"വതൻ -2026' സുരക്ഷാ പരിശീലനം സമാപിച്ചു
text_fieldsവത്തൻ സൈനിക -സുരക്ഷാ അഭ്യാസത്തിന്റെ സമാപന ചടങ്ങുകളിൽനിന്ന്, നാഷണൽ കമാൻഡ് സെന്റർ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ സന്ദർശിച്ചപ്പോൾ
ദോഹ: രാജ്യത്തിന്റെ സുരക്ഷാ പ്രവർത്തന സന്നദ്ധത ഉറപ്പാക്കാനും വിവിധ സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനവും പ്രവർത്തന ക്ഷമതയും വർധിപ്പിക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച 'വതൻ 2026' സുരക്ഷാ പരിശീലനത്തിന് സമാപനം. സുരക്ഷാ വെല്ലുവിളികളും അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിനും കൃത്യമായ വിലയിരുത്തലുകൾക്കുമായി രണ്ട് ഘട്ടങ്ങളായാണ് പരിശീലനം സംഘടിപ്പിച്ചത്. പ്രാഥമിക ഘട്ടത്തിൽ ടേബിൾ ടോപ്പ് ചർച്ചകളും തുടര്‍ന്ന് ഫീൽഡ് അഭ്യാസങ്ങളും നടന്നു. വ്യാഴാഴ്ച നടന്ന സമാപന ചടങ്ങിൽ ഖത്തർ ആഭ്യന്തര മന്ത്രിയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്‌വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനി, വിവിധ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ സൈനിക -സുരക്ഷാ -സിവിൽ മേഖലകളിലെ തലവന്മാർ, ഫ്രഞ്ച് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വത്തൻ സൈനിക -സുരക്ഷാ അഭ്യാസത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ, ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായി, നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി പ്രസിഡന്റ് എൻജിനീയർ അബ്ദുൽറഹ്മാൻ ബിൻ അലി അൽ ഫറാഹിദ് അൽ മാലിക്കി, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് നായിഫ് ബിൻ ഫാലിഹ് ആൽഥാനി എന്നിവർ നാഷണൽ കമാൻഡ് സെന്റർ സന്ദർശിച്ചു.


