എ.ഐ അറിവുകൾ പകരാൻ ന്യൂജെൻ സാന്നിധ്യം
text_fieldsസാന്നിധ്യ തുൾസിനന്ദൻ
ദോഹ: ബിസിനസിൽ നിർമിത ബുദ്ധിക്ക് (എ.ഐ) എന്തു കാര്യം എന്ന് ചോദിക്കാൻ വരട്ടെ. എ.ഐയുടെ സഹായത്തോടെയുള്ള ബിസിനസ് ഓട്ടോമേഷന്റെ ലോകത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഓട്ടോമേഷനിലൂടെ ബിസിനസിന്റെ ഓരോ ഘട്ടവും സ്മാർട്ട് ഫോണിലൂടെയോ ഇലക്ട്രോണിക് ഡിവൈസിലൂടെയോ റിമോട്ട് ആയി നിയന്ത്രിക്കാൻ കഴിയും. ഇതിലൂടെ വളരെ വേഗത്തിൽ ബിസിനസ് വളർച്ചക്കാവശ്യമായ തീരുമാനങ്ങൾ എടുക്കാനുമാകും. ഇങ്ങനെ ബിസിനസിൽ എ.ഐയും ഓട്ടോമേഷനും സൃഷ്ടിക്കുന്ന മാറ്റങ്ങൾ വലുതാണ്. ചുരുക്കി പറഞ്ഞാൽ, ഒരു സാധാരണ ഫോണിൽ നിന്നും സ്മാർട്ഫോണിലേക്ക് മാറിയപ്പോൾ നമ്മുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളേക്കാൾ പതിന്മടങ്ങായിരിക്കും ബിസിനസിൽ ഓട്ടോമേഷൻ ഉണ്ടാക്കുന്ന മാറ്റങ്ങൾ. സ്വന്തം ബിസിനസിനെ നിർമിത ബുദ്ധിയുടെ സഹായത്തിലൂടെ വളർത്തുന്ന ‘എ.ഐ. ബോസ് ’ ആകാൻ സഹായിക്കുന്ന മാർഗനിർദേശങ്ങളുമായി ഖത്തറിൽ എത്തുകയാണ് എ.ഐ വിദഗ്ധനും കണ്ടന്റ് ക്രിയേറ്ററുമായ സാന്നിധ്യ തുൾസിനന്ദൻ.
2024 ജൂൺ ഒന്ന് ശനിയാഴ്ച പഞ്ചനക്ഷത്ര ഹോട്ടലായ റാഫ്ൾസ് ഫെയർമോണ്ട് ദോഹയിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘ബോസസ് ഡേ ഔട്ടി’ലാണ് നിർമിതബുദ്ധിയുടെ കാലത്തെ സൂപ്പർ ബ്രെയിനായ സാന്നിധ്യ തുൾസിനന്ദന്റെ സാന്നിധ്യമുണ്ടാകുക. കാലഘട്ടത്തിന്റെ വേഗത്തിനൊപ്പം സഞ്ചരിക്കാൻ ഏതൊരു ബിസിനസുകാരനെയും പ്രാപ്തമാക്കുന്ന മാർഗനിർദേശങ്ങളാണ് സാന്നിധ്യ അവതരിപ്പിക്കുക. എ.ഐ എനേബിൾഡ് ബിസിനസ് ഓട്ടോമേഷനിലൂടെ ബിസിനസിൽ നടക്കുന്ന ദൈനംദിന കാര്യങ്ങളെ കൃത്യമായി അവലോകനം ചെയ്ത് അതിനനുസരിച്ച് കൃത്യസമയത്തുതന്നെ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളാനും അതിലൂടെ കാര്യക്ഷമത വർധിപ്പിക്കാനും കഴിയുന്ന വിധത്തിലുള്ള ഉൾക്കാഴ്ച പകരുന്ന സെഷനായിരിക്കും ഇത്. സാങ്കേതിക വളർച്ചയുടെ ഈ കാലത്ത് ബിസിനസിലുണ്ടാകുന്ന നിർമിതബുദ്ധി വിപ്ലവത്തിൽ കാഴ്ചക്കാരനായി നിൽക്കാതെ മുൻനിരയിലേക്ക് എത്താനുള്ള പ്രചോദനമാണ് സാന്നിധ്യയുടെ വാക്കുകളിൽ നിന്ന് ലഭിക്കുക. ‘എ.ഐ ടൂൾസ് ഉപയോഗിച്ചുകൊണ്ടുള്ള ബിസിനസ് ഓട്ടോമേഷനിലൂടെ ഡിസിഷൻ മേക്കിങ്, പ്രൊഡക്ടിവിറ്റി ബൂസ്റ്റിങ്, ടൈം മാനേജ്മെന്റ് തുടങ്ങി നിരവധി കാര്യങ്ങളിൽ കാര്യക്ഷമമായ മാറ്റങ്ങൾ കൊണ്ടുവരാനാകും. ഇതിലൂടെ ബിസിനസിന്റെ വളർച്ച ഉറപ്പുവരുത്താം. എ.ഐയിലൂടെ മനുഷ്യസഹജമായ മറവിയും മടിയും പോലുള്ള പ്രശ്നങ്ങളെ പൂർണമായും ഒഴിവാക്കാം.
ഒപ്പം തെറ്റുകൾ കുറക്കാനും കൂടുതൽ കൃത്യതയോടെ തീരുമാനങ്ങളെടുക്കാനും കഴിയും’- സാന്നിധ്യയുടെ വാക്കുകൾ. എ.ഐ. വിജ്ഞാനപരമായ വിഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ സാന്നിധ്യ ‘സൂപ്പർ െബ്രയിൻ എ.ഐ’ ആപ്പിന്റെ സ്ഥാപകനാണ്. സാംസങ്ങിന്റെയും ഇന്റലിന്റെയുമൊക്കെ എ.ഐ സാക്ഷരത ദൗത്യങ്ങളിൽ പങ്കാളിയാണ് സാന്നിധ്യ. വിവിധ എ.ഐ കമ്പനികൾക്ക് എ.ഐ പ്രോജക്ടറുകൾ െഡവലപ് ചെയ്ത് നൽകുന്ന സാന്നിധ്യ ‘ടെക് ഇൻഫ്ലുവൻസർ ഓഫ് ദി ഇയർ’ അടക്കം നിരവധി പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.