ഒമാനിലേക്ക് ടെസ്‌ല എത്തുന്നു; 2027ൽ പ്രവർത്തനം തുടങ്ങും, നിയമനം ആരംഭിച്ചു
text_fieldsമസ്കത്ത്: ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല 2027ൽ ഒമാൻ വിപണിയിൽ പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി മസ്‌കത്തിൽ ആദ്യഘട്ട ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചു. വിൽപന, ഉപഭോക്തൃ സേവനം തുടങ്ങിയ മേഖലകളിലാണ് നിയമനം നടത്തുന്നത്.
ടെസ്‌ലയുടെ മിഡിൽ ഈസ്റ്റ് മാർക്കറ്റ് ലീഡ് പവൽ ട്രിപ്സ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച അറിയിപ്പിലാണ് ഒമാനിൽ പുതിയ സംഘത്തെ രൂപവത്കരിക്കുന്ന കാര്യം വ്യക്തമാക്കിയത്. തുടക്കം മുതൽ ടീമിനെ കെട്ടിപ്പടുക്കുന്നതിനായി താൽപര്യമുള്ളവരെ ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സ്റ്റോർ മാനേജർ, സെയിൽസ് അഡ്വൈസർ, കസ്റ്റമർ എക്സ്പീരിയൻസ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്റ്റോർ മാനേജർ തസ്തികയിലേക്കുള്ള നിയമനം മസ്‌കത്തിൽ ടെസ്‌ല ഷോറൂം ആരംഭിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
2017ൽ യു.എ.ഇയിൽ പ്രവർത്തനം ആരംഭിച്ച ടെസ്‌ല പിന്നീട് ഖത്തർ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. ഒമാനിൽ ഷോറൂം ആരംഭിക്കുന്ന സ്ഥലം, വാഹനങ്ങളുടെ വില, സർവീസ് കേന്ദ്രങ്ങൾ, ചാർജിങ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.


