ആഗോള വെല്ലുവിളികൾക്കിടയിലും ഒമാന്റെ സാമ്പത്തിക മേഖല ഭദ്രം; സെൻട്രൽ ബാങ്ക്
text_fieldsമസ്കത്ത്: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും വർധിച്ചുവരുന്ന വെല്ലുവിളികളും നിലനിൽക്കുമ്പോഴും ഒമാന്റെ സാമ്പത്തിക സംവിധാനം ശക്തമായ നിലയിൽ തുടരുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. 2026ലെ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിലാണ് രാജ്യത്തെ സാമ്പത്തിക മേഖലക്ക് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമാക്കിയത്.ബാങ്കിങ് മേഖലയിൽ മൂലധന പര്യാപ്തതാ അനുപാതം 18.8 ശതമാനവും പണലഭ്യതാ അനുപാതം 195 ശതമാനവുമാണ്. കിട്ടാക്കടങ്ങളുടെ അനുപാതം 4.4 ശതമാനമായി തുടരുന്നു. ബാങ്കുകളുടെ ആസ്തി വരുമാന അനുപാതം 1.5 ശതമാനവും ഓഹരി മൂലധനത്തിലെ വരുമാനം 10.1 ശതമാനവുമാണ്. സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടിവന്നാലും ആവശ്യമായ മൂലധനവും പണലഭ്യതയും നിലനിർത്താൻ ബാങ്കുകൾക്ക് കഴിയുമെന്ന് സമ്മർദ പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു.
സൂക്ഷ്മമായ ധനകാര്യ നയങ്ങൾ, വിദേശ സാമ്പത്തിക നിലയിലെ പുരോഗതി, സാമ്പത്തിക സുസ്ഥിരതയിലെ വർധന എന്നിവ രാജ്യത്തിന്റെ സാമ്പത്തിക അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര റേറ്റിങ് ഏജൻസികൾ ഒമാന്റെ പരമാധികാര ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയതും സാമ്പത്തിക മേഖലയിലുള്ള വിശ്വാസം വർധിപ്പിച്ചു.ഇസ്‌ലാമിക് ബാങ്കിങ് മേഖലയിലെ ആസ്തികൾ 9.9 ശതമാനം വർധിച്ച് മൊത്തം ബാങ്കിങ് ആസ്തികളുടെ 19.6 ശതമാനമായി. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ആസ്തികളിൽ ഒമ്പത് ശതമാനം വളർച്ചയുണ്ടായി. കമ്പനികളിൽനിന്നും വ്യക്തികളിൽനിന്നുമുള്ള വായ്പാ ആവശ്യം ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള വ്യാപാര നയങ്ങളിലെ അനിശ്ചിതത്വം, സൈബർ സുരക്ഷാ ഭീഷണികൾ, വർധിച്ചുവരുന്ന ബാഹ്യ സാമ്പത്തിക അപകടസാധ്യതകൾ എന്നിവ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ടെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിയന്ത്രണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.


