കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട യാത്രാ പ്രതിസന്ധി; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കി
text_fieldsദോഹ: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട യാത്ര പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയായ മന്ത്രി സണ്ണി ജോസഫിന് പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി.
പ്രവാസി വെൽഫെയർ സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌ല നജിബ്, വെൽഫെയർ പാർട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സൗദിഖ് ഉളിയിൽ, പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഇ.കെ. മൻസൂർ, ജില്ലാ നേതാക്കളായ ഇഖ്ബാൽ ചേലേരി, കെ.എൽ. ഹാശിം, അഡ്വ. അഹ്മദ് യാസീൻ, പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷക്കിബ് കേളേത്ത് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ഗള്‍ഫ് യാത്രക്കാര്‍ നേരിടേണ്ടി വരുന്ന വിവേചനപരമായ പെരുമാറ്റം അവസാനിപ്പിക്കാന്‍ ഇടപെടുക, കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുക, അന്താരാഷ്ട്ര സർവിസുകളുടെ കുറവ് പരിഹരിക്കാനും മുന്നറിയിപ്പില്ലാതെയുള്ള വിമാന സർവിസുകളുടെ റദ്ദാക്കലും ഷെഡ്യൂള്‍ വെട്ടികുറയ്ക്കലും ഒഴിവാക്കാനും സീസണ്‍ കാലത്തെ അനിയന്ത്രിത ടിക്കറ്റ് നിരക്ക് വര്‍ധന നിയന്ത്രിക്കാനും സര്‍ക്കാര്‍ തലത്തില്‍ അടിയന്തിരമായി ഇടപെടല്‍ നടത്തുക, വിമാനത്താവളത്തിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മന്ത്രിക്ക് മുന്നില്‍ സമര്‍പ്പിച്ചത്.
പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി തയാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖയും മന്ത്രിക്ക് കൈമാറി.


