Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right100 കോടി ഡോളറിന്റെ...

100 കോടി ഡോളറിന്റെ നിക്ഷേപം; ഉപ്പ് വ്യവസായത്തിൽ വൻ പദ്ധതികളുമായി ഒമാൻ

text_fields
bookmark_border
100 കോടി ഡോളറിന്റെ നിക്ഷേപം; ഉപ്പ് വ്യവസായത്തിൽ വൻ പദ്ധതികളുമായി ഒമാൻ
cancel

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റിലെ ഉപ്പ് വ്യവസായത്തിൽ വൻ വിപുലീകരണ പദ്ധതികളൊരുങ്ങുന്നു. വൻകിട വ്യവസായിക പദ്ധതികളും അനുബന്ധ നിർമാണ യൂനിറ്റുകളും വഴി 100 കോടി ഡോളറിലധികം നിക്ഷേപമാണ് ഈ മേഖലയിൽ ഒമാൻ ലക്ഷ്യമിടുന്നത്. ആഗോള വിപണി മുന്നിൽക്കണ്ട് ഉയർന്ന ഗുണനിലവാരമുള്ള വ്യാവസായിക ഉപ്പും ഭക്ഷ്യയോഗ്യമായ ഉപ്പും ഉൽപാദിപ്പിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.

ഇതിനൊപ്പം ഉപ്പളങ്ങളിൽ നിന്നുള്ള ഉപോൽപന്നങ്ങൾ ഉപയോഗിച്ച് ബ്രോമിൻ, കോസ്റ്റിക് സോഡ, സോഡാ ആഷ്, പോളി വിനൈൽ ക്ലോറൈഡ് തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും വിപുലീകരിക്കും. ഇതുവഴി രാജ്യത്തെ ഉപ്പ് വിഭവങ്ങളുടെ സാമ്പത്തിക മൂല്യം വർധിക്കുമെന്ന് പ്രതീക്ഷിക്ക​ുന്നു.

2025-ലെ കണക്കുകൾ പ്രകാരം ഒമാൻ ഏകദേശം 40,000 ടൺ ഉപ്പാണ് ഉൽപാദിപ്പിച്ചത്. ഇതിൽ 30,000 ടണ്ണും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയച്ചപ്പോൾ, 10,000 ടൺ ആഭ്യന്തര വിപണിയിൽ ഉപയോഗിച്ചു. പെട്രോളിയം, കെമിക്കൽ, ഭക്ഷ്യ സംസ്കരണ മേഖലകളിൽ ഒമാൻ ഉപ്പിന് ആവശ്യക്കാർ ഏറിവരികയാണ്.

കടലുപ്പ് ഉൽപാദനത്തിനായി ഊർജ-ഖനന മന്ത്രാലയം അൽ വുസ്ത ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ നാല് ഖനനാനുമതികൾ ഇതിനകം നൽകിക്കഴിഞ്ഞു. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രതിവർഷം 50 ലക്ഷം ടൺ ഉപ്പ് ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ കൂടുതൽ പ്രദേശങ്ങളിൽ ഉൽപാദനാനുമതി നൽകാനും പദ്ധതിയുണ്ട്.

അൽ വുസ്ത ഗവർണറേറ്റിന്റെ നീണ്ട തീരപ്രദേശം, ശക്തമായ കാറ്റ്, സ്വാഭാവിക ബാഷ്പീകരണത്തിന് അനുയോജ്യമായ കാലാവസ്ഥ, പ്രധാന തുറമുഖങ്ങളിലേക്കുള്ള കണക്റ്റിവിറ്റി എന്നിവ ഈ മേഖലയെ ഒമാന്റെ പ്രധാന ഉപ്പ് ഉൽപാദന കേന്ദ്രമായി നിലനിർത്തുന്നതിന് അനുകൂല ഘടകങ്ങളാണ്.

പരമ്പരാഗത രീതികളിൽ നിന്ന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ആധുനിക ഉൽപാദനത്തിലേക്ക് മേഖല മാറുന്നതോടെ ഒമാനികൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഊർജ-ഖനന മന്ത്രാലയത്തിലെ മിനറൽസ് ഡയറക്ടർ ജനറൽ എൻജിനീയർ സൗദ് ബിൻ ഖമീസ് അൽ മഹ്റൂഖി പറഞ്ഞു. എൻജിനീയറിങ്, ജിയോളജി, ഓപറേഷൻസ് മാനേജ്‌മെന്റ്, ക്വാളിറ്റി കൺട്രോൾ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ സ്വദേശികൾക്ക് തൊഴിലവസരമൊരുങ്ങും.

ഗതാഗതം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എസ്.എം.ഇകൾ) പുതിയ പദ്ധതികൾ പിന്തുണയേകും. പരിസ്ഥിതി സൗഹൃദപരമായ സൗരോർജ്ജ ബാഷ്പീകരണ രീതികളാണ് ഒമാനിലെ ഉപ്പ് നിർമാണ പദ്ധതികളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് എന്നതിനാൽ പരിസ്ഥിതി മലിനീകരണവും ഊർജ ഉപഭോഗവും പകുതിയായി കുറക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
TAGS:salt production invest Oman 
News Summary - Oman to invest $1 billion in salt industry
Next Story