ബോസുമാരെ കാണാൻ വരുന്നു, ‘എക്സ്ട്രാ ഓർഡിനറി’ വിദ്യാർഥി'
text_fieldsആശിഷ് വിദ്യാർഥി
ദോഹ: വ്ലോഗിങിലും മോട്ടിവേഷണൽ ക്ലാസുകളിലും മാത്രം കാണുമ്പോൾ ചിലർ നടൻ ആശിഷ് വിദ്യാർഥിയോട് ചോദിക്കാറുണ്ട്- ‘ഇപ്പോൾ സിനിമയൊന്നുമില്ലേ?’ എന്ന്. അവർക്കുള്ള കൃത്യമായ മറുപടിയുണ്ട് ആശിഷ് വിദ്യാർഥിക്ക് -‘ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നവരോട് ഇപ്പോൾ താങ്കളോട് സംസാരിക്കുന്നു എന്നായിരിക്കും എന്റെ മറുപടി. ചെയ്യുന്ന കാര്യം ആത്മാർഥമായി ചെയ്യുക, അതിനെ ഭയക്കാതിരിക്കുക എന്ന് മാത്രമേ എനിക്കുള്ളു. അഭിനയിക്കുമ്പോൾ ഞാൻ നടൻ, വ്ലോഗ് ചെയ്യുമ്പോൾ വ്ലോഗർ, ക്ലാസെടുക്കുമ്പോൾ മോട്ടിവേഷണൽ സ്പീക്കർ. ആളുകൾ നിങ്ങളെ ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിൽ കാണുമ്പോഴുള്ള പ്രശ്നമാണ് എന്ത് ചെയ്യുന്നു എന്ന ചോദ്യമൊക്കെ. ഞാൻ ആ ചട്ടക്കൂട് കാണാറേയില്ല’ -ഒരു മോട്ടിവേഷണൽ സ്പീക്കറെന്ന നിലയിൽ ആശിഷ് വിദ്യാർഥി പറയുന്നതെല്ലാം ജീവിത വിജയത്തിനുള്ള മന്ത്രങ്ങളാണ്. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കുന്ന, അത് എല്ലാവരെയും പഠിപ്പിക്കുന്ന ഈ ‘എക്സ്ട്രാ ഓർഡിനറി ‘വിദ്യാർഥി’ ഖത്തറിലേക്ക് എത്തുകയാണ്; ജൂൺ ഒന്നിന് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘ബോസസ് ഡേ ഔട്ടിൽ’ പങ്കെടുക്കാൻ. ബിസിനസിന്റെ വിജയപാതകളിൽ മുന്നേറുന്നവരെ മികവിന്റെ അടുത്ത തലത്തിലേക്ക് ഉയർത്തുന്ന നേതൃപരിശീലനമാണ് ആശിഷ് വിദ്യാർഥി നടത്തുക. സംരംഭകരുടെ നേതൃപാടവം പരിപോഷിപ്പിച്ച് സ്വന്തം ടീമിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രചോദം നൽകുന്നതിന് പ്രാപ്തരാക്കുന്ന ‘നെക്സ്റ്റ് ലെവൽ ബോസസ്’ എന്ന വിഷയമാണ് ആശിഷ് അവതരിപ്പിക്കുക. 2024 ജൂൺ ഒന്ന് ശനിയാഴ്ച പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് ഫെർമോണ്ട് ദോഹയാണ് ‘ബോസസ് ഡേ ഔട്ടിന്റെ വേദി’.
