വിദേശ കറൻസിയിലെ നിക്ഷേപങ്ങൾ ഇക്കാര്യങ്ങൾ അറിയണം
text_fieldsകഴിഞ്ഞ ലക്കങ്ങളിൽ പ്രധാനപ്പെട്ട ബാങ്ക് നിക്ഷേപങ്ങളെപ്പറ്റിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും മറ്റും പ്രതിപാദിച്ചിരുന്നു. പ്രവാസി നിക്ഷേപങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയിൽ വിദേശ കറൻസികളിലുള്ള സ്ഥിരനിക്ഷേപങ്ങൾ. അംഗീകൃത വിദേശ കറൻസികളിൽ നിക്ഷേപിക്കുകയും നിക്ഷേപത്തിന്റെ ആദായവും മുതലും വിദേശ കറൻസിയിൽ തന്നെ തിരികെ കിട്ടുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
ഇന്ത്യൻ രൂപക്ക് അടിക്കടി മൂല്യശോഷണം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത്തരം നിക്ഷേപങ്ങൾ പ്രവാസികളെ സംബന്ധിച്ചിടത്തോളം ആകർഷണീയമായ ഒരു പദ്ധതിയാണെന്ന് പറയാം. ഉദാഹരണമായി 10 ലക്ഷം രൂപ അഞ്ചുവർഷത്തേക്ക് ഇന്ത്യൻ രൂപയായി സ്ഥിര നിക്ഷേപം നടത്തുകയാണെങ്കിൽ ഏഴ് ശതമാനം നിരക്കിൽ അഞ്ചുവർഷത്തിന്റെ അവസാനം 14,14,778 രൂപ കിട്ടും. എന്നാൽ ഈ 10 ലക്ഷം രൂപ യു.എസ്ഡോളറിൽ നിക്ഷേപിക്കുകയാണെങ്കിൽ (87 രൂപ നിരക്കിൽ) 11,494 യു.എസ് ഡോളറായിരിക്കും. അഞ്ചുവർഷത്തിന്റെ അവസാനം അഞ്ചര ശതമാനം നിരക്കിൽ 15136 യു.എസ് ഡോളർ കിട്ടുന്നു. അഞ്ചുവർഷം കഴിയുമ്പോൾ ഒരു യു.എസ് ഡോളറിന് 95 രൂപ ആണെങ്കിൽ മൊത്തം വരുമാനം 14,37,920 (15136x95) ആകുന്നു.
മേൽപറഞ്ഞ കണക്കുകൾ വിനിമയ നിരക്കിനെ അനുസരിച്ച് വ്യത്യാസപ്പെടാം. മറ്റ് നിക്ഷേപങ്ങൾക്ക് ത്രൈമാസ രീതിയിൽ ആദായം കൊടുക്കുമ്പോൾ ഇതിൽ അർധവാർഷികമായാണ് ആദായത്തിന്റെ കോംപൗണ്ടിങ് ഉണ്ടാകുന്നത്. നിലവിൽ ബാങ്കുകൾ വലിയ വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ഉയർന്ന സ്പെഷൽ റേറ്റ് നൽകുന്നുണ്ട്. ഇത് വൻകിട പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ ആദായകരമായ ഒന്നാണ്. അവർ വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കുന്നതിനേക്കാൾ ഉയർന്ന വരുമാനം ഇന്ത്യയിലെ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു.
ഏതൊക്കെ വിദേശ കറൻസികളിൽ നിക്ഷേപിക്കാം
ഇന്ത്യയിൽ ഭാരതീയ റിസർവ് ബാങ്കിന്റെ നിയമം അനുസരിച്ച് താഴെപ്പറയുന്ന വിദേശ കറൻസികളിൽ പ്രവാസികൾക്ക് നിക്ഷേപം നടത്താം. യു.എസ് ഡോളർ (1000), പൗണ്ട് സ്റ്റെർലിങ് (2500), യൂറോ (2500), ജാപ്പനീസ് യെൻ(7,50,000), ഓസ്ട്രേലിയൻ ഡോളർ(1000), കനേഡിയൻ ഡോളർ(1000) എന്നിവയാണ് ഇന്ത്യൻ പ്രവാസികൾക്ക് നിക്ഷേപം നടത്താൻ കഴിയുന്ന വിദേശ കറൻസികൾ. നിക്ഷേപത്തിന് വേണ്ട മിനിമം തുക ബ്രാക്കറ്റിൽ കൊടുത്തിട്ടുണ്ട്. ഓരോ കറൻസിക്കും കാലാവധി അനുസരിച്ച് ആദായ നിരക്കുകളിൽ വ്യത്യാസം ഉണ്ടാകും. ഈ നിക്ഷേപങ്ങളുടെ മുതലും ആദായവും പരിധി ഇല്ലാതെ വിദേശത്തേക്ക് കൊണ്ടുപോകാം. മിനിമം നിക്ഷേപ കാലാവധി ഒരു വർഷവും പരമാവധി കാലാവധി 5 വർഷവുമാണ്. ആറുമാസ ഇടവേളകളിൽ വരുമാനം പിൻവലിക്കാനുള്ള സൗകര്യവും ഉണ്ട്. ഒരു വർഷം തികയുന്നതിനുമുമ്പെ തുക പിൻവലിക്കുകയാണെങ്കിൽ നാളിതുവരെയുള്ള ആദായം നഷ്ടപ്പെടും. എന്നാൽ ഒരു വർഷത്തിന് ശേഷം കാലാവധിക്ക് മുമ്പെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ എഫ്.സി.എൻ.ആർ ആക്കി മാറ്റുന്നതിന് തടസ്സങ്ങൾ ഇല്ല. വിനിമയ നിരക്കിൽ വിദേശ കറൻസികൾക്കുണ്ടാകുന്ന അനുകൂല വ്യതിയാനങ്ങൾ ഇത്തരം നിക്ഷേപങ്ങൾ ആകർഷണീയമാക്കുന്നു.
