ടൂർ ഓഫ് ഒമാൻ; 18 അന്താരാഷ്ട്ര ടീമുകൾ പങ്കെടുക്കും
text_fieldsമസ്കത്ത്: ടൂർ ഓഫ് ഒമാൻ 15ാം പതിപ്പിന്റെ വിശദാംശങ്ങൾ സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന സൈക്ലിങ് മത്സരത്തിൽ 18 അന്താരാഷ്ട്ര ടീമുകൾ പങ്കെടുക്കമെന്ന് ഒമാൻ സൈക്ലിങ് അസോസിയേഷൻ ചെയർമാനും ടൂർ ഓഫ് ഒമാൻ ഡയറക്ടറുമായ സൈഫ് സബാ അൽ റാശിദി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2010ൽ ആരംഭിച്ച ടൂർ ഓഫ് ഒമാൻ ഇന്ന് ലോകത്തിലെ പ്രമുഖ സൈക്ലിങ് മത്സരങ്ങളിലൊന്നായി മാറിയതായി അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സൈക്ലിങ് യൂനിയന്റെ കലണ്ടറിലും ഇടംനേടി.
ഇത്തവണ ഒമാൻ ടീമിനൊപ്പം 18 അന്താരാഷ്ട്ര ടീമുകൾ പങ്കെടുക്കും. ‘മസ്കത്ത് ക്ലാസിക്’ മത്സരത്തോടെയാണ് ടൂർ ആരംഭിക്കുക. അൽ മൗജിൽ നിന്ന് അൽ ബുസ്താൻ വരെയുള്ള 179.165 കിലോമീറ്റർ ദൂരമാണ് ആദ്യ റേസ്. ടൂറിന്റെ ആദ്യ ഘട്ടം മസ്കത്ത് ഗവർണറേറ്റിലെ ഫ്ലാഗ്പോളിൽ നിന്ന് ഖുറിയാത്ത് വിലായത്തിലെ സിങ്ക് ഹോൾ വരെ 174.838 കിലോമീറ്റർ ദൂരത്തിലാണ്. രണ്ടാം ഘട്ടം സമൈൽ വിലായത്തിലെ അൽ ഫൈഹയിൽ നിന്ന് അൽ ഹംറ വിലായത്തിലെ ജബൽ അൽ ഷർഖിയിലേക്ക് 193.442 കിലോമീറ്റർ ദൂരവും താണ്ടും. അൽ റുസ്താഖ് കോട്ടയിൽ നിന്ന് ഇത്തിയിലേക്കുള്ള 194.968 കിലോമീറ്റർ ദൂരമാണ് മൂന്നാം ഘട്ടം . നാലാം ഘട്ടം ബർക്ക വിലായത്തിലെ അൽ സുവാദി ബീച്ചിൽ നിന്ന് സോഹാർ വിലായത്തിലേക്ക് 151.263 കിലോമീറ്റർ ദൂരത്തിൽ നടക്കും.
അവസാന ഘട്ടം നിസ്വ വിലായത്തിൽ നിന്ന് ജബൽ അഖ്ദർ വിലായത്തിലേക്ക് 159.270 കിലോമീറ്റർ ദൂരത്തിൽ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.