താരജാഡയില്ലാത്ത താരം
മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ആശിഷ് വിദ്യാർഥി, താരജാഡകളില്ലാതെ സാധാരണക്കാരുമായി സംവദിക്കുന്ന വ്ലോഗുകൾ ഏറെ വൈറലാണ്. പാലക്കാട്ടെ തനി നാടൻ ചായക്കടയിലോ ചെന്നൈയിലെ വഴിയോര തട്ടുകടയിലോ ഒക്കെ എത്തി അവിടെ കൂടി നിൽക്കുന്നവരിൽ ഒരാളായി ആ കടയിലെ പ്രത്യേകതകൾ, അവിടെയുളളവരുടെ ജീവിതങ്ങൾ ഒക്കെ പകർത്തി തന്റേതായ ശൈലിയിൽ അവതരിപ്പിക്കുന്നയാളെ പിന്നീട് കാണുന്നത് ഏതെങ്കിലും യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് മോട്ടിവേഷണൽ ക്ലാസെടുക്കുമ്പോഴായിരിക്കും. അല്ലെങ്കിൽ മുംബൈയിലെയോ ഹൈദരാബാദിലെയോ ഏതെങ്കിലും ഷൂട്ടിങ് സെറ്റിൽ. നടൻ, മോട്ടിവേഷണൽ സ്പീക്കർ, വ്ലോഗർ... ഇതിലോരോന്നുമാണ്, ഇതെല്ലാമാണ് ആശിഷ് വിദ്യാർഥി എന്ന് പറയാം.
‘സി.ഐ.ഡി മൂസ’യിലെ വില്ലൻ വേഷത്തിലൂടെയാണ് ആശിഷ് വിദ്യാർഥി മലയാളികൾക്ക് സുപരിചിതനാകുന്നത്. ഇന്നും ഭൂരിഭാഗം മലയാളികൾക്കും ആശിഷ് വിദ്യാർഥി ‘അന്യഭാഷ വില്ലൻ നടൻ’ ആണ്. അദ്ദേഹം ജനിച്ചത് തലശ്ശേരിയിൽ ആണെന്ന് പലർക്കുമറിയില്ല. ബഹുഭാഷാ പണ്ഡിതനും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആദ്യകാല സജീവ നേതാക്കളിൽ ഒരാളുമായ, തലശ്ശേരിയിലെ ഗോവിന്ദ് വിദ്യാർഥിയാണ് അദ്ദേഹത്തിന്റെ അച്ഛൻ. ലഖ്നോ ഘരാനയിലെ കഥക് നർത്തകിയും അധ്യാപികയുമായ രേബാ വിദ്യാർഥിയാണ് അമ്മ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ ആശിഷ് വിദ്യാർഥി 1994ൽ ഗോവിന്ദ് നിഹ്ലാനി സംവിധാനം ചെയ്ത ‘ദ്രോഹ്കാൽ’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധേയനാകുന്നത്. മൂന്ന് ദശകങ്ങളായി സിനിമയിലും നാടകത്തിലും ടി.വി ഷോകളിലും സജീവമാണ് അദ്ദേഹം. 11 ഭാഷകളിലായി 240 സിനിമകളിൽ ആശിഷ് വിദ്യാർഥി വേഷമിട്ടു. സിനിമയിൽ സജീവമാകുന്നതിന് മുമ്പും ശേഷവും നാടകവേദികളിൽ അദ്ദേഹം എന്നും നിറഞ്ഞുനിൽക്കുന്നുണ്ട്.
2004 മുതൽ യാത്രകൾ ചെയ്യുമ്പോഴെല്ലാം ആശിഷ് വിദ്യാർഥി വീഡിയോകൾ പകർത്തുന്നുണ്ട്. ‘യാത്രകളിൽ കാണുന്ന കാഴ്ചകളെയും ആളുകളെയും ഭക്ഷണവുമെല്ലാം ഞാൻ പകർത്താറുണ്ട്. ലോക്ഡൗണിൽ ഇരിക്കുമ്പോളാണ് ട്രാവൽ വ്ലോഗിങ്, ഫുഡ് വ്ലോഗിങ്, ലൈഫ് വ്ലോഗിങ് എന്നൊക്കെയുണ്ടെന്ന് തിരിച്ചറിയുന്നത്. അപ്പോഴാണ് ഞാൻ ഇതെല്ലാമാണല്ലോ ചെയ്തത് എന്ന് മനസ്സിലായത്. പിന്നെ ഞാൻ പകർത്തിയ കാഴ്ചകളും ജീവിതവും എല്ലാവരുമായും പങ്കുവെക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് ആലോചിച്ചുതുടങ്ങി’ -തന്നെ ജനകീയനായ വ്ലോഗിങിനെ കുറിച്ച് ആശിഷ് വിദ്യാർഥി പറയുന്നു.തന്റെ പ്രഭാഷണങ്ങളിലൂടെ അനേകായിരങ്ങളെ സ്വാധീനിക്കുന്ന പ്രചോദക പ്രഭാഷകൻ ആയുള്ള ആശിഷ് വിദ്യാർഥിയുടെ മാറ്റവും അമ്പരപ്പിക്കുന്നതായിരുന്നു. ‘30 വർഷത്തെ കരിയറിൽ ഞാൻ ചെയ്തത് 240ഓളം സിനിമകളാണ്. എല്ലാ ദിവസവും ഷൂട്ടിങ് ഉള്ള സമയവും വളരെ കാലത്തേക്ക് ഒരു സിനിമ പോലും ഇല്ലാതിരുന്ന സമയവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ജീവിതത്തിന്റെ ഉയർച്ച-താഴ്ചകൾ, വെല്ലുവിളികൾ, പ്രതിസന്ധികൾ, നിരാശകൾ എന്നിവയെ എല്ലാം അഭിമുഖീകരിക്കാൻ കഴിഞ്ഞു.
