ഫിഫയിൽ ഒമാനി തിളക്കം
text_fieldsമസ്കത്ത്: ഒമാനിലെ രണ്ട് പ്രമുഖ കായിക പ്രതിനിധികൾക്ക് ഫിഫയുടെ സുപ്രധാന കമ്മിറ്റികളിൽ നിയമനം. ഒമാൻ ഫുട്ബാൾ അസോസിയേഷൻ(ഒ.എഫ്.എ)വൈസ് ചെയർമാൻ ഖുതൈബ ബിൻ സഈദ് അൽ ഗിലാനി ഫിഫയുടെ ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായി.ഒ.എഫ്.എ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായ ഹാജർ ബിൻത് ഖമീസ് അൽ മുസൈനിയെ ഫിഫയുടെ ഗ്രാസ് റൂട്ട്സ് ആൻഡ് അമേച്വർ ഫുട്ബാൾ കമ്മിറ്റിയിലേക്കും നിയമിച്ചു. അന്താരാഷ്ട്ര കായികരംഗത്ത് ഒമാൻ കൈവരിക്കുന്ന വളർച്ചയുടെയും, പ്രാദേശിക, ആഗോള തലങ്ങളിൽ ഫുട്ബാൾ വികസനത്തിന് നൽകുന്ന സംഭാവനകളുടെയും അംഗീകാരമായാണ് ഈ നിയമനങ്ങൾ.
ഒമാനിലെ കായികമേഖലയിലുള്ള കഴിവുകളിലുള്ള ഫിഫയുടെ വിശ്വാസമാണ് ഈ തെരഞ്ഞെടുപ്പുകൾ പ്രതിഫലിക്കുന്നതെന്നും, കായികരംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഒമാൻ വഹിക്കുന്ന സജീവ പങ്കിന് ഇത് ഊന്നൽ നൽകുന്നുണ്ടെന്നും ഒ.എഫ്.എ പ്രസ്താവനയിൽ, വ്യക്തമാക്കി. ആഗോള വേദിയിൽ ഒമാന്റെ സ്ഥാനം ഉയർത്താനും ദേശീയ പ്രതിഭകൾക്ക് വിവിധ മേഖലകളിൽ പങ്കാളിത്തം ഉറപ്പാക്കാനും, പ്രധാന തീരുമാനങ്ങളെടുക്കുന്ന വേദികളിൽ ഒമാനി പ്രാതിനിധ്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയാനും ഒ.എഫ്.എ നടത്തുന്ന ശ്രമങ്ങളുടെ തെളിവാണിതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.