വിസ ഇളവ് ഉൾപ്പെടെ ഒമാനും റഷ്യയും ഒമ്പത് പ്രധാന കരാറുകളിൽ ഒപ്പുവെച്ചു
text_fieldsമോസ്കോയിലെ ക്രെംലിൻ കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഒമാനും റഷ്യയും വിസ ഇളവ് ഉൾപ്പെടെ ഒമ്പത് പ്രധാന കരാറുകളിൽ ഒപ്പുവച്ചു. പരസ്പര വിസ ഇളവ്, ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര ലഘൂകരിക്കൽ, ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തൽ എന്നിവയാണ് കരാറിൽ ഉൾപ്പെടുന്നത്. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന സംയുക്ത സാമ്പത്തിക സമിതിക്ക് അടിത്തറ പാകുന്ന ഒരു സാമ്പത്തിക, സാങ്കേതിക സഹകരണ പ്രോട്ടോകോളും ഒപ്പുവെച്ചു.
കൂടാതെ, ഒമാൻ-റഷ്യ ബന്ധങ്ങളുടെ വളരുന്ന ആഴവും വ്യാപ്തിയും പ്രതിഫലിപ്പിക്കുന്ന വിവിധ മേഖലകളിലായി ഒമ്പത് ധാരണാപത്രങ്ങളിൽ ഒപ്പിട്ടു. കാലാവസ്ഥ വ്യതിയാനം, ഗതാഗതം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ പോരാട്ടം, മത്സ്യബന്ധന മേഖല വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒമാനി, റഷ്യൻ നയതന്ത്ര അക്കാദമികൾ തമ്മിലുള്ള പങ്കാളിത്തം ഉൾപ്പെടെ മാധ്യമം, വിവര കൈമാറ്റം, നയതന്ത്ര പരിശീലനം എന്നിവയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളിലും എത്തി.
ഒമാൻ ഡിപ്ലോമാറ്റിക് അക്കാദമിയും റഷ്യൻ ഡിപ്ലോമാറ്റിക് അക്കാദമിയും തമ്മിലുള്ള ധാരണ, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും റഷ്യൻ റോസ് കോൺഗ്രസ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണ, റോയൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനും റഷ്യൻ പ്രസിഡൻഷ്യൽ അക്കാദമി ഓഫ് നാഷനൽ ഇക്കണോമി ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷനും തമ്മിലുള്ള ധാരണാപത്രവും കരാറുകളിൽ ഉൾപ്പെടുന്നു. റഷ്യൻ പ്രസിഡന്റുമായി സുൽത്താൻ ഹൈതം ഉഭയകക്ഷി ചർച്ചകൾ നടത്തി.
മോസ്കോയിലെ ക്രെംലിൻ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സംയുക്ത താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള 40 വർഷത്തെ നയതന്ത്രബന്ധത്തിൽ സുൽത്താൻ ഹൈതം വഹിക്കുന്ന പങ്കിനെ പ്രസിഡന്റ് പുടിൻ പ്രശംസിച്ചു. സന്ദർശനത്തിന് മുന്നോടിയായി വികസിപ്പിച്ചെടുത്ത ‘കരാറുകളുടെ ഒരു പാക്കേജ്’ വഴി ഉഭയകക്ഷി ആശയവിനിമയങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരം, ഗതാഗതം, ഗതാഗതം, പരസ്പര നിക്ഷേപം, കൃഷി, ഊർജം തുടങ്ങിയ മേഖലകളിലെ സുപ്രധാന അവസരങ്ങളിലേക്ക് പ്രസിഡന്റ് പുടിൻ വിരൽ ചൂണ്ടി. റഷ്യയിലെ കമ്പനികൾ സുൽത്താനേറ്റുമായി ഈ സഹകരണം വികസിപ്പിക്കുന്നതിൽ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ഒമാനിലേക്കുള്ള കാർഷിക ഉൽപന്നങ്ങളുടെ നിലവിലുള്ള വിതരണത്തെയും ഊർജം മേഖലയിലെ സാധ്യതയുള്ള സഹകരണങ്ങളെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.റഷ്യ സന്ദർശിക്കാനുള്ള ക്ഷണത്തിനും ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും വ്ലാഡ്മിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ സുൽത്താൻ നന്ദി അറിയിച്ചു.
കഴിഞ്ഞ കാലയളവിൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തവും നല്ലതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിലാണ് റഷ്യൻ പ്രസിഡന്റുമായുള്ള ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സുൽത്താൻ പറഞ്ഞു. റഷ്യയിലെ ഒരു കൂട്ടം ബിസിനസുകാരുമായുള്ള കൂടിക്കാഴ്ചയിൽ സുൽത്താൻ സന്തുഷ്ടി പ്രകടിപ്പിച്ചു.സന്ദർശനം പൂർത്തിയാക്കി സുൽത്താൻ രാത്രിയോടെ മസ്കത്തിൽ തിരിച്ചെത്തുകയും ചെയ്തു.