കാർഷിക സേവനങ്ങൾ ‘ഔൻ’ ആപ്പിലും
text_fieldsദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ നിന്നും പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഔൻ ആപ്പിൽ കാർഷിക അനുബന്ധ സേവനങ്ങൾകൂടി ഉൾപ്പെടുത്തി. മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷൻ പദ്ധതികളുടെ ഭാഗമായി ഇൻഫർമേഷൻ ഡിപ്പാർട്മെന്റുമായി സഹകരിച്ചാണ് കാർഷികകാര്യ വിഭാഗം 17 കാർഷിക സേവനങ്ങൾ കൂടെ ഔൻ ആപ്പിൽ ഉൾപ്പെടുത്തിയത്.
കൃഷി ആവശ്യത്തിനുള്ള വളവും മണ്ണും ഇറക്കുമതി ചെയ്യുന്നതിനുള്ള പെർമിറ്റുകൾ, തേനീച്ചകൾ ഉൾപ്പെടെ ജീവജാലങ്ങളുടെ ഇറക്കുമതി പെർമിറ്റ്, പ്രകൃതിദത്ത മരവും സസ്യങ്ങളും ഇറക്കുമതി പെർമിറ്റ്, പച്ചക്കറി, പഴം ഇറക്കുമതി പെർമിറ്റ്, പച്ചപ്പുല്ല്, ഉണങ്ങിയ ധാന്യപ്പുല്ല് എന്നിവയുടെ ഇറക്കുമതി പെർമിറ്റ് എന്നിവ സംബന്ധിച്ച സേവനങ്ങൾ ഇനി ഔൻ ആപ് വഴി ലഭ്യമാക്കും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വിവിധ സേവനങ്ങൾ സംബന്ധിച്ച നടപടികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കുന്നത്.
വിത്ത്, നിയന്ത്രണമുള്ള വളങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, മുന്തിയ ഇനം ഈത്തപ്പന, കീടനാശിനി, പൂക്കൾ തുടങ്ങിയവയുടെ ഇറക്കുമതി പെർമിറ്റ്, പ്രൊഡക്ടിവിറ്റി സർട്ടിഫിക്കറ്റ് അപേക്ഷ, കീടനാശിനി ഉപയോഗിക്കുന്നതിനുള്ള സെക്യൂരിറ്റി അനുമതി, ഈത്തപ്പനകളുടെ വിൽപ്പന, കാർഷിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി, കഹ്റാമ സേവന അപേക്ഷ തുടങ്ങി നിരവധി സൗകര്യങ്ങളാണ് കാർഷിക വിഭാഗവുമായി ബന്ധപ്പെട്ട് ഔൻ ആപ്പിൽ ഒരുക്കുന്നത്.
മുനിസിപ്പാലിറ്റി മന്ത്രാലയം പ്ലാറ്റ്ഫോമായ ഔൻ ആപ്പിലും വെബ്സൈറ്റിലും നിലവിൽ നൂറിലേറെ സേവനങ്ങൾ ലഭ്യമാണ്. മാലിന്യനിർമാർജനം, ഏറ്റവും സമീപ സ്ഥലത്തെ മാലിന്യ നിക്ഷേപ കേന്ദ്രം അറിയാൻ, അപകടകരമായ മരങ്ങൾ മുറിക്കാനുള്ള ആവശ്യമുന്നയിക്കൽ, മലിനജലം നീക്കം ചെയ്യൽ തുടങ്ങി സേവനങ്ങൾ ഔൻ ആപ് വഴി ഉപയോഗപ്പെടുത്താവുന്നതാണ്. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി 2023ൽ ആണ് ഇത് ആരംഭിച്ചത്.