ദേശീയ ദിനാഘോഷം; 53 കിലോമീറ്റർ നടത്ത യജ്ഞവുമായി മലയാളി യുവാക്കൾ
text_fields53 കിലോമീറ്റർ നടത്തത്തിനൊരുങ്ങുന്ന നൂറുദ്ദീനും നൗഫലിനും ജഴ്സി കൈമാറിയപ്പോൾ
മസ്കത്ത്: ഒമാന്റെ 53ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 53 കിലോമീറ്റർ നടത്ത യജ്ഞവുമായി മലയാളി യുവാക്കൾ. മസ്കത്തിലുള്ള തിരുവനന്തപുരം സ്വദേശി നൂറുദ്ദീനും മലപ്പുറം സ്വദേശി നൗഫൽ തിരൂരുമാണ് ദേശീയ ദിനാഘോഷ സന്ദേശങ്ങളും ആരോഗ്യ ബോധവത്കരണവും പകർന്ന് വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നു മുതൽ നടക്കാൻ ഒരുങ്ങുന്നത്. മത്ര മുതൽ ബർക്ക പാലസ് വരെയാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂർകൊണ്ട് ഏകദേശം അഞ്ചു മുതൽ ആറു കിലോമീറ്റർ വരെ മറികടക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇങ്ങനെ 10 മണിക്കൂർകൊണ്ട് ലക്ഷ്യം പൂർത്തീകരിക്കുമെന്ന് നൂറുദ്ദീൻ പറഞ്ഞു. പ്രവാസികളിൽ അടുത്തിടെയായി ഹൃദയാഘാതം മൂലമുള്ള മരണം വർധിച്ചുവരുന്നതായാണ് കണ്ടുവരുന്നത്.
വ്യായാമത്തിന്റെ കുറവാണ് ഇതിനുള്ള കാരണമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും നടത്തത്തിനുണ്ടെന്നും ഇരുവരും പറഞ്ഞു. ഗൂബ്രയിലെ അൽ ആമിരി ഹൽവ കമ്പനിയിലെ ജീവനക്കാരനാണ് നൂറുദ്ദീൻ. മസ്കത്തിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ് നൗഫൽ തിരൂർ.
ബൗഷർ കഫേ ക്യൂബിൽ നടന്ന പരിപാടിയിൽ യുനൈറ്റഡ് കാർഗോ ആൻഡ് ലോജിസ്റ്റിക്സ് എം.ഡി നിയാസ് ഇരുവർക്കും ജഴ്സി കൈമാറി. ചടങ്ങ് സാമൂഹിക പ്രവർത്തകൻ സിയാദ് ഉദ്ഘാടനം ചെയ്തു. ലൈബു മുഹമ്മദ്, മുനീർ, ഇസ്മാഈൽ, സജീവ്, നിസാർ എന്നിവർ സംസാരിച്ചു.