സുൽത്താന്റെ ബെലറൂസ് സന്ദർശനം നാളെ മുതൽ
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബെലറൂസ് സന്ദർശിക്കാനൊരുങ്ങുന്നു. പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ ക്ഷണം സ്വീകരിച്ച് സുൽത്താൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ബെലറൂസ് സന്ദർശിക്കുകയെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. ഒമാനും ബെലാറസും തമ്മിലുള്ള സഹകരണ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്ന വിധത്തിൽ അവയെ വിശാലമായ ചക്രവാളങ്ങളിലേക്ക് നയിക്കുന്നതിനുമുള്ള പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകളും സംയുക്ത താൽപര്യങ്ങൾ നിറവേറ്റുന്നതിനായി അവയെ ഉത്തേജിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യും.പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറും.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സയ്യിദ് അൽ ഔഫി, ഒമാൻ നിക്ഷേപ അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, റഷ്യയിലെ ഒമാൻ അംബാസഡറും ബെലറൂസ് റിപ്പബ്ലിക്കിലെ നോൺ-റെസിഡന്റ് അംബാസഡറുമായ ഹമൂദ് ബിൻ സലിം അൽ തുവൈഹ് എന്നിവരടങ്ങുന്ന ഉന്നത സംഘം സുൽത്താനെ അനുഗമിക്കും.