Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജബൽ അഖ്ദറിൽ അത്യാധുനിക...

ജബൽ അഖ്ദറിൽ അത്യാധുനിക ഒലിവ് എണ്ണ ഉൽപാദനകേന്ദ്രം തുറന്നു

text_fields
bookmark_border
ജബൽ അഖ്ദറിൽ അത്യാധുനിക ഒലിവ് എണ്ണ ഉൽപാദനകേന്ദ്രം തുറന്നു
cancel

മസ്കത്ത്: ഒമാനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ അത്യാധുനിക ഒലിവ് എണ്ണ ഉൽപാദന കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഏകദേശം 40,000 ഒമാനി റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രാദേശിക ഉൽപന്നങ്ങൾക്ക് കൂടുതൽ മൂല്യം നൽകുക, പ്രദേശത്തെയും സമീപ വിലായത്തുകളിലെയും കർഷകരെ പിന്തുണക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ നാസർ അൽ ബക്രി ചടങ്ങിൽ മുഖ്യാതിഥിയായി. മണിക്കൂറിൽ 1.2 ടൺ ഒലിവ് സംസ്കരിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ കേന്ദ്രം. ജബൽ അഖ്ദറിന് പുറമെ അൽ ഹംറ, നഖൽ, റുസ്താഖ് തുടങ്ങിയ സമീപ പ്രദേശങ്ങളിലെ കർഷകർക്കും ഇതിന്റെ സേവനം ലഭ്യമാകും. ഇത് ഒമാനി ഒലിവ് എണ്ണയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കും.

പ്രദേശത്ത് ഒലിവ് കൃഷിയിലുണ്ടായ വലിയ വളർച്ചയും ആധുനിക സംസ്കരണ സംവിധാനങ്ങളുടെ ആവശ്യകതയും മുൻനിർത്തിയാണ് ഈ കേന്ദ്രം സ്ഥാപിച്ചതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എഞ്ചിനീയർ യഹ്‍യ ബിൻ നാസർ അൽ റിയാമി പറഞ്ഞു.

ഒലിവിന്റെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടാത്ത രീതിയിലുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. പിക്കുവൽ, ക്ലെമന്റൈൻ, ഇംപ്രൂവ്ഡ് നേപ്പാളി, ഷംലാലി തുടങ്ങിയ വിവിധയിനം ഒലീവുകൾ ഇവിടെ സംസ്കരിക്കും. നടപ്പുസീസണിൽ ഏകദേശം 70 ടൺ ഒലിവ് ഇവിടെ സംസ്കരിക്കുമെന്നും 500-ഓളം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ 15 ഓളം താൽക്കാലിക തൊഴിലവസരങ്ങളും ഇത് വഴി സൃഷ്ടിക്കപ്പെടും.

വരും നാളുകളിൽ ഉൽപാദനം, പാക്കിങ്, മാർക്കറ്റിങ് എന്നിവ വിപുലീകരിച്ച് ഒമാനി ഒലിവ് എണ്ണ ആഗോള വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ജബൽ അഖ്ദറിലെ ഒലിവ് കൃഷി വലിയ പുരോഗതിയിലാണ്. 80 ഏക്കറിലായി പടർന്നുകിടക്കുന്ന കൃഷിയിടങ്ങളിൽ ഏകദേശം 20,000 ഒലിവ് മരങ്ങളാണുള്ളത്. 700 ഓളം കർഷകർ ഈ മേഖലയിലുണ്ട്. പ്രതിവർഷം 600 ടൺ ഒലിവ് പഴങ്ങൾ ഉൽപാദിപ്പിക്കുന്നതിൽ നിന്ന് 90,000 ലിറ്റർ എണ്ണയാണ് ഇവിടെ വേർതിരിച്ചെടുക്കുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ ഇതുവരെ 222.5 ആയിരം ഒമാനി റിയാലിന്റെ നിക്ഷേപമാണ് രാജ്യം നടത്തിയിട്ടുള്ളത്.

Show Full Article
TAGS:Olive Oil Jebel Akhdar Oman News 
News Summary - State-of-the-art olive oil production facility opens in Jebel Akhdar
Next Story