യാത്രകളിൽ ക്യൂവിൽ നിന്നും സമയം കളയേണ്ട; ഇ -ഗേറ്റുകൾ ഉപയോഗപ്പെടുത്താം
text_fieldsപലപ്പോഴും വിദേശയാത്രകളിൽ പ്രവാസികളും അല്ലാത്തവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇമിഗ്രേഷൻ കൗണ്ടറുകളിലെ വലിയ നിരയും, അവിടെ ഇരിക്കുന്ന ഉദ്യോഗസ്ഥരിൽ ചിലരെങ്കിലും ചോദിക്കുന്ന നിരവധി ചോദ്യങ്ങളും, എന്നാണ് വന്നത്, എവിടെ ജോലി ചെയ്യുന്നു, എന്തിനാണ് കൊച്ചിയിൽ വന്നിട്ട്, കോഴിക്കോട് വഴി പോകുന്നത്, അങ്ങനെ പോകുന്നു ചോദ്യങ്ങളുടെ ഒരു നിര. ഇതിനൊക്കെ ഒരു പരിഹാരമാണ് ഇ -ഗേറ്റുകൾ.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിൽ ഇപ്പോൾ ഇ- ഗേറ്റ് സംവിധാനം നിലവിലുണ്ട്. ഇതിനെ അറിയപ്പെടുന്നത് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ (എഫ്.ടി.ഐ-ടി.ടി.പി) എന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് ആവിഷ്കരിച്ചു നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്കും ഒ.സി.ഐ കാർഡ് ഉടമകൾക്കും വിമാനത്താവളങ്ങളിൽ വേഗത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസ് നേടാൻ സഹായിക്കുന്ന ഒരു സൗജന്യ സംവിധാനമാണ്. ഇതിലൂടെ ബയോമെട്രിക് സ്കാനിങ് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാം, തിരക്ക് ഒഴിവാക്കാം. ഇതിൽ രജിസ്റ്റർ ചെയ്ത് അംഗമാകുന്നവർക്ക് ഇ-ഗേറ്റുകൾ വഴി വേഗത്തിൽ കടന്നുപോകാം.
അപേക്ഷിക്കുന്ന വിധം:-
ഓൺലൈനായോ ഓഫ്ലൈനായോ അപേക്ഷ കൊടുക്കണം. മേൽപറഞ്ഞ എല്ലാ വിമാനത്താവളങ്ങളിലും ഇതിനുള്ള സൗകര്യം ലഭ്യമാണ്. കിയോസ്കുകൾ അല്ലെങ്കിൽ ക്യൂ.ആർ കോഡ് സ്കാനിങ് വഴി ഇതിനുള്ള സൗകര്യമുണ്ട്. നിങ്ങളുടെ എല്ലാ വിവരങ്ങളും, ഫോൺ നമ്പർ, മെയിൽ ഐഡി , പാസ്പോർട്ട് ഡീറ്റെയിൽസ്, അഡ്രസ് എന്നിവ ഓൺലൈനായി കൊടുക്കണം. പാസ്പോർട്ടിന്റെ മുൻ- പിൻ പേജ്, പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ ജെപെഗ് ഫോർമാറ്റിൽ സ്കാൻ ചെയ്തു മൊബൈലിൽ ഉണ്ടായാൽ നല്ലത്. ഇല്ലെങ്കിൽ എയർ പോർട്ടിലെ ഹെൽപ് ഡെസ്കിൽ ഇതിനുള്ള സൗകര്യമുണ്ട്. അഡ്രസ് പ്രൂഫിനു ആധാർ കാർഡ് പറ്റില്ല. മറ്റു രേഖകൾ പി.ഡി.എഫ് ആയി വേണം അപ്ലോഡ് ചെയ്യാൻ. പാസ്പോർട്ടിന് ആറു മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം.
ഇത്രയും കഴിഞ്ഞാൽ വിമാനത്താവളത്തിൽ തന്നെയുള്ള ഇമിഗ്രേഷൻ കൗണ്ടറുകളിലോ അല്ലെങ്കിൽ ഹെൽപ് ഡെസ്കിലോ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളം) നൽകി എൻട്രോൾമെന്റ് പൂർത്തിയാക്കണം. ഇനി നേരത്തെ ഓൺലൈനായി അപേക്ഷ നൽകിയവർ എയർ പോർട്ടിലെ കൗണ്ടറിൽ പോയി വിരലടയാളം മാത്രം കൊടുത്താൽ മതിയാകും. ഇത്രയും കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസത്തിനകം, രേഖകൾ എല്ലാം ശരിയാണെങ്കിൽ നിങ്ങൾക്ക് ഇ മെയിൽ ആയി അപ്രൂവൽ വിവരം അറിയിക്കും. മെയിൽ പരിശോധിക്കണം. ഇങ്ങനെ മെയിൽ കിട്ടിയാൽ, പിന്നീട് യാത്ര ചെയ്യുമ്പോൾ ഇ -ഗേറ്റ് സൗകര്യം ഉപയോഗിക്കാം.
നിങ്ങളുടെ പാസ്പോർട്ടിൽ സ്റ്റാമ്പിങ് ഉണ്ടാകുന്നില്ല എന്നതും പ്രധാനമാണ്. വളരെയധികം യാത്രകൾ ചെയ്യുന്നവരുടെ ഒരു പ്രശ്നമാണ് സ്റ്റാമ്പിങ് കൊണ്ട് പാസ്പോർട്ടിന്റെ പേജുകൾ പെട്ടെന്ന് തീർന്നു പോകുന്നത്. അതിനും ഇതൊരു പരിഹാരമാണ്.
ചുരുക്കത്തിൽ വിമാനത്താവളങ്ങളിൽ നീണ്ട ക്യൂ നിന്ന് സമയം കളയുന്നതിനേക്കാൾ കുറച്ചു സമയം ചിലവഴിച്ചാൽ നിങ്ങളുടെ യാത്രകൾ സുഗമമാക്കാം. ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കു ഈ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക. (https://ftittp.mha.gov.in, india.ftittp-boi@mha.gov.in.)
.(തുടരും )
(ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ് ലേഖകൻ)


