ബഹ്റൈനെ തകർത്ത് അൽജീരിയ
text_fieldsഅൽജീരിയൻ താരങ്ങളുടെ ആഹ്ലാദം
ദോഹ: ഫിഫ അറബ് കപ്പിൽ ബഹ്റൈനെതിരെ തകർപ്പൻ (5-1) വിജയവുമായി അൽജീരിയ. കളിയുടെ തുടക്കത്തിൽതന്നെ നിയന്ത്രണമേറ്റെടുത്ത അൽജീരിയ മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം പുറത്തെടുത്തത്. റിദ് വാൻ ബെർക്കയ്ൻ, ബൗൾബിന എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ അൾജീരിയ അനായാസ വിജയമുറപ്പാക്കി. അതേസമയം, അറബ് കപ്പിൽ ഖത്തർ ദേശീയ ടീമിന് ഇതുവരെ വിജയം കാണാനായില്ലെങ്കിലും ഖത്തർ സ്റ്റാർസ് ലീഗിലെ താരങ്ങൾ അൽജീരിയക്കുവേണ്ടി മികച്ച പ്രകടനം നടത്തിയതിനും ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം വേദിയായി.
ആദ്യ പകുതിയിൽ തന്നെ കളി ആവേശത്തിലായപ്പോൾ 3-1ന്റെ ലീഡ് അൽജീരിയ ഉറപ്പാക്കിയിരുന്നു. യൂസഫ് അദ്ലിന്റെ അസിസ്റ്റിൽ 24ാം മിനിറ്റിൽ അൽ വക്റയുടെ താരം റിദ് വാൻ ബെർക്കയ്ൻ ആദ്യ ഗോൾ നേടിയാണ് അൽജീരിയക്കുവേണ്ടി സ്കോറിങ് ആരംഭിച്ചത്. തുടർന്ന് അൽ ദുഹൈലിന്റെ ആദിൽ ബൗൾബിന 30ാം മിനിറ്റിൽ രണ്ടാമത്തെ ഗോൾ നേടുമ്പോൾ റിദ് വാൻ ബെർക്കയ്ൻ അവസരം ഒരുക്കി നൽകി. ഇതിനിടയിൽ 27ാം മിനിറ്റിൽ മഹ്ദി അബ്ദുൽ ജബ്ബാർ ബഹ്റൈനുവേണ്ടി ഒരു ഗോൾ മടക്കിയിരുന്നു. വെറും ആറ് മിനിറ്റിനുള്ളിൽ ആവേശകരമായ മൂന്ന് ഗോളുകളാണ് സ്റ്റേഡിയത്തിൽ പിറന്നത്. ആദ്യ പകുതിയുടെ അധിക സമയത്ത് ബെർക്കെയ്ൻ നേടിയ പെനാൽറ്റി യാസിൻ ബെൻസിയ വലയിലെത്തിച്ച് 3-1ന്റെ ലീഡ് അൽജീരിയ ഉറപ്പാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബെർക്കെയ്ൻ രണ്ടാമത്തെ ഗോളും നേടി ലീഡുയർത്തി. പകരക്കാരനായി ഇറങ്ങിയ യാസിൻ ബ്രാഹിമിയുടെ അസിസ്റ്റിൽ ബൗൾബിന രണ്ടാമത്തെ ഗോളും നേടിയപ്പോൾ അൽജീരിയയുടെ സ്കോർ അഞ്ചിലെത്തിച്ചു. ആദ്യ മത്സരത്തിൽ സുഡാനോട് സമനിലയിൽ പിരിഞ്ഞെങ്കിലും ബഹ്റൈനോട് നേടിയ അനായാസ വിജയം അടുത്ത റൗണ്ട് പ്രതീക്ഷ നൽകുന്നതാണ്. ഡിസംബർ 9ന് ഇറാഖ് ആണ് എതിരാളികൾ


