കടപ്പത്രങ്ങളിൽ നിക്ഷേപിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
text_fieldsഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇന്ന് ധാരാളം അവസരങ്ങൾ ഉണ്ട്. അവരവരുടെ ഇഷ്ടത്തിനനുസരിച്ച് പലവിധ മാർഗങ്ങളും സ്വീകരിക്കാം. ഒരു നിശ്ചിത വരുമാനം മാസം തോറും തേടുന്നവർക്ക് ബാങ്ക് നിക്ഷേപങ്ങളോടൊപ്പം കടപ്പത്രങ്ങളെക്കൂടി (ബോൻഡ്സ് ആൻഡ് ഡിബെന്ററുകൾ) പരിഗണിക്കാവുന്നതാണ്. ബാങ്ക് നിക്ഷേങ്ങളെക്കാൾ ഉയർന്ന വരുമാനം കിട്ടുന്നു എന്നുള്ളതാണ് ഇതിന്റെ ആകർഷണീയത. ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ അടിക്കടി ഇത്തരം കടപ്പത്രങ്ങൾ പുറത്തിറക്കുന്നുണ്ട്. അതുപോലെതന്നെ കേന്ദ്ര സംസ്ഥാന സർക്കാറുകളും മറ്റുചില പൊതുമേഖലാ സ്ഥാപനങ്ങളും. എന്തൊക്കെയാണ് ഇതിൽ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.
1.കമ്പനി കടപ്പത്രങ്ങൾ (എൻ.സി.ഡി.എസ്)
കമ്പനികൾ, പൊതുവെ നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനീസ് അവരുടെ ആവശ്യങ്ങൾക്കുവേണ്ടി പണം സ്വരൂപിക്കാനാണ് ഇത്തരം കടപ്പത്രങ്ങൾ പുറപ്പെടുവിക്കുന്നത്. 12 മാസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിലാണ് ഇത് ഇഷ്യൂ ചെയ്യുന്നത്. വരുമാനം, നിക്ഷേപം കാലാവധി എത്തുമ്പോൾ ഒരുമിച്ചോ അല്ലെങ്കിൽ മാസംതോറുമോ വാങ്ങാം. കൂടുതൽ കാലാവധിക്ക് കൂടുതൽ വരുമാനം കിട്ടും. അതുപോലെതന്നെ ഏറ്റവും അവസാനം ആദായവും മുതലും കൂടി വാങ്ങുന്നവർക്കും ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു.
പൊതുവെ മുതലും ആദായവും തിരിച്ചുകിട്ടുന്നതിൽ ബാങ്കുകളെപോലെ ഇതിന് ഉയർന്ന സുരക്ഷയില്ല എന്നത് പരിമിതിയാണ്. വ്യക്തികൾക്ക് െക്രഡിറ്റ് സ്കോർ (സിബിൽ സ്കോർ പോലുള്ളത്) ഉള്ളതുപോലെ കമ്പനികൾക്ക് റേറ്റിങ് ഉണ്ട്. ഇന്ത്യയിലും വിദേശത്തും ധാരാളം െക്രഡിറ്റ് റേറ്റിങ് ഏജൻസികൾ ഉണ്ട്. ഉദാഹരണമായി ഇത് എ.എ.എ+, എ.എ.എ, എ.എ.എ-, എ.എ+ എന്നിങ്ങനെ ഡി വരെ ഉണ്ട്. ഏറ്റുവും കൂടിയ റേറ്റിങ് എ.എ.എ+ ആണ്. എ.എ/എ.എ- കുറഞ്ഞ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തരുത്. റേറ്റിങ് കുറയുന്നതനുസരിച്ചു ലഭിക്കുന്ന ആദായം കൂടുതൽ ആയിരിക്കും. നിക്ഷപം തെരഞ്ഞെടുക്കുമ്പോൾ കാലാവധി, ആദായം, ഇവ സുരക്ഷിതമാണോ അല്ലയോ, സ്റ്റോക്ക് എക്സ്ചേഞ്ച്കളിൽ ലിസ്റ്റ് ചെയ്യുമോ, എന്നുള്ള കാര്യവും നോക്കണം. ലിസ്റ്റ് ചെയ്യാത്തവ വാങ്ങിയാൽ, നഷ്ടം സഹിച്ചായാലും അത്യാവശ്യത്തിന് വിൽക്കാൻ കഴിയില്ല. ഇങ്ങനെ ബോണ്ടുകൾ /ഓഹരിയായി മാറ്റാൻ കഴിയാത്തവയേകുറിച്ചുള്ള വിവരങ്ങൾ അവർ ഇഷ്യൂ ഡോക്യുമെന്റിൽ പറഞ്ഞിരിക്കും. അത് വായിച്ചുമനസ്സിലാക്കുക. നിങ്ങൾക്കൊരു ‘ഡീമാറ്റ്’ അക്കൗണ്ട് വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഉടനെ ആവശ്യമുള്ള തുക ദീർഘകാലത്തേക്ക് നിക്ഷേപിക്കാതിരിക്കുക.
2. കഴിവതും ആദായം മാസം തോറും വാങ്ങുക. നിക്ഷേപിച്ച തുകക്ക് മാത്രം റിസ്ക് എടുക്കുക.
3. കൂടുതൽ തുക നിക്ഷേപിക്കുന്നവർ പല കാലാവധികൾ തെരഞ്ഞെടുക്കുക
4. എൻ.സി.ഡിയുടെ റേറ്റിങ് പരിശോധിക്കുക
5. ഫോം 15G/15H കൊടുക്കുക. അല്ലെങ്കിൽ 10 ശതമാനം ടാക്സ് പിടിക്കും.
6. ഒന്നാംതീയതി തന്നെ മാസവുമുള്ള ആദായം ബാങ്ക് അക്കൗണ്ടിൽ വരും. ഇത് പരിശോധിക്കുക.
7. നിങ്ങൾ വാങ്ങിയ ബോണ്ടിന്റെ പിന്നീടുള്ള റേറ്റിങ് പരിശോധിക്കുന്നത് ഗുണകരമാണ്. കുറിഞ്ഞിട്ടുണ്ടെകിൽ വേണമെങ്കിൽ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി വിൽക്കാൻ ശ്രമിക്കാവുന്നതാണ്.
2. സർക്കാർ കടപ്പത്രങ്ങൾ
കേന്ദ സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിൽ ഇന്ന് പൊതുജനത്തിനും നിക്ഷേപം നടത്തം. ഇതിനെ റിസ്ക് ഫ്രീ ഇൻവെസ്റ്റ്മെന്റ് എന്നാണ് പറയുന്നത്. 91 ദിവസം മുതൽ 40 വർഷം വരെയുള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കാം. ആദായം ആറ് മാസത്തിലൊരിക്കൽ മുടങ്ങാതെ ലഭിക്കും. സർക്കാറുകൾക്ക് വേണ്ടി ഭാരതീയ റിസർവ് ബാങ്കാണിത് (ആർ.ബി.ഐ) ഇഷ്യൂ ചെയ്യുന്നത്. ആർ.ബി.ഐ റീട്ടെയ്ൽ ഡയറക്റ്റ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഈ കടപ്പത്രങ്ങൾ യഥേഷ്ടം വാങ്ങാനും വിൽക്കാനും സാധിക്കും. ആദായം സ്വൽപം കുറവാണെകിലും ഇതൊരു സുരക്ഷിത നിക്ഷേപമാണ്. ആർ.ബി.ഐയുടെ തന്നെ ഫ്ലോട്ടിങ് റേറ്റ് ബോൻഡ്സ് (FRBs) ഉണ്ട്. ഇതിന്റെ ആദായം ആറ് മാസത്തിലൊരിക്കൽ നിലവിലെ റേറ്റുമായി തുല്യം ചെയ്ത് പരിഷ്കരിക്കുന്നു. അപ്പോഴത്തെ പോസ്റ്റ് ഓഫിസ് നിക്ഷേപത്തിന്റെ കൂടെ 0.35 ശതമാനം കൂട്ടി വാർഷിക ആദായം ക്രമീകരിക്കുന്ന ഈ പദ്ധതി വളരെ നല്ല ഒരു നിക്ഷേപമാണ്.
മ്യൂച്വൽ ഫണ്ടുകൾ വഴിയും കോർപറേറ്റ് ബോണ്ടുകളിൽ നിക്ഷേപം നടത്താം. 100 രൂപ നിക്ഷേപിക്കാനുണ്ടെങ്കിൽ ഒരു 10 രൂപ നല്ല റേറ്റിങ് ഉള്ള എൻ.സി.ഡിയിൽ നിക്ഷേപിക്കുന്നത് തരക്കേടില്ല. കമ്പനി ബോണ്ടുകൾക്ക് ഡീഫോൾട്ട് (തിരികെ കിട്ടാനുള്ള സാധ്യത )റിസ്ക്കും മാർക്കറ്റ് റിസ്കും ഉണ്ട്. എന്നാൽ സർക്കാർ ബോണ്ടുകൾക്ക് ഡീഫോൾട്ട് റിസ്ക് ഇല്ല പക്ഷേ മാർക്കറ്റ് റിസ്ക് (പലിശയിൽ കാലാകാലങ്ങളിൽ വരുന്ന മാറ്റം) ഉണ്ട്. അതായത് നിങ്ങൾ ഒരു 10 വർഷ ബോണ്ടിൽ ഏഴ് ശതമാനം നിരക്കിൽ നിക്ഷേപിക്കുമ്പോൾ, പിന്നീട് വരുംകാലങ്ങളിൽ ഉണ്ടാകുന്ന നിരക്ക് വ്യത്യാസങ്ങൾ അനുസരിച്ച് ഗുണമോ ദോഷമോ ആകാം. കാലാവധി വരെ നിങ്ങൾക്ക് മുകളിൽ പറഞ്ഞ ഏഴ് ശതമാനം ആയിരിക്കും കിട്ടുക എന്നർഥം. കമ്പനി എൻ.സി.ഡികൾക്ക് സർക്കാർ ബോണ്ടുകളെക്കാൾ ഉയർന്ന ആദായം ലഭിക്കും. ഇവിടെ നിങ്ങൾ കൂടുതൽ റിസ്ക് എടുക്കുന്നു. കൂടുതൽ ആദായം വേണ്ടവർ കൂടുതൽ റിസ്ക് എടുക്കേണ്ടി വരും.