Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎണ്ണവരുമാനം...

എണ്ണവരുമാനം കുറഞ്ഞിട്ടും ഒമാന് നേട്ടം; ആദ്യ പാദത്തിൽ 1.54 ബില്യൺ റിയാലിന്റെ വ്യാപാര മിച്ചം

text_fields
bookmark_border
എണ്ണവരുമാനം കുറഞ്ഞിട്ടും ഒമാന് നേട്ടം; ആദ്യ പാദത്തിൽ 1.54 ബില്യൺ റിയാലിന്റെ വ്യാപാര മിച്ചം
cancel

മസ്കത്ത്: ആഗോള വിപണിയിൽ എണ്ണ, വാതക വരുമാനത്തിൽ ഇടിവുണ്ടായിട്ടും 2026-ന്റെ ആദ്യ പാദത്തിൽ മികച്ച വ്യാപാര മിച്ചം കൈവരിച്ച് ഒമാൻ. ദേശീയ സ്ഥിതിവിവരക്കണക്ക് കേന്ദ്രം (എൻ.സി.എസ്.ഐ) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, മാർച്ച് അവസാനം വരെയുള്ള കണക്കിൽ സുൽത്താനേറ്റ് 1.54 ബില്യൺ ഒമാനി റിയാലിന്റെ വ്യാപാര മിച്ചമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.53 ബില്യൺ റിയാലായിരുന്നു.

ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെ ആകെ ചരക്ക് കയറ്റുമതി 5.3 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (5.8 ബില്യൺ റിയാൽ) കയറ്റുമതിയിൽ 8.5 ശതമാനം കുറവുണ്ടായി. ഇതിനൊപ്പം ചരക്ക് ഇറക്കുമതിയിലും 11.7 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 4.3 ബില്യൺ റിയാലായിരുന്ന ഇറക്കുമതി ഇത്തവണ 3.8 ബില്യൺ റിയാലായി ചുരുങ്ങി. ഇറക്കുമതിയിലുണ്ടായ ഈ വലിയ കുറവാണ് കയറ്റുമതി വരുമാനം കുറഞ്ഞിട്ടും രാജ്യത്തിന്റെ വ്യാപാര മിച്ചം ഉയർന്നു നിൽക്കാൻ പ്രധാന കാരണമായത്.


എണ്ണ-വാതക മേഖലയിലെ വരുമാനത്തിലുണ്ടായ 13 ശതമാനം ഇടിവാണ് ആകെ കയറ്റുമതി കുറയാൻ കാരണം. ഈ വർഷം ആദ്യ പാദത്തിൽ എണ്ണ-വാതക കയറ്റുമതി വഴി 3.4 ബില്യൺ റിയാലാണ് ലഭിച്ചത്. അതേസമയം, എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി വലിയ മാറ്റമില്ലാതെ 1.61 ബില്യൺ റിയാലായി സുസ്ഥിരമായി തുടർന്നു. ഒമാനിൽ നിന്നുള്ള റീ-എക്സ്​പോർട്ട് 4.6 ശതമാനം വർധിച്ച് 367 മില്യൺ റിയാലിലെത്തിയതും സമ്പദ്‌വ്യവസ്ഥക്ക് കരുത്തായി. എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ യു.എ.ഇ തന്നെയാണ് ഒമാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 382 മില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് യു.എ.ഇയിലേക്ക് കയറ്റി അയച്ചത്. റീ എക്സ്പോർട്ടിലും (102 മില്യൺ റിയാൽ) യു.എ.ഇ തന്നെയാണ് മുന്നിൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള ആകെ വ്യാപാരം 1.1 ബില്യൺ റിയാലിലെത്തി.

എണ്ണയിതര കയറ്റുമതിയിൽ സൗദി അറേബ്യ (201 മില്യൺ റിയാൽ) രണ്ടാമതും ഇന്ത്യ (156 മില്യൺ റിയാൽ) മൂന്നാമതുമാണ്. റീ എക്സ്പോർട്ടിൽ സൗദി അറേബ്യ രണ്ടാം സ്ഥാനവും ഇറാൻ മൂന്നാം സ്ഥാനവും പങ്കിടുന്നു. ഒമാനിലേക്ക് ഏറ്റവും കൂടുതൽ ചരക്കുകൾ ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ 537 മില്യൺ റിയാലുമായി ചൈനയാണ് ഒന്നാമത്. 308 മില്യൺ റിയാലുമായി സൗദി അറേബ്യയാണ് തൊട്ടുപിന്നിൽ. എണ്ണവരുമാനം കുറഞ്ഞിട്ടും ഇതര കയറ്റുമതിയിലെ സ്ഥിരതയും ഇറക്കുമതിച്ചെലവ് കുറഞ്ഞതും ഒമാന്റെ സാമ്പത്തിക ഭദ്രത തെളിയിക്കുന്നതാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Show Full Article
TAGS:Oman News Gulf News Muscat Oil trade Trade Surplus UAE India imports and exports 
News Summary - Oman records trade surplus despite drop in oil revenues
Next Story