കേരളത്തിന്റെ മതനിരപേക്ഷ സത്ത കാത്തുസംരക്ഷിക്കണം: ജോൺ ബ്രിട്ടാസ്
text_fieldsമസ്കത്ത്: സമകാലിക ഇന്ത്യൻ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ്. കേരളത്തിന്റെ മതനിരപേക്ഷ സത്ത കാത്തുസംരക്ഷിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച മസ്കത്തിലെ വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിലായിരുന്നു പരിപാടി.
വിവേകാനന്ദ സ്വാമിയെയും ശ്രീനാരായണ ഗുരുവിനെയും ഒരു മതത്തിന്റെ കള്ളിയിൽ ഒതുക്കി സങ്കുചിത രാഷ്ട്രീയ ധാരയിലേക്ക് സമന്വയിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. ജാതിക്കും മതത്തിനും അതീതമായി ചിന്തിച്ച ഗുരുവിനെ കേവലം ഹിന്ദു സന്യാസിയായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്നും അന്നവും വസ്ത്രവും നൽകി സംരക്ഷിക്കുന്നവരാണ് ദൈവമെന്നും പ്രഖ്യാപിച്ചയാളാണ് ഗുരുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ആശങ്കാജനകമായ രീതിയിൽ സമഗ്രാധിപത്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ ജനാധിപത്യ അവകാശങ്ങൾക്കായി തെരുവിലിറങ്ങുന്ന യുവതലമുറയുടെ സർഗാത്മക പ്രതിരോധങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കണം. പാർലമെന്ററി രംഗത്തെയും ജനകീയ പ്രക്ഷോഭങ്ങളിലെയും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറ ചടങിൽ അധ്യക്ഷനായി. കോ-കൺവീനർ ജഗദീഷ് കീരി ആമുഖപ്രഭാഷണം നടത്തി. കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ് സ്വാഗതവും സാഹിത്യവിഭാഗം സെക്രട്ടറി അഞ്ജലി ബിജു നന്ദിയും പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സുഹൈൽ ഖാൻ, സോഷ്യൽ വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാർ, ലോകകേരളസഭാംഗം വിൽസൺ ജോർജ്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ എന്നിവർ പങ്കെടുത്തു.


