ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ഫൈനൽ ഇന്ന്: ഖത്തർ ബഹ്റൈനെ നേരിടും
text_fieldsഖത്തർ ഹാൻഡ്ബാൾ ടീം
ദോഹ: കുവൈത്തിൽ നടക്കുന്ന 22ാമത് ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ഫൈനലിൽ ബഹ്റൈനും ഖത്തറും ഏറ്റുമുട്ടും. വ്യാഴാഴ്ച ശൈഖ് സാദ് അൽ അബ്ദുല്ല സ്പോർട്സ് കോംപ്ലക്സിലാണ് ഫൈനൽ. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ കുവൈത്ത് ജപ്പാനെ നേരിടും. സെമിഫൈനലിൽ കുവൈത്തിനെ പരാജയപ്പെടുത്തിയാണ് ഖത്തർ ഫൈനൽ പ്രവേശനം ഉറപ്പാക്കിയത്.
ശക്തമായ പോരാട്ടത്തിനൊടുവിൽ കുവൈത്തിനെ 27-26 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. തുടർച്ചയായ ഏഴാം തവണയാണ് ഖത്തറിന്റെ ഫൈനൽ പ്രവേശനം. കഴിഞ്ഞ ആറ് പതിപ്പുകളിൽ തുടർച്ചയായി നേടിയ ഏഷ്യൻ കിരീടം നിലനിർത്താനാകും ഖത്തർ ഇന്ന് ബഹ്റൈനെതിരെ പോരിനിറങ്ങുക. കഴിഞ്ഞ വർഷം ബഹ്റൈനിൽ നടന്ന 21ാമത് ഏഷ്യൻ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ജപ്പാനെ 30-24 ന് പരാജയപ്പെടുത്തിയാണ് ഖത്തർ ചാമ്പ്യന്മാരായത്. 1979, 1983, 1987, 1989 വർഷങ്ങളിലായി നാലുതവണ കുവൈത്ത് ഏഷ്യൻ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. അതേസമയം, 2027ൽ ജർമനിയിൽ നടക്കുന്ന ഹാൻഡ്ബാൾ പുരുഷ ലോകകപ്പിന് ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ജപ്പാൻ എന്നീ രാജ്യങ്ങൾ യോഗ്യത നേടി.