അവയെ ഞാൻ മറികടന്ന രീതി ബാക്കിയുള്ളവർക്ക് കൂടി പ്രയോജനകരമാകുന്നതിനാണ് ഈ വഴി കൂടി തെരഞ്ഞെടുത്തത്. കോവിഡിന് മുമ്പ് തന്നെ ഒരു സിനിമ പോലും ഇല്ലാത്ത അവസ്ഥ ഞാൻ അനുഭവിച്ചിട്ടുണ്ട്. മഹാമാരിക്കാലത്ത് എല്ലാവരും ജോലിയില്ലാതെ അടച്ചിടപ്പെട്ടപ്പോൾ എനിക്കത് പ്രശ്നമല്ലാതായി തോന്നിയത് ഈ അനുഭവങ്ങൾ കൊണ്ടാണ്. വീട്ടിൽ നമ്മളെ കാണുമ്പോൾ കോവിഡ് ആയതുകൊണ്ട് ഷൂട്ടിങ് റദ്ദാക്കിയല്ലേ എന്ന് ചോദിക്കുന്നവരോട് എനിക്ക് വർക്ക് ഇല്ല എന്ന് പറയാൻ സാധിക്കുന്നത് എന്നിലെ മോട്ടിവേറ്ററുടെ ഗുണമാണ്. ഇനി പുതിയ പ്രോജക്ടുകൾ വരുമ്പോഴും വ്ലോഗിങും പ്രഭാഷണവും ഞാൻ ഉപേക്ഷിക്കുകയുമില്ല’ -ആശിഷ് വിദ്യാർഥി പറയുന്നു.
ബോസസ് ഡേ ഔട്ട്: സീറ്റുകൾ ഉടൻ ബുക്ക് ചെയ്യാം
ദോഹ: ജൂൺ ഒന്നിന് റാഫ്ൾസ് ഫെയർമോണ്ട് ദോഹ വേദിയാകുന്ന ബോസസ് ഡേ ഔട്ടിൽ വിവിധ വിഷങ്ങളിലായി ആശിഷ് വിദ്യാർഥി, സെലിബ്രിറ്റി മെൻററും, ബ്രാൻഡ് ട്രെയിനറുമായ അർഫീൻ ഖാൻ, നിർമിത ബുദ്ധിയുടെ കാലത്തെ സൂപ്പർ ബ്രെയിൻ സാനിധ്യ തുൾസിനന്ദൻ എന്നിവർ പങ്കെടുക്കുന്നു.
നേരത്തെ രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്കു മാത്രമായിരിക്കും പ്രവേശനം. സിംഗ്ൾ എൻട്രി പാസിന് 1300റിയാൽ. കമ്പനികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും കൂടുതൽ ടിക്കറ്റുകൾ ഒന്നിച്ച് സ്വന്തമാക്കാവുന്ന സിൽവർ, ഗോർഡ്, പ്ലാറ്റിനം വിത്ത് പ്രീമിയം ക്ലബ് മെംബർഷിപ്പ് ടിക്കറ്റുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 7076 0721 ബന്ധപ്പെടാം. ക്യൂ ടിക്കറ്റ്സ് വഴിയും എൻട്രി പാസുകൾ ലഭ്യമാണ്.