ഹന അനീസ പറയുന്നു; രാഷ്ട്രീയവും കവിതയാണ്...
text_fieldsഹന അനീസ
മസ്കത്ത്: ലളിതമായ വാക്കുകൾ കോർത്തുവെച്ച് പത്താം ക്ലാസുകാരിയായ പ്രവാസി വിദ്യാർഥിനി ഹന അനീസ തീർക്കുന്ന ഭാവാത്മകമായ കവിതകൾ ശ്രദ്ധനേടുന്നു. ദുബൈയിലും മസ്കത്തിലുമായുള്ള പഠനകാലമാണ് ഹനയെ ഇംഗ്ലീഷ് മാധ്യമമാക്കി എഴുതുന്നതിലേക്ക് നയിച്ചത്. പുസ്തക വായനയും സംഗീതവും ഹോബിയായ പതിനാലുകാരിക്ക് സിൽവിയ പ്ലാത്തിന്റെ കവിതകളും ദസ്തയേവ്സ്കിയുടെയും കാഫ്കയുടെയും രചനകളുമെല്ലാമാണ് പ്രിയപ്പെട്ടവ.
എട്ടാം ക്ലാസ് മുതൽ ഇംഗ്ലീഷിൽ കവിതകളെഴുതിത്തുടങ്ങിയ ഹന ഇതുവരെ കുറിച്ച രചനകൾ ചേർത്ത് ഒരുക്കിയ ആദ്യ കവിത സമാഹാരമായ ‘ദ ഫാൾ’ ഒമാനിൽ ആസ്വാദകർക്ക് മുന്നിലെത്തുകയാണ്. ‘ദ ഫാൾ’ കഴിഞ്ഞ നവംബർ 12ന് ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ വെച്ച് മാധ്യമപ്രവർത്തകൻ എം.സി.എ. നാസർ പ്രകാശനം ചെയ്തിരുന്നു. പുസ്തകത്തിന്റെ ഒമാനിലെ പ്രകാശന ചടങ്ങ് വെള്ളിയാഴ്ച റൂവി സി.ബി.ഡിയിലെ ടാലന്റ് സ്പേസ് ഇന്റർനാഷനലിൽ രാത്രി ഏഴിന് നടക്കും.
പാലക്കാട് തച്ചമ്പാറ സ്വദേശിയും സമൈലിൽ സ്വകാര്യ കമ്പനിയിൽ പ്ലാന്റ് മാനേജറുമായ നിയാസിന്റെയും മബേലയിലെ മോഡേൺ ജനറേഷൻ ഇന്റർനാഷനൽ സ്കൂളിലെ അധ്യാപികയായ ആരിഫയുടെയും മകളാണ് ഹന അനീസ. സാഹിത്യരചനക്കൊപ്പം ശക്തമായ വായനയും ചിന്തയും കൃത്യമായ രാഷ്ട്രീയ ബോധവുമുള്ള യുവ എഴുത്തുകാരികൂടിയാണ് ഹന അനീസ. എഴുതിത്തുടങ്ങിയത് കവിതയാണെങ്കിലും തനിക്കിപ്പോൾ കവിതയേക്കാളും താൽപര്യം രാഷ്ട്രീയമാണെന്ന് ഹന പറഞ്ഞു.
ഇന്ന് നമുക്കു ചുറ്റും നടക്കുന്ന പല കാര്യങ്ങളോടും ആരും കാര്യമായി പ്രതികരിക്കുന്നില്ലെന്നും കുറച്ചുപേരുടെയെങ്കിലം ശബ്ദം ഉയർന്നു കേൾക്കേണ്ടതുണ്ടെന്നും ഹന ചൂണ്ടിക്കാട്ടുന്നു. പുതിയ തലമുറയിലെ കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ട്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളെയും അവർ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളുടെ തിരുത്തൽശക്തി എന്ന നിലയിൽക്കൂടി സമൂഹമാധ്യമങ്ങൾക്ക് ശക്തമായ റോളാണുള്ളതെന്നും ഹന അഭിപ്രായപ്പെടുന്നു.


