ജി.എസ്.എ.എസ് ത്രീ സ്റ്റാർ സര്ട്ടിഫിക്കേഷന്നേടി അല്‍ റുവൈസ് പോര്‍ട്ട്
text_fieldsദോഹ: പ്രസിദ്ധമായ ഗ്ലോബല്‍ സസ്റ്റെയിനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ (ജി.എസ്.എ.എസ്) ത്രീ സ്റ്റാർ സര്ട്ടിഫിക്കേഷന് നേടി അല്‍ റുവൈസ് പോര്‍ട്ട്. ഹമദ് പോര്‍ട്ടിനടുത്ത് സ്ഥിതിചെയ്യുന്ന വെറ്ററിനറി ക്വാറന്റൈന് ഫെസിലിറ്റികൾക്കും ഇതേ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി.
ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ന് അനുസൃതമായി വികസന പദ്ധതികളില്‍ പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങൾക്ക് മുതൽക്കൂട്ടാണ് ഈ അംഗീകാരം.മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലക്ക് പ്രത്യേകമായി തയാറാക്കിയ ആദ്യ സമഗ്ര സസ്റ്റൈനബിലിറ്റി അസസ്മെന്റ് സംവിധാനമായ ജി.എസ്.എ.എസ് സർട്ടിഫിക്കേഷൻ കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികളുടെയും നിർമാണപ്രവർത്തനങ്ങളും പരിസ്ഥിതി മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത്.
2022ലെ ഖത്തർ ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളെയും ലുസൈല്‍ സിറ്റിയെയും പോലെയുള്ള ഐതിഹാസിക കെട്ടിടങ്ങൾ ജി.എസ്.എ.എസ് മുമ്പ് വിലയിരുത്തിയിരുന്നു. കെട്ടിട സൗകര്യങ്ങളുടെ രൂപകല്പന, നിര്‍മാണം, ഓപറേഷന് എന്നിവയില്‍ പരമാവധി സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി.