പുതിയ പാസ്പോര്‍ട്ട് ഇഷ്യു ചെയ്തു; യാത്ര മുടങ്ങിയ കുടുംബം ഒടുവിൽ ഒമാനിലെത്തി
text_fieldsമത്ര: കണ്ണൂര്‍ പാസ്പോർട്ട് ഓഫിസിലെ ജീവനക്കാരന് വരുത്തി വെച്ച അശ്രദ്ധമൂലം മസ്കത്തിലേക്കുള്ള യാത്ര മുടങ്ങിയ അഞ്ചംഗ കുടുംബം ഒടുവിൽ ഒമാനിലെത്തി. ഉടമ അറിയാതെ പാസ്പോർട്ട് ഓഫിസിലെ അശ്രദ്ധ നിമിത്തമാണ് 2029വരെ കാലവധിയുള്ള പാസ്പോര്‍ട്ട് ക്യാന്‍സലായത്. എന്നാൽ, ഇതറിയതെ സന്ദർശക വിസയും ടിക്കറ്റും എടുത്ത് കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യാ എക്സ് പ്രസില്‍ മസ്കത്തിലേക്ക് പുറപ്പെടാനായി വിമാനത്താവളത്തിലെത്തി ബോഡിങ്ങ് പാസൊക്കെ കഴിഞ്ഞ് എമിഗ്രേഷനില്‍ എത്തിയപ്പോളാണ് പാസ്പോർട്ട് റദ്ദായ വിവരം അറിയുന്നത്.
ഇതോടെ അഞ്ചംഗ കുടുംബത്തിന്റെ യാത്ര മുടങ്ങുകയായിരുന്നു. കാലാവധി തീര്‍ന്ന ചെറിയ മകളുടെ പാസ്പോർട്ട് പുതുക്കാന്‍ നല്കിയപ്പോള് അറ്റാച്ചായി നല്കിയ മാതാവിന്റെ പാസ്പോർട്ടും ഉദ്യോഗസ്ഥന്റെ അശ്രദ്ധ മൂലം ക്യാന്‍സലായത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. യാത്ര മുടങ്ങിയ സംഭവം മാധ്യമം വാര്‍ത്തയാക്കിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തെറ്റ് മനസിലാക്കിയ കണ്ണൂര്‍ പാസ്പോര്‍ട്ട് ഓഫിസില്‍നിന്നും പരാതി ചെന്ന ഉടന്‍തന്നെ പുതിയ പാസ്പോര്‍ട്ട് ഇഷ്യു ചെയ്ത് നല്‍കുകയായിരുന്നു.
യാത്ര ചെയ്യാന്‍ പറ്റാത്തതിനാല്‍ അഞ്ചുപേരുടെ ടിക്കറ്റിന്റെ പൈസയാണ് നഷ്ടമായത്. യാത്ര ചെയ്യാനകാതെ മടങ്ങപ്പോകേണ്ടിയും വന്നതിനാല്‍ മത്രയിലുള്ള പ്രവാസിക്ക് വന്‍ നഷ്ടമാണ് വരുത്തിവെച്ചത്. പരാതി നല്കി നഷ്ടങ്ങള്‍ ഈടാക്കാന്‍ ശ്രമം നടത്തണമെന്നുണ്ടായിരുന്നു. നിയമത്തിന്റെ നൂലാമാലകളൊക്കെ മറികടന്ന് വരുമ്പഴേക്കും കുട്ടികളുടെ സ്കൂൾ അവധിക്കാലം കഴിയുമെന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് മത്രയിലുള്ള പ്രവാസി ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.