നാട്ടിലിന്ന് വോട്ടെണ്ണൽ
text_fieldsവോട്ടു പരിഭവം തീരാതെ പ്രവാസികൾ
അഷ്റഫ് കവ്വായി
മത്ര: ജനവിധി പുറത്തുവരാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കേരളത്തിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് കണ്ണു നട്ടിരിക്കുകയാണ് പ്രവാസികൾ. രാവിലെ ആദ്യമണിക്കൂറിൽ തന്നെ ആദ്യഫലം അറിയാനാകുമെങ്കിലും പൂർണഫലം ഉച്ചയോടെയേ അറിയാനാവൂ. നഗരസഭകളിലും കോർപറേഷനിലും ഒറ്റവോട്ടേ ഉള്ളൂ എന്നതിനാൽ പ്രക്രിയ കൂടുതൽ ലളിതമാകും.
എന്നാൽ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ത്രിതല വോട്ടുകൾ ഉള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൂന്നുവോട്ടും ഒരേസമയം സമാന്തരമായാണ് എണ്ണുക.
അതേസമയം, നാട്ടിൽ പ്രചാരണവും പോളിങ്ങും ഫലപ്രഖ്യാപനവുമൊക്കെയായി തെരഞ്ഞെടുപ്പ് ആഘോഷമാവുമ്പോൾ സാധാരണക്കാരായ പ്രവാസികൾക്കും അതിലൊന്നും പങ്കെടുക്കാൻ സാധിക്കാതെ വരുന്ന വിഷമവൃത്തത്തിന് ഇത്തവണയും അറുതിയില്ല. പല രാജ്യങ്ങളിലെയും വോട്ടര്‍മാര്‍ക്ക് അവർ കഴിയുന്ന പ്രവാസഭൂമിയിൽ നിന്നു തന്നെ തങ്ങളുടെ നാട്ടിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ സംബന്ധിക്കാന്‍ സാധിക്കാറുണ്ട്. അവര്‍ക്ക് അതിനുള്ള സൗകര്യങ്ങൾ അതത് രാജ്യങ്ങളിലെ എംബസികളും മറ്റും ഏർപ്പെടുത്തി നല്‍കാറുണ്ട്. എന്നാല്‍, നമ്മുടെ രാജ്യക്കാര്‍ക്ക് പ്രവാസി വോട്ട് കാലാകാലങ്ങളായി നല്കുന്ന വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. ടെക്നോളജി വികസിച്ച ഇക്കാലത്ത് പ്രവാസികള്‍ക്കുള്ള വോട്ടവകാശം ഒരുക്കി നല്കാന് അധികം അധ്വാനമൊന്നും ആവശ്യമില്ലത്ത വിധം സൗകര്യങ്ങൾ വര്‍ധിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇലക്ഷന് നടക്കുമ്പോള്‍ നമ്മുടെ നാട്ടിലുള്ള ഫ്രഞ്ച് പൗരന്മാർക്ക് വോട്ടവകാശമുള്ളതും അവർ കേരളത്തില്‍ നിന്ന് ഫ്രഞ്ച് ഇലക്ഷൻ പ്രക്രിയകളിൽ തങ്ങളുടെ സമ്മതിതാനാവകാശം വിനിയോഗിക്കാറുള്ളതും വാര്‍ത്തയാകാറുണ്ട്.
ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, വിവിധ യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നുള്ളവരൊക്കെ പ്രവാസ ലോകത്ത് വെച്ച് തന്നെ വോട്ടവകാശം വിനിയോഗിക്കാറുണ്ട്. ജനുവരിയിൽ നടക്കുന്ന ബംഗ്ലാദേശ് ഇലക്ഷനില്‍ ബംഗ്ലാദേശ് പൗരന്മാർക്ക് വോട്ടവകാശത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അതിനായി മൊബൈൽ ആപ് വരെ തയാറാക്കിയതായി ബംഗ്ലാദേശുകാർ പറയുന്നു.
ഇന്ത്യാ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ, വന്‍തോതില്‍ വിദേശ നാണയം നേടിക്കൊടുത്ത് രാജ്യത്തെ സേവിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം നല്‍കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നത് ഓരോ പ്രവാസിയുടെയും സ്വപ്നമാണ്.


