സോമാലിയയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഒ.ഐ.സി
text_fieldsഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ കോൺടാക്റ്റ് ഗ്രൂപ് മന്ത്രിതല യോഗത്തിൽനിന്ന്
ദോഹ: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) കോൺടാക്റ്റ് ഗ്രൂപ് മന്ത്രിതല യോഗം ദോഹയിൽ നടന്നു. സോമാലിയൻ ജനതക്ക് സുരക്ഷയും വികസനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് കൂടുതൽ അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കുന്നത് ലക്ഷ്യമിട്ടാണ് യോഗം ചേർന്നത്. സോമാലിയയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുകയും വികസനത്തിന്റ പാതയിൽ ജനങ്ങളെ പിന്തുണക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യോഗം ചേർന്നതെന്ന് വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി പറഞ്ഞു.
സോമാലിയയുടെ സുരക്ഷയെയും സ്ഥിരതയെയും പരമാധികാരത്തെയും സാമ്പത്തിക തകർച്ച തുടങ്ങി സങ്കീർണമായ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് യോഗം നടക്കുന്നത്. അവരുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിച്ച് എല്ലാ അന്താരാഷ്ട്ര കൂട്ടായ്മകളും ഇതിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭാഷണത്തിലൂടെയും തുറന്ന ചർച്ചകളിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന, സമഗ്രമായ ദേശീയ അനുരഞ്ജനം സാധ്യമാക്കണം. ഭിന്നതകൾ ഇല്ലാതാക്കാനും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഭരണകൂടത്തെയും ജനങ്ങളെയും ഒന്നിപ്പിക്കാനും ഇത് സഹായിക്കും. തെരഞ്ഞെടുപ്പുകളിലൂടെയോ ഭരണഘടന ഭേദഗതികളിലൂടെയോ രാഷ്ട്രനിർമാണത്തിനും സ്ഥിരത വർധിപ്പിക്കുന്നതിലും രാഷ്ട്രീയ പരിഷ്കരണങ്ങൾ അനിവാര്യമണ്.
ഇതിൽ കമ്യൂണിറ്റി ഗ്രൂപ്പുകൾ, സ്വാധീനമുള്ള സാമൂഹിക വിഭാഗങ്ങൾ, സ്ത്രീകൾ, യുവജനങ്ങൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാകണം. അന്താരാഷ്ട്ര ശ്രമങ്ങൾ സോമാലിയൻ ഗവൺമെന്റിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതും ഭരണകൂടത്തിന്റെ തീരുമാനങ്ങളെ ശക്തിപ്പെടുത്തുന്നതുമായിരിക്കണം. സോമാലിയ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് സുരക്ഷയാണ്. ഭീകരവാദ ഗ്രൂപ്പുകളുടെ ഭീഷണികളും പ്രാദേശിക കക്ഷികൾ തമ്മിലുള്ള സംഘർഷങ്ങളും കാരണം സ്ഥിതിഗതികൾ രൂക്ഷമാണ്. സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനം സാധ്യമാക്കുകയും ചെയ്ത് ഗവൺമെന്റിനെ ശക്തിപ്പെടുത്തണം. സാമൂഹികവും വികസനപരവുമായ പരിഹാരങ്ങൾ സമന്വയിപ്പിച്ച് എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ടുപോകുകയും വേണം. വരൾച്ച, ഭക്ഷ്യക്ഷാമം, ആഭ്യന്തര പലായനം തുടങ്ങി വിവിധ വെല്ലുവിളികൾ ആ രാജ്യം നേരിടുന്നുണ്ട്. വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അന്താരാഷ്ട്ര കൂട്ടായ്മകളും സന്നദ്ധ സംഘടനകളും ഒന്നിച്ച് മുന്നോട്ടുവരണം. സോമാലിയയുടെ ശാക്തീകരണത്തിനും സ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ഖത്തർ, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ ക്രിയാത്മക ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. യോഗത്തിൽ സോമാലിയയുടെ ഭാവിയെ മുന്നോട്ട് നയിക്കുന്ന ഫലപ്രദമായ ചർച്ചകളും നടന്നു.