്രി തലമുറകൾക്ക് പ്രചോദനമേകും. തീർച്ച !

Show Full Article
TAGS:snowfal Snow Mountains Oman women 
News Summary - മഞ്ഞുമലകളെ പ്രണയിച്ച നാദിറ
Next Story