ഗൾഫ് യാത്രക്ക് മുമ്പ് ഒരു നിമിഷം; ഒരു പൊതിയും വാങ്ങരുത്, ആരെയും വിശ്വസിക്കരുത്
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ലഹരിക്കടത്തിനെതിരായ ബോധവത്കരണ പരിപാടിയിൽ ഏതാനും സംഭവങ്ങളും അധികൃതർ വിശദീകരിച്ചു.
അവയിൽ ഒരു കേസ് ഇങ്ങനെ,
കൊച്ചിയിൽനിന്നും ഏജൻറ് വാഗ്ദാനം ചെയ്ത തൊഴിൽ വിസയിൽ ഖത്തറിലേക്കുള്ള യാത്രക്കൊരുങ്ങുകയായിരുന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളി. ഏറെ ആഗ്രഹിച്ച നല്ലൊരു തൊഴിലും കുടുംബം രക്ഷപ്പെടുന്നതും സ്വപ്നം കണ്ട് യാത്രക്കുള്ള പുറപ്പാടുകളായി.
ദോഹയിലേക്ക് വിമാനം കയറാനായി കൊച്ചി വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായാണ് ബേക്കറികൾ അടങ്ങിയ ഒരു ബാഗുമായി വിസ ഏജൻറ് വരുന്നത്. ഖത്തറിലെ സുഹൃത്തിന് കൈമാറാൻ അൽപം മധുരം എന്ന പേരിലായിരുന്നു ഇത് നൽകിയത്. വിസ നൽകിയ വ്യക്തി എന്ന നിലയിൽ ഏജൻറിനെ വിശ്വസിച്ച് ബേക്കറി വിഭവങ്ങൾ അടങ്ങിയ പൊതിയും ലഗേജിനൊപ്പം വെച്ചു.
യാത്രക്ക് മുമ്പ് ഒരു തവണ പരിശോധിച്ചെങ്കിലും ബേക്കറി മാത്രമാണ് കണ്ടത്. എന്നാൽ, ദോഹയിൽ വിമാനമിറങ്ങിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ബാഗിലെ രഹസ്യഅറയിൽ സൂക്ഷിച്ച ഹഷീഷ് ലഹരി വസ്തുക്കൾ ഖത്തർ കസ്റ്റംസ് അധികൃതർ കൈയോടെ പിടികൂടി.
ഏജന്റിനെ വിശ്വസിച്ച് ഖത്തറിലേക്ക് പുറപ്പെട്ട ആ മലയാളി പതിച്ചത് ജീവിതംതന്നെ തകർത്ത വലിയ ചതിയിലായിരുന്നു. പത്തു വർഷം ജയിൽ ശിക്ഷയും രണ്ടു ലക്ഷം റിയാൽ (45 ലക്ഷം രൂപ) പിഴയും വിധിക്കപ്പെട്ട ആ യുവാവ് ഖത്തർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.
****
മുംബൈയിൽ നിന്നുള്ള ഈ യാത്രക്കാരനെ തൽക്കാലം ‘എക്സ്’ എന്ന് വിളിക്കാം. ഖത്തറിലേക്ക് തൊഴിൽ തേടി പുറപ്പെടുേമ്പാൾ ദോഹയിലെ സുഹൃത്തിന് അത്യാവശ്യമായ വസ്തുക്കളാണെന്ന് പറഞ്ഞാണ് ഒരു പൊതി ഏൽപിച്ചത്. 15,000 രൂപ നൽകാം എന്ന് വാഗ്ദാനം ചെയ്തപ്പോൾ അയാൾ ആ പൊതി വാങ്ങി തന്റെ ലഗേജിനൊപ്പം വെച്ചു. എന്നാൽ, ദോഹ വിമാനത്താവളത്തിലെത്തി ലഗേജ് എടുക്കാനായി കാത്തിരുന്നപ്പോഴാണ് കഥ മാറിയത്.
ആ പൊതിയിലുള്ളത് ഖത്തറിൽ നിരോധിക്കപ്പെട്ട നൂറോളം ലിറിക ഗുളികകൾ. തുച്ഛമായ തുകക്കു വേണ്ടി അപരിചിതനിൽനിന്നും ഒരു പൊതി വാങ്ങിയ ‘എക്സിന്’ ഒരു വർഷം ജയിൽ ശിക്ഷയും നാടുകടത്തലുമാണ് ശിക്ഷ. കുടുംബത്തെ സംരക്ഷിക്കാൻ പ്രവാസിയായ യുവാവിന് ജയിൽ വാസവും തൊഴിൽ നഷ്ടവും മാനക്കേടുമെല്ലാം ബാക്കിയായി.
****
ലഹരിക്കടത്തു കേസുകളിൽ കുടുങ്ങി ഖത്തരി ജയിലുകളിലുള്ള നൂറിലേറെ ഇന്ത്യക്കാരിൽ രണ്ടുപേരുടെ മാത്രം അനുഭവമാണിത്. ഒട്ടു മിക്ക കേസുകളിലും അകത്തായത് ചതിയിൽപെട്ടവർ. പക്ഷേ, തെളിവുകൾ എതിരായതിനാൽ ജയിൽ ശിക്ഷയും നാടുകടത്തലും അനുഭവിച്ചേ മതിയാകൂ.
ഗൾഫിലേക്കുള്ള യാത്രയിൽ നിങ്ങൾ ആരെയും വിശ്വസിക്കരുതെന്ന് ഓർമിപ്പിക്കുകയാണ് ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരും സാമൂഹ്യ പ്രവർത്തകരുമെല്ലാം. സ്വന്തം ബന്ധുക്കളാലും സുഹൃത്തുക്കളാലും ചതിയിൽപെട്ട് ഗൾഫ് നാടുകളിലെ തടവറകളിൽ കഴിയാൻ വിധിക്കപ്പെട്ടവർ ഏറെ. യാത്രക്ക് മുമ്പ് ആരിൽനിന്നും പൊതികളോ, ലഗേജോ വാങ്ങരുതെന്ന് കർശനമായി ഓർമപ്പെടുത്തുകയാണ് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലും, ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാളും.