ഒമാൻ-യു.എ.ഇ ദേശീയദിന അവധികൾ; ഹത്ത-വജാജ അതിർത്തിയിൽ അനുഭവപ്പെട്ടത് റെക്കോഡ് തിരക്ക്
text_fieldsയു.എ.ഇ ദേശീയദിനാഘോഷത്തിന് ഐക്യദാർഢ്യവുമായി വടക്കൻ ബാതിനയിലെ അതിർത്തിഗ്രാമത്തിൽ സംഘടിപ്പിച്ച പരിപാടി (ഇടത്ത്), വജാജ അതിർത്തിയിൽ
റോയൽ ഒമാൻ പൊലീസുമായി ചേർന്ന് സെക്രട്ടേറിയറ്റ് ജനറൽ ഓഫ് നാഷനൽ സെലിബ്രേഷൻ സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷ ഐക്യദാർഢ്യ പരിപാടി
മസ്കത്ത്: യു.എ.ഇ, ഒമാൻ ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് നീണ്ട അവധിദിനങ്ങൾ ലഭിച്ചതോടെ ഹത്ത-വജാജ അതിർത്തിയിൽ സന്ദർശകരുടെ റെക്കോഡ് തിരക്ക്. നവംബർ 25 മുതൽ ഡിസംബർ രണ്ടുവരെ 1,45,265 പേരാണ് അതിർത്തി കടന്നുപോയത്. ഒമാന്റെ 55ാം ദേശീയ ദിനത്തിന്റെയും യു.എ.ഇയുടെ 54ാം ദേശീയദിനത്തിന്റെയും അവധി ദിവസങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ വന്നതോടെയാണ് അതിർത്തിയിൽ യാത്രക്കാരുടെ ഒഴുക്ക് അസാധാരണമായി വർധിച്ചത്. ഒമാന്റെ ദേശീയദിനം നവംബർ 20ന് ആയിരുന്നെങ്കലും നവംബർ 26, 27 തീയതികളിലായിരുന്നു ദേശീയദിന അവധികൾ. 28, 29 തീയതികൾ വാരാന്ത്യ അവധികൂടി ചേർന്നതോടെ ഒമാനിൽനിന്ന് നിരവധി പേർ ദുബൈയിലേക്കും യു.എ.ഇയിൽനിന്ന് നിരവധിപേർ ഒമാനിലേക്കും അവധിദിവസങ്ങൾ ആഘോഷിക്കാനും കുടുംബ സന്ദർശനത്തിനുമായി എത്തി.
ഡിസംബർ രണ്ടിന് യു.എ.ഇയുടെ ദേശീയദിനാഘോഷ ചടങ്ങുകൾ അതിർത്തിയിലും സംഘടിപ്പിച്ചിരുന്നു. റോയൽ ഒമാൻ പൊലീസുമായി ചേർന്ന് ജനറൽ സെക്രട്ടേറിയറ്റ് ഫോർ നാഷനൽ സെലിബ്രേഷനാണ് വജാജ ബോർഡറിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. യു.എ.ഇയും ഒമാനും തമ്മിലെ ശക്തമായ ബന്ധത്തെ വെളിപ്പെടുത്തുന്നതുകൂടിയാണ് ഈ ആഘോഷ പരിപാടികൾ. അവധിദിവസങ്ങളിൽ ഉണ്ടായ അപ്രതീക്ഷിത തിരക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി വജാജ അതിർത്തിയിൽ റോയൽ ഒമാൻ പൊലീസും ഹത്ത അതിർത്തിയിൽ ദുബൈ ജി.ഡി.ആർ.എഫ്.എയും വിവിധ സജ്ജീകരണങ്ങൾ നടപ്പാക്കിയിരുന്നു. ഉദ്യോഗസ്ഥരെ തന്ത്രപരമായി വിന്യസിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കുകയും ചെയ്തതിലൂടെ യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിച്ചു.
ഇതിനുപുറമെ, ബുറൈമി ഗവർണറേറ്റിലെ അൽ ഖതം അതിർത്തിയിലും വടക്കൻ ബാതിന ഗവർണറേറ്റിലും യു.എ.ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഒമാന്റെയും യു.എ.ഇയുടെയും പതാകകളുമായായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.