പ്രവാസി അല്ലാതായാൽ എന്ത് ചെയ്യണം
നിക്ഷേപ കാലാവധിയിൽ പ്രവാസി, പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണെങ്കിൽ പ്രവാസിയുടെ എല്ലാ എൻ.ആർ.ഇ അക്കൗണ്ടുകളും ഫെമ നിയമപ്രകരം സാധാരണ അക്കൗണ്ടായി മാറ്റുകയും നിയമപ്രകാരമുള്ള ആദായനികുതി കൊടുക്കുകയും വേണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ അത് നിലവിലെ നിയമം അനുസരിച്ച് കുറ്റകരമാണ്. വലിയ പിഴ കൊടുക്കേണ്ടിവരും. എഫ്.സി.എൻ.ആർ നിക്ഷേപങ്ങളും കാലാവധി കഴിഞ്ഞാൽ റെസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ട് (ആർ.എഫ്.സി) ആയി മാറ്റേണ്ടതുണ്ട്. അതിന്റെ വരുമാനത്തിന് ആദായനികുതിയും ബാധകമാകും. ഇത്തരം റസിഡന്റ് ഫോറിൻ കറൻസി അക്കൗണ്ടുകൾ സേവിങ്സ് ബാങ്ക്, കറന്റ് അക്കൗണ്ട് അല്ലെങ്കിൽ സ്ഥിര നിക്ഷേപം എന്നീ രീതികളിൽ ആകാം.
പ്രവാസിക്ക് നിബന്ധനകൾക്ക് വിധേയമായി റസിഡന്റ് ബട്ട് നോട്ട് ഓർഡിനറി റസിഡന്റ് (ആർ.എൻ.ഒ.ആർ) സ്റ്റാറ്റസ് ക്ലെയിം ചെയ്യുകയും മൂന്ന് വർഷത്തേക്ക് പ്രസ്തുത എഫ്.സി.എൻ.ആർ നിക്ഷേപങ്ങൾക്ക് ആദായനികുതിയിൽ ഇളവ് നേടുകയും ചെയ്യാം. ഇത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആശ്വാസമാണെന്ന് പറയാം. കാരണം നാട്ടിലേക്ക് സ്ഥിരതാമസത്തിന് മടങ്ങുന്ന പ്രവാസികൾക്ക് ടാക്സ് പ്ലാനിങ് നടത്താൻ ഇത്തരം നിക്ഷേപങ്ങൾ സഹായിക്കും.
പൊതുവെ പറയുകയാണെങ്കിൽ ഉയർന്ന വരുമാനമുള്ള പ്രവാസികളെ സംബന്ധിടത്തോളം മറ്റ് നിക്ഷേപങ്ങളുടെ കൂട്ടത്തിൽ ഇത്തരം വിദേശ കറൻസികളിലുള്ള നിക്ഷേപം നല്ലതാണ്. പിന്നീട് കുട്ടികളുടെ വിദേശ വിദ്യാഭ്യാസം, വിദേശത്തുള്ള സ്ഥിരതാമസം തുടങ്ങിയ കാര്യങ്ങൾക്ക് ഇത്തരം നിക്ഷേപങ്ങൾ ഉപഗോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.
നേരത്തെ പറഞ്ഞതുപോലെ നിക്ഷേപത്തിന്റെ വരുമാനം അതത് വിദേശ കറൻസികളുടെ വിനിമയ നിരക്കിനെ ആശ്രയിച്ചിരിക്കും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പല ബാങ്കുകളും ഇത്തരം നിക്ഷേപങ്ങളിൽ മാറ്റങ്ങൾ വരുത്തി പ്രവാസികൾക്ക് അനുയോജ്യമായ രീതിയിൽ ആവിഷ്കരിച്ചുനടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കി മാത്രം ഇത്തരം നിക്ഷേപങ്ങൾ നടത്തേണ്ടതാണ്.
(തുടരും)
(ലേഖകൻ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ്)


