എസ്.ഐ.ആർ പേരു ചേര്‍ക്കാന്‍ ഇന്നുകൂടി അവസരം
text_fieldsകഴിഞ്ഞ ദിവസം എസ്.ഐ.ആർ അപേക്ഷിച്ചവർക്ക് തടസ്സം
നേരിട്ടപ്പോൾ ലഭിച്ച സന്ദേശം
ദോഹ: സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നുകൂടി അവസരം. പൗരത്വ നിയമ പ്രകാരം ഇന്ത്യൻ പൗരന്മാരുടെ മക്കൾ വിദേശത്ത് ജനിച്ചാലും അവർ ഇന്ത്യൻ പൗരന്മാരാണ്. എന്നാൽ വെബ്സൈറ്റിലും, ഫോമിലും ഇന്ത്യക്ക് പുറത്ത് ജനിച്ച പൗരന്മാർക്ക് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് വകുപ്പുണ്ടായിരുന്നില്ല. ഇപ്പോൾ ആക്ഷേപം ബോധിപ്പിക്കാൻ തന്ന 38 ദിവസങ്ങളിൽ 36 ദിവസം കഴിഞ്ഞപ്പോഴാണ് ഇലക്ഷൻ കമ്മീഷൻ കണ്ണ് തുറന്നത്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സാങ്കേതിക തടസ്സം കഴിഞ്ഞദിവസമാണ് പരിഹരിച്ചത്. ഇന്ത്യക്ക് പുറത്തുള്ള ജന്മസ്ഥലം രേഖപ്പെടുത്താൻ സൗകര്യം, പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് പേര് ചേർക്കുന്നതിനുള്ള സൗകര്യം എന്നിവ എസ്.ഐ.ആർ അപേക്ഷയിൽ ഉൾപ്പെടുത്തി. പ്രവാസികളുടെ നിരന്തര ആവശ്യങ്ങൾക്കും ആശങ്കൾക്കുമിടെ ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് അവസാന നിമിഷം തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിച്ചത്. അതേസമയം, ഇന്നലെ വൈകീട്ട് ഖത്തറിൽനിന്ന് അപേക്ഷിച്ചവർക്ക് സാങ്കേതിക തടസ്സം നേരിട്ടതായി പരക്കെ പരാതിയുണ്ട്. എല്ലാ രേഖകളും സമർപ്പിച്ച് കഴിഞ്ഞ് സബ്മിറ്റ് ചെയ്യുമ്പോഴാണ് തടസ്സം നേരിട്ടത്. ഇന്ന് അവസാന സമയമാണെന്നിരിക്കെ പലരും ആശങ്കയിലാണ്.
എസ്.ഐ.ആറിൽ ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഇന്ത്യക്ക് പുറത്തുള്ള ജന്മസ്ഥലം രേഖപ്പെടുത്താൻ സൗകര്യമില്ലാത്തത് പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു. ഇതിന് പരിഹാരമായി വിദേശത്ത് ജനിച്ച പ്രവാസികൾക്ക് ഓൺലൈനിന് പകരം ഓഫ് ലൈനായി ഫോം ആറ് എ വഴി അപേക്ഷിക്കാം. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും രേഖപ്പെടുത്താം.
ബി.എൽ.ഒ വഴിയോ ഇ.ആർ.ഒ വഴിയോ ആണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകേണ്ടത്. ബി.എൽ.ഒക്ക് നേരിട്ട് അയക്കുകയോ ബന്ധുക്കൾ വഴി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം. വോട്ടർപട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന എറോനെറ്റ്, ബി.എൽ.ഒ ആപ് എന്നിവയിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താൻ സൗകര്യം ലഭ്യമായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സാങ്കേതിക തടസവും പരിഹരിച്ചിട്ടുണ്ട്. പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ സോഫ്റ്റ്വെയർ മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ പാസ്പോർട്ട് വിവരങ്ങൾ നിർബന്ധമാണ്. അതേസമയം പാസ്പോർട്ടിലെ രണ്ട് രീതിയിലുള്ള അക്കങ്ങളാണ് പ്രശ്നമായിരുന്നത്. അതേസമയം, ഇതുവരെ ഫോം ആറ് എ വഴി 1,37,162 പ്രവാസികൾ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചതായി അധികൃതർ അറിയിച്ചു.


