Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ സിക്ക് ലീവ്...

ഒമാനിൽ സിക്ക് ലീവ് ഇൻഷുറൻസ് പദ്ധതി ജൂലൈ 19 മുതൽ പ്രാബല്യത്തിൽ; ആനുകൂല്യം ആർക്കെല്ലാം? വിശദമായറിയാം...

text_fields
bookmark_border
ഒമാനിൽ സിക്ക് ലീവ് ഇൻഷുറൻസ് പദ്ധതി ജൂലൈ 19  മുതൽ പ്രാബല്യത്തിൽ; ആനുകൂല്യം ആർക്കെല്ലാം?   വിശദമായറിയാം...
cancel

മസ്കത്ത്: ഒമാനിലെ സാമൂഹിക സംരക്ഷണ നിയമത്തിന്റെ കീഴിലുള്ള പുതിയ സിക്ക് ലീവ്, മറ്റ് അനുബന്ധ അവധികൾ എന്നിവക്കുള്ള ഇൻഷുറൻസ് പദ്ധതി ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സുൽത്താനേറ്റിലുടനീളമുള്ള തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാരുടെ ശമ്പള പട്ടികയിലും അവധി മാനേജ്‌മെന്റ് സിസ്റ്റത്തിലും മാറ്റങ്ങൾ വരുത്തുകയും അധിക സാമൂഹിക ഇൻഷുറൻസ് വിഹിതം അടക്കുകയും ചെയ്യണം.

പ്രീമിയം തുക ആര് അടക്കും?

പുതിയ പദ്ധതി പ്രകാരം, തൊഴിലാളിയുടെ ഇൻഷുറൻസ് ശമ്പളത്തിന്റെ (കോൺട്രിബ്യൂഷൻ വേജ്) ഒരു ശതമാനത്തിന് തുല്യമായ തുക തൊഴിലുടമകൾ ഫണ്ടിലേക്ക് നൽകണം. ഇതിനായി ജീവനക്കാർ പ്രത്യേകം വിഹിതം നൽകേണ്ടതില്ല. പൊതു-സ്വകാര്യ മേഖലകളിലെ യോഗ്യരായ ഒമാനി ജീവനക്കാർക്കും നിശ്ചിത വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസി ജീവനക്കാർക്കും ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് (എസ്.പി.എഫ്) വ്യക്തമാക്കി.

സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശി ജീവനക്കാരും തൊഴിലാളി നിയമത്തിന് കീഴിൽ വരുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരും ഈ നിർബന്ധിത ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരുമെന്ന് ജൂണിൽ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

പുതിയ നിയമപ്രകാരം, ജീവനക്കാർക്ക് അവധി ലഭിക്കുന്ന സമയത്ത് തൊഴിലുടമകൾ അവർക്ക് കൃത്യമായി ശമ്പളം നൽകണം. അതിനുശേഷം ഈ തുക തിരികെ ലഭിക്കുന്നതിനായി സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിലേക്ക് ഇലക്ട്രോണിക് സംവിധാനം വഴി ക്ലെയിം അപേക്ഷ സമർപ്പിക്കാം.

അസുഖ അവധി പരിരക്ഷ

ഒരു ജീവനക്കാരൻ അസുഖബാധിതനായാൽ ആദ്യത്തെ ഏഴു ദിവസത്തെ മുഴുവൻ ശമ്പളവും തൊഴിലുടമ തന്നെ വഹിക്കണം. എട്ടാം ദിവസം മുതൽ ഇൻഷുറൻസ് പദ്ധതി വഴി ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റ് നിയമപരമായ രേഖകളും ഹാജരാക്കണം. ഒരു വർഷത്തിൽ പരമാവധി 182 ദിവസങ്ങൾ വരെ ഈ ഇൻഷുറൻസ് പരിരക്ഷ നീളും.

എട്ടാം ദിവസം മുതൽ 21 ആം ദിവസം വരെയുള്ള അവധിക്ക് ശമ്പളത്തിന്റെ 100 ശതമാനവും ഇൻഷുറൻസ് വഴി ലഭിക്കും. 22 മുതൽ 35 വരെ ദിവസങ്ങൾക്ക് 75 ശതമാനവും, 36 മുതൽ 70 വരെ ദിവസങ്ങൾക്ക് 50 ശതമാനവും, 71 മുതൽ 182 വരെ ദിവസങ്ങൾക്ക് 35 ശതമാനം നിരക്കിലുമായിരിക്കും തുക അനുവദിക്കുക.

മറ്റ് അവധികൾക്കും പരിരക്ഷ

അസുഖ അവധിക്ക് പുറമെ വിവാഹം, മരണാനന്തര ചടങ്ങുകൾ, ബന്ധുക്കളുടെ ചികിത്സക്കായി ഒപ്പം പോകേണ്ടി വരുന്ന സാഹചര്യങ്ങൾ തുടങ്ങിയ നിശ്ചിത വിഭാഗങ്ങളിലുള്ള അവധികൾക്കും ഈ ഇൻഷുറൻസ് പരിരക്ഷ ബാധകമായിരിക്കും. എന്നാൽ, ഇവയെല്ലാം നിയമപ്രകാരമുള്ള കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും അനുവദിക്കുക.

ചില പ്രത്യേക സാഹചര്യങ്ങളിൽ, അവധി കാലയളവിലെ ജീവനക്കാരുടെ വാർധക്യ, വൈകല്യ, മരണ ഇൻഷുറൻസ് വിഹിതങ്ങളും ഈ ഇൻഷുറൻസ് ബ്രാഞ്ച് തന്നെ വഹിക്കും. ഇത് ജീവനക്കാരന്റെ ഇൻഷുറൻസ് റെക്കോർഡിൽ തടസ്സങ്ങളുണ്ടാകാതിരിക്കാൻ സഹായിക്കും.

രേഖകൾ സൂക്ഷിക്കണം

ഈ പദ്ധതി നിലവിൽ വരുന്നതോടെ രാജ്യത്തെ കമ്പനികളുടെ എച്ച.ആർ വിഭാഗങ്ങൾ തങ്ങളുടെ ജീവനക്കാരുടെ കൃത്യമായ വിവരങ്ങൾ, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ തൊഴിലുടമകളുടെ സാമ്പത്തിക ഭാരം കുറക്കാനും ഒമാന്റെ സാമൂഹിക സുരക്ഷാ സംവിധാനം ശക്തമാക്കാനും ഈ നടപടികൾ സഹായിക്കുമെന്ന് സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് കൂട്ടിച്ചേർത്തു.

രാജ്യത്ത് വലിയ സാമൂഹിക പരിരക്ഷാ പരിഷ്‌കരണങ്ങൾ ലക്ഷ്യമിട്ട് പുറപ്പെടുവിച്ച 52/2023 നമ്പർ രാജ ഉത്തരവിന്റെ തുടർച്ചയായാണ് ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്. 2023 ജൂലൈ 19-ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, രണ്ട് വർഷത്തിന് ശേഷം ഇത് നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ 60/2025 നമ്പർ രാജ ഉത്തരവ് പ്രകാരം ഇത് മൂന്ന് വർഷത്തേക്ക് നീട്ടുകയും, ഈ വർഷം ജൂലൈ 19 മുതൽ പദ്ധതി ആരംഭിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

തൊഴിലുടമകൾക്ക് ജീവനക്കാരുടെ ദീർഘകാല അവധികൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറക്കുന്നതിനും, ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിനും തൊഴിൽ സ്ഥിരത നിലനിർത്തുന്നതിനുമാണ് ഈ പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.

Show Full Article
TAGS:sick Leave Insurance Scheme Oman 
News Summary - Sick leave insurance scheme comes into effect in Oman from July 19
Next Story